റിയാദ് – അൽനസറിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തം ടീമിലെത്തിക്കാൻ സൗദി ലീഗിലെ തന്നെ അൽ ഹിലാൽ ശ്രമം നടത്തുന്നതായി റിപ്പോർട്ട്. 2023-ൽ അൽനസറിൽ ചേർന്ന പോർച്ചുഗീസ് താരം ക്ലബ്ബ് മാറുന്നതിനെപ്പറ്റി ആലോചിക്കുന്നതായി ‘അശർഖ് അൽ അവ്‌സത്ത്’ റിപ്പോർട്ട് ചെയ്തു.
നിലവിൽ സൗദി ലീഗിൽ രണ്ടാം സ്ഥാനത്തുള്ള അൽ ഹിലാലിന്റെ മാനേജ്‌മെന്റ് ക്രിസ്റ്റ്യാനോയ്ക്കു മുന്നിൽ ഓഫർ വെച്ചതായി റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയിൽ ഈ വർഷം നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പിന് യോഗ്യത നേടിയ അൽ ഹിലാലിലേക്ക് കൂടുമാറാൻ 40-കാരനായ താരത്തിന് താൽപര്യമുണ്ടെന്ന് സൂചനയുണ്ട്.
സീസണിൽ ഒരു ട്രോഫിയും നേടാൻ കഴിയാതിരിക്കുകയും അടുത്ത സീസണിലെ ഏഷ്യൻ ചാമ്പ്യൻസ് ലീഗിന് യോഗ്യത ലഭിക്കാതിരിക്കുകയും ചെയ്തതോടെ ക്രിസ്റ്റ്യാനോ അൽനസർ വിടാൻ മാനസികമായി തയാറെടുത്തു എന്നാണ് സൂചന. ഈയിടെ അൽ ഇത്തിഹാദിനെതിരെ നടന്ന മത്സരത്തിൽ തോറ്റ ശേഷമുള്ള താരത്തിന്റെ ശരീരഭാഷയിൽ ഇത് പ്രകടമാണെന്ന് സ്പാനിഷ് മാധ്യമമായ മാഴ്‌സ പറയുന്നു. ഒരു ബ്രസീലിയൻ ക്ലബ്ബിൽ നിന്ന് താരത്തിന് ഓഫർ വന്നിട്ടുണ്ടെന്നും മാഴ്‌സ റിപ്പോർട്ട് ചെയ്യുന്നു.
2023 ജനുവരിയിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട് അൽ നസറിൽ ചേർന്ന ക്രിസ്റ്റ്യാനോ 103 മത്സരങ്ങളിൽ നിന്ന് 91 ഗോൾ നേടുകയും 19 ഗോളിന് അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, മറ്റു ക്ലബ്ബുകൾ മികച്ച താരങ്ങളുമായി കിരീടപോരാട്ടം ശക്തമാക്കിയപ്പോൾ അൽ നസറിന് പ്രതീക്ഷിച്ച മികവിലേക്ക് ഉയരാൻ കഴിഞ്ഞില്ല.