ഫ്‌ളോറിഡ: കോപ്പാ അമേരിക്കാ ഫുട്‌ബോള്‍ മാമാങ്കത്തിന് നാളെ കൊട്ടിക്കലാശം. നാളെ പുലര്‍ച്ചെ 5.30ന് നടക്കുന്ന ഫൈനലില്‍ നിലവിലെ ജേതാക്കളായ അര്‍ജന്റീന മുന്‍ ശക്തികളായ കൊളംബിയയെ നേരിടും. 23വര്‍ഷത്തിന് ശേഷം കോപ്പയില്‍ ഫൈനല്‍ കളിക്കുന്ന കൊളംബിയക്ക് കിരീടം മാത്രമാണ് ലക്ഷ്യം. അന്താരാഷ്ട്ര ഫുട്‌ബോളില്‍ അവസാന മല്‍സരം കളിക്കുന്ന അര്‍ജന്റീനന്‍ വെറ്ററന്‍ താരം ഏയ്ഞ്ചല്‍ ഡി മരിയ നാളെത്തെ മല്‍സരത്തോടെ വിരമിക്കും. താരത്തിന് കിരീടത്തോടെ യാത്ര അയക്കാനാണ് വാമോസിന്റെ ലക്ഷ്യം.
27 മല്‍സരങ്ങളില്‍ പരാജയമറിയാതെയാണ് ഹാമിഷ് റൊഡ്രിഗസിന്റെ കൊളംബിയ എത്തുന്നത്. റൊഡ്രിഗസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് സാക്ഷ്യം വഹിച്ച ഈ കോപ്പയില്‍ കൊളംബിയയെ കിരീടധാരികളാക്കുക എന്നതില്‍ കുറഞ്ഞൊന്നും കോച്ച് നെസ്റ്റല്‍ ലോറന്‍സോയ്ക്കില്ല. ഈ കോപ്പാ ടൂര്‍ണ്ണമെന്റില്‍ ഇതുവരെ കരുത്തരായ ഒരു എതിരാളിയെ അര്‍ജന്റീനയ്ക്ക് ലഭിച്ചിരുന്നില്ല.ടൂര്‍ണ്ണമെന്റിലെ ഏറ്റവും ശക്തരായ ടീമായ കൊളംബിയക്ക് മുന്നില്‍ അര്‍ജന്റീന നന്നേ പാടുപെടും.
സെമിയില്‍ കരുത്തരായ യുറുഗ്വേയെ മുട്ടുകുത്തിച്ചാണ് അവര്‍ ഫൈനലിലെത്തിയത്. അര്‍ജന്റീനയും കൊളംബിയയും ഇതുവരെ 43 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ 26 തവണയും ജയിച്ചത് അര്‍ജന്റീനയാണ്. ഒമ്പത് വിജയങ്ങള്‍ കൊളംബിയക്കും. എട്ട് മത്സരങ്ങള്‍ സമനിലയായി. 2021ലെ കോപ്പ സെമിയില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ നിശ്ചിത സമയത്ത് 1-1 സമനിലയായി. പെനല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ വീഴ്ത്തി അര്‍ജന്റീന ഫൈനലിലെത്തി. 2019ലാണ് അവസാനം കൊളംബിയ അര്‍ജന്റീനയെ വീഴ്ത്തിയത്. കോപ അമേരിക്കയുടെ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു എതിരില്ലാത്ത രണ്ട് ഗോളിന് അര്‍ജന്റീനയെ കൊളംബിയ ഞെട്ടിച്ചത്.
ഫൈനല്‍ മത്സരം നിയന്ത്രിക്കുന്നത് ബ്രസീലില്‍നിന്നുള്ള റഫറിമാര്‍. മത്സരത്തിന്റെ മുഖ്യ റഫറിയും ലൈന്‍ റഫറിമാരും ബ്രസീലുകാരാണ്. വാര്‍ പരിശോധനയുടെ ചുമതലയുള്ള റഫറിയും ബ്രസീലുകാരനാണ്. ബ്രസീലില്‍നിന്നുള്ള ആളുകളെ ഫൈനല്‍ മത്സരം നിയന്ത്രിക്കാന്‍ ഇറക്കുന്നതില്‍ സംഘാടകര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് അര്‍ജന്റീന ആരാധകരില്‍നിന്നും ഉയരുന്നത്. ബ്രസീലുകാരനായ റഫേല്‍ ക്ലോസാണ് ഫൈനലിലെ പ്രധാന റഫറി. 2020 ലെ കോപ്പ ഫൈനലില്‍ അര്‍ജന്റീന-പാരഗ്വായ് മത്സരം നിയന്ത്രിച്ചത് ക്ലോസായിരുന്നു. അന്ന് ക്ലോസിന്റെ തീരുമാനങ്ങള്‍ക്കെതിരെ ലയണല്‍ മെസ്സി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.
ഇന്ത്യയില്‍ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണമില്ല. എന്നാല്‍ വിപിഎന്‍ വഴി നിരവധി വെബ്‌സൈറ്റുകള്‍ ലൈവ് സ്ട്രീമിങ് നടത്തുന്നുണ്ട്. വിജയിക്കാന്‍ കഴിഞ്ഞാല്‍ കോപ്പ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമായി അര്‍ജന്റീനയ്ക്ക് മാറാം. നിലവില്‍ 15 കിരീടങ്ങളുമായി ഉറുഗ്വേയ്ക്കൊപ്പം സമനില പാലിക്കുകയാണ് അര്‍ജന്റീന. പരിക്കിനോട് പൊരുതുന്ന നായകന്‍ മെസിക്ക് ടൂര്‍ണമെന്റില്‍ കാര്യമായ ഗോളടിയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ 37-കാരന്‍ മികവിലേക്ക് ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.