ന്യൂയോർക്ക്- കോപ്പാ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ റെക്കോഡ് ഉറുഗ്വെയ്ക്കാണ്. ഉറുഗ്വെയ്‌ക്കൊപ്പം അര്‍ജന്റീനയും ഈ റെക്കോഡില്‍ ഒപ്പമുണ്ട്. ലാറ്റിന്‍ അമേരിക്കയിലെ ഒരു കാലത്തെ വന്‍ ഫുട്‌ബോള്‍ ശക്തികളായിരുന്നു ഉറുഗ്വെ.ഔദ്ദ്യോഗിക ലോകകപ്പ് വരുന്നതിന് മുമ്പ് നാല് തവണ ലോകകപ്പും ഈ ടീം നേടിയിട്ടുണ്ട്.
ഇപ്പോള്‍ ഉറുഗ്വെ ഫുട്‌ബോളിന്റെ ചരിത്രം തേടി പോവുന്നതിന് പിന്നില്‍ വേറൊന്നുമല്ല. ഉറുഗ്വെയുടെ ഈ കോപ്പാ അമേരിക്കന്‍ ടൂര്‍ണ്ണമെന്റിലെ പ്രകടനമാണ്. മാഴ്‌സലോ ബിയേല്‍സ എന്ന വിഖ്യാത കോച്ചിന്റെ കീഴില്‍ ഉറുഗ്വെ കുതിക്കുകയാണ്. കോപ്പയ്ക്ക് മുന്ന ഉറുഗ്വെ ചിത്രത്തിലുണ്ട്. ലോകകപ്പ് യോഗ്യത മല്‍സരങ്ങളിലെ ഉറുഗ്വെയുടെ പ്രകടനങ്ങള്‍ ഫുട്‌ബോള്‍ പ്രേമികള്‍ കണ്ടത്. താരസമ്പന്നമായ ബ്രസീലിനെ പരാജയപ്പെടുത്തിയാണ് ഉറുഗ്വെ ലാറ്റിന്‍ അമേരിക്കയിലെ പ്രബല ശക്തികളായി ഞങ്ങളും മുന്നിലുണ്ടെന്ന് അറിയിച്ചത്.
ഇന്ന് പുലര്‍ച്ചെ നടന്ന മല്‍സരത്തില്‍ ബൊളീവിയക്കെതിര എണ്ണം പറഞ്ഞ അഞ്ച് ഗോളുകളാണ് ഉറുഗ്വെ തുടത്തുവിട്ടത്. ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനവുമായാണ് ഉറുഗ്വെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ആദ്യ മല്‍സരത്തില്‍ പനാമയ്‌ക്കെതിരേയും ഉറുഗ്വെ മികച്ച ജയം സ്വന്തമാക്കിയിരുന്നു. ലൂയിസ് സുവരാസ്, എഡിസണ്‍ കവാനി എന്നിവരില്‍ ചുറ്റിപ്പറ്റിയ ഉറുഗ്വെ ടീം അല്ല ഇന്നത്തെ ടീം. ടീമിലെ എല്ലാ താരങ്ങളും ഒരു പോലെ തിളങ്ങുന്നവരാണ്. യൂറോപ്പ്യന്‍ ഫുട്‌ബോളില്‍ കളിക്കുന്ന പരിചയസമ്പന്നരായ താരങ്ങളാണ് ഉറുഗ്വെയുടെ കരുത്ത്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ യുവതാരം ഫക്കുണ്ടോ പെല്ലിസ്ട്രി(8), ലിവര്‍പൂളിന്റെ ഡാര്‍വിന്‍ ന്യൂനസ് (21), മാക്‌സി അരൗജോ(77), റയല്‍ മാഡ്രിഡിന്റെ സീനയര്‍ താരം ഫെഡറിക്കോ വാര്‍വര്‍ഡേ(81), ടോട്ടന്‍ഹാം മിഡ് ഫീല്‍ഡര്‍ റൊഡ്രിഗോ ബെന്റക്യുര്‍ (88)എന്നിവരാണ് ഉറുഗ്വെയ്ക്കായി സ്‌കോര്‍ ചെയ്തത്. ഇത്തവണ അനായാസം കിരീടം നേടി പോവാമെന്ന് കരുതുന്ന ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.
മാഴ്‌സലോ ബിയേല്‍സ എന്ന അഗ്രഗണ്യനായ പരിശീലകന്റെ ഈ കുട്ടികളുടെ വഴി തടയുക എളുപ്പമല്ല. ഖത്തര്‍ ലോകകപ്പ് നേട്ടത്തിന് ശേഷം അപരാജിത കുതിപ്പ് നടത്തിയ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി ഞെട്ടിച്ചതും ബിയേല്‍സയുടെ ശിഷ്യന്‍മാരാണ്. 2023ല്‍ നടന്ന ലോകകപ്പ് യോഗ്യത മല്‍സരത്തിലാണ് അര്‍ജന്റീന വീണത്. അര്‍ജന്റീനന്‍ താരമായ ബിയേല്‍സ അര്‍ജന്റീനന്‍ ക്ലബ്ബുകളിലാണ് പരിശീലകനായി തുടങ്ങിയത്.
1998-2004 വരെ അര്‍ജന്റീന ടീമിനെ ബിയേല്‍സ പരിശീലിപ്പിച്ചിരുന്നു. എസ്പാനിയോള്‍, അത്‌ലറ്റിക്കോ ബില്‍ബാവോ, മാഴ്‌സെലേ, ലാസിയോ, ലില്ലേ, ലീഡ്‌സ് യുനൈറ്റഡ് എന്നീ ടീമുകളെ പരിശീലിപ്പിച്ച പ്രശ്‌സത നേട്ടങ്ങള്‍ കൊയ്ത പരിശീലകനാണ് ബിയേല്‍സ. ബിയേല്‍സയും ശിഷ്യന്‍മാരും ഇത്തവണ ഒരുങ്ങി തന്നെയാണ് ഇറങ്ങിയിരിക്കുന്നത്.ഉറുഗ്വെയുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍. ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ ശക്തികള്‍ക്ക് ഈ കോപ്പ എളുമാവില്ലെന്നുറപ്പ്.