ലണ്ടൻ – നിലവിലെ ഇംഗ്ലീഷ് ലീഗ് ചാമ്പ്യന്മാരായ ലിവർപൂളും എഫ്.എ കപ്പ് ജേതാക്കളായ ക്രിസ്റ്റൽ പാലസും തമ്മിലുള്ള കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടം ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 7:30നാണ് (സൗദി സമയം വൈകിട്ട് 5 മണിക്ക്) ഈ കലാശമത്സരത്തിന് വെംബ്ലി സ്റ്റേഡിയത്തിൽ തുടക്കമിടുക.
ആർനെ സ്ലോട്ടിന്റെ കീഴിൽ ഇറങ്ങുന്ന ലിവർപൂൾ ശക്തമായ സാധ്യതകൾ പുലർത്തുന്നുണ്ടെങ്കിലും, ക്രിസ്റ്റൽ പാലസിനെ ഒരിക്കലും എഴുതി തള്ളാനാകില്ല. എഫ്.എ കപ്പ് ഫൈനലിൽ വമ്പൻ ശക്തികളായ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച്, ചരിത്രത്തിലെ ആദ്യത്തെ പ്രധാന കിരീടം സ്വന്തമാക്കിയ ടീമാണ് പാലസ്.
ഓസ്ട്രിയൻ മാനേജർ ഒലിവർ ഗ്ലാസ്നറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ സീസണിൽ പാലസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എബെറെച്ചി എസെ,ജീൻ-ഫിലിപ്പ് മറ്റെറ്റ, മാർക്ക് ഗുഹി എന്നിവരുടെ സാന്നിധ്യം ടീമിന് അധിക കരുത്തേകുന്നു. അവസാനം ഇവർ തമ്മിൽ ഏറ്റുമുട്ടിയപ്പോഴുള്ള സമനിലയും പാലസിന് ആത്മവിശ്വാസം നൽകുന്നുണ്ട്.
എഫ്.എ കപ്പ് നേടിയതിനുശേഷം പാലസിന് ലഭിച്ച യൂറോപ്പ ലീഗ് യോഗ്യത യുവേഫ കോൺഫറൻസ് ലീഗ് യോഗ്യത റൗണ്ടിലേക്ക് തരം താഴ്ത്തിയിരുന്നു. ലിയോൺ ക്ലബ്ബിന്റെ ഉടമസ്ഥതയും പാലസിന്റെ ഉടമസ്ഥതയും ഒരാളുടേതായതിനാൽ, മൾട്ടി-ക്ലബ് ഉടമസ്ഥതാ നിയമം ഇവർക്ക് തിരിച്ചടിയായി.
മറ്റൊരു വശത്ത്, ലിവർപൂൾ അലക്സാണ്ടർ അർണോൾഡ്, ലൂയിസ് ഡിയാസ്, ഡാർവിൻ നുനെസ് എന്നിവർ ക്ലബ് വിട്ടതിന് ശേഷമുള്ള ആദ്യത്തെ പ്രധാന മത്സരത്തിനാണ് ഇന്നു ഇറങ്ങുന്നത്. എങ്കിലും വിർജിൽ വാൻ ഡൈക്ക് നയിക്കുന്ന പ്രതിരോധ നിര മുതൽ, മുഹമ്മദ് സലാഹ് നയിക്കുന്ന ആക്രമണ നിര വരെ വളരെ ശക്തമാണ്.
കിരീടത്തോടെ ലിവർപൂൾ കരിയറിന് എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന ഫ്ലോറിയൻ വിർട്സ്,
ജെറമി ഫ്രിംപോങ്, മിലോസ് കെർകെസ് എന്നിവരുടെ സാന്നിധ്യവും ലിവർപൂളിന്റെ കരുത്ത് വർദ്ധിപ്പിക്കും.
വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഡിയോഗോ ജോട്ടയ്ക്കായി ഒരു കിരീടം നേടുക എന്ന ലക്ഷ്യത്തോടെ തന്നെയാകും ലിവർപൂൾ ഇന്ന് കളത്തിൽ ഇറങ്ങുക.
സാധ്യത ലൈൻ അപ്പ്
ക്രിസ്റ്റൽ പാലസ്- 3-4-2-1
(ഹെൻഡേഴ്സൺ) (റിച്ചാർഡ്സ്, ലാക്രോയ്സ്, ഗുഹി) (മുനോസ്, ലെർമ, വാർട്ടൺ, മിച്ചെൽ) (സാർ, ഈസെ) (മാറ്റേറ്റ)
ലിവർപൂൾ (4-2-3-1): (അലിസൻ) (ഫ്രിംപോങ്ങ്, കൊനാട്ടേ, വാൻ ഡൈക്, കെർക്കെസ്) (ഗ്രാവൻബെർച്ച്, സോബോസ്ലായ്) (സലാഹ്, വിർട്സ്, ഗാക്‌പോ) (എകിറ്റിക്കെ)