ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായ ലിവർപൂളിനെ മുട്ടുകുത്തിച്ച് ചെൽസി. 2024-25 സീസണിലെ കിരീടം കഴിഞ്ഞയാഴ്ച സ്വന്തമാക്കിയ ചെമ്പടയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് നീലപ്പട തകർത്തത്. എൻസോ ഫെർണാണ്ടസ്, കോൾ പാമർ എന്നിവരുടെ ഗോളുകളും ലിവർപൂൾ ഡിഫന്റർ ജാരെൽ ക്വൻസയുടെ സെൽഫ് ഗോളും ചെൽസിക്ക് കരുത്തായപ്പോൾ വിർജിൽ വാൻ ഡൈക്ക് ആണ് ലിവർപൂളിന്റെ ആശ്വാസ ഗോൾ നേടിയത്. ജയത്തോടെ ചാമ്പ്യൻസ് ലീഗ് സ്‌പോട്ടിനുള്ള അവകാശവാദം ചെൽസി ശക്തമാക്കി.
ലിവർപൂൾ കിരീടമണിഞ്ഞെങ്കിലും യൂറോപ്യൻ ടൂർണമെന്റുകൾക്കുള്ള യോഗ്യതയ്ക്കു വേണ്ടി ശക്തമായ മത്സരം നടക്കുന്ന പ്രീമിയർ ലീഗിൽ ജയം മാത്രം ലക്ഷ്യമിട്ടാണ് ചെൽസി സ്വന്തം തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഇറങ്ങിയത്. ലിവർപൂളിനെതിരെ സമീപകാലത്തെ തങ്ങളുടെ റെക്കോർഡ് മോശമായിരുന്നെങ്കിലും അതെല്ലാം പഴങ്കഥയാക്കുന്ന തുടക്കമാണ് അവർക്കു ലഭിച്ചത്. മൂന്നാം മിനുട്ടിൽ നെറ്റോ പെനാൽട്ടി സ്‌പോട്ടിലേക്കു നൽകിയ പന്ത് നിയന്ത്രിച്ച് ലിവർപൂൾ ഗോളി ആലിസൺ ബെക്കറിനെ കീഴടക്കി എൻസോ ഫെർണാണ്ടസ് ആതിഥേയർക്ക് മികച്ച തുടക്കം നൽകി.
തുടക്കത്തിൽ നേടിയ ഗോളിന്റെ ആനുകൂല്യത്തിൽ പ്രതിരോധത്തിലേക്കു വലിഞ്ഞ ചെൽസി, പ്രത്യാക്രമണത്തിലൂടെ വീണ്ടും ഭീഷണി മുഴക്കിയെങ്കിലും ആദ്യപകുതിയിൽ കൂടുതൽ ഗോൾ പിറന്നില്ല. പന്ത് കൂടുതൽ സമയം കാലിൽവെച്ചെങ്കിലും ഫൈനൽ തേഡിലെ ദൗർബല്യങ്ങൾ ലിവർപൂളിനും തിരിച്ചടിയായി.
56-ാം മിനുട്ടിൽ ചെൽസി ആക്രമണം തടയാനുള്ള ശ്രമത്തിൽ ജാരെൽ ക്വൻസ സ്വന്തം വലയിൽ പന്തെത്തിച്ചതോടെ ലിവർപൂൾ രണ്ട് ഗോളിന് പിറകിലായി.
ചെൽസി ജയിക്കുമെന്ന് തോന്നിച്ച അവസാന ഘട്ടങ്ങളിൽ ലിവർപൂൾ ഒരു ഗോൾ മടക്കിയതോടെ കളി ആവേശകരമായി. അലക്‌സിസ് മക്അലിസ്റ്റർ വലതുഭാഗത്തു നിന്നെടുത്ത കോർണർ കിക്കിൽ സമർത്ഥമായി ഹെഡ്ഡറുതിർത്താൺ വാൻ ഡൈക്ക് സന്ദർശകർക്ക് പ്രതീക്ഷ പകർന്നത്. എന്നാൽ, പ്രതിരോധത്തിൽ ഉറച്ചു നിന്ന ചെൽസി കൂടുതൽ അപകടങ്ങളില്ലാതെ ഗോൾമുഖം കാത്തു. അതിനിടെ, ഇഞ്ച്വറി ടൈമിൽ മൈനസ് പാസ് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിൽ ക്വൻസ മോയ്‌സസ് കായ്‌സിഡോയെ ബോക്‌സിൽ വീഴ്ത്തിയതോടെ ചെൽസിക്ക് അനുകൂലമായ പെനാൽട്ടി ലഭിച്ചു. കിക്കെടുത്ത കോൾ പാമർ ജനുവരിക്കു ശേഷമുള്ള തന്റെ ആദ്യഗോൾ കണ്ടെത്തി ടീമിന്റെ വിജയമുറപ്പിച്ചു.