സാന്റിയാഗോ: ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ബ്രസീലിന്റെ എന്‍ഡ്രിക്ക്. ജര്‍മ്മന്‍ ക്ലബ്ബ് സ്റ്റുഗര്‍ട്ടിനെതിരേയാണ് എന്‍ഡ്രിക്ക് സ്‌കോര്‍ ചെയ്തത്. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യുവിലാണ് താരത്തിന്റെ നേട്ടം. 18 വയസ്സും 58 ദിവസവുമാണ് എന്‍ഡ്രിക്കിന്റെ പ്രായം. റയല്‍ ഇതിഹാസം റൗള്‍ 1995ല്‍ നേടിയ റെക്കോഡാണ് എന്‍ഡ്രിക്ക് തകര്‍ത്തത്.
18 വയസ്സും 113 ദിവസവും പ്രായത്തിലാണ് റൗള്‍ റയലിനായി സ്‌കോര്‍ ചെയ്തത്. ഇഞ്ചുറി ടൈമില്‍ ഡാനി കാര്‍വാജലിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു എന്‍ഡ്രിക്കിന്റെ ഗോള്‍. ഈ സീസണില്‍ ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മിറാസില്‍ നിന്നാണ് എന്‍ഡ്രിക്ക് റയലില്‍ എത്തിയത്.സ്പാനിഷ് ലീഗില്‍ അരങ്ങേറ്റത്തില്‍ സ്‌കോര്‍ ചെയ്യുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും എന്‍ഡ്രിക്ക് നേടിയിരുന്നു. സ്റ്റുഗര്‍ട്ടിനെതിരേ 3-1ന്റെ ജയമാണ് റയല്‍ ആദ്യ മല്‍സരത്തില്‍ നേടിയത്. 46ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെ, 83ാം മിനിറ്റില്‍ റൂഡിഗര്‍ എന്നിവരും ഇന്ന് റയലിനായി സ്‌കോര്‍ ചെയ്തു.