മ്യൂണിക്ക് – ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് റൗണ്ടിലെ ആവേശകരമായ പോരാട്ടങ്ങളിൽ ബയേൺ, ലിവർപൂൾ പി എസ് ജി, ഇന്റർ തുടങ്ങിയ വമ്പൻമാർക്ക് ജയം.
ചെൽസിക്കെതിരെ സ്വന്തം തട്ടകത്തിൽ ഇറങ്ങിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബയേണിന്റെ വിജയം. ആതിഥേർക്ക് വേണ്ടി സ്ട്രൈക്കർ ഹാരി കെയിൻ ഇരട്ട ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ പിറന്നത് സെൽഫിലൂടെയായിരുന്നു. ചെൽസിക്ക് വേണ്ടി ആശ്വാസ ഗോൾ സ്വന്തമാക്കിയത് കോൾ പാൽമറാണ്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പാൽമറിന് ചെൽസിയെ മുന്നിലെത്തിക്കാൻ അവസരം കിട്ടിയെങ്കിലും മുതലെടുത്തില്ല. എന്നാൽ ഇരുപതാം മിനുറ്റിൽ ഒലിസെ നൽകിയ ക്രോസ് ചെൽസി ഡിഫൻഡർ ചലോബയുടെ കാലിൽ തട്ടി വലയിൽ കയറിയതോടെ ജർമൻ വമ്പന്മാർ മുന്നിലെത്തി. 27-ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി വലയിൽ എത്തിച്ചു ടീമിന്റെ ലീഡ് കെയിൻ വർധിപ്പിച്ചു. എന്നാൽ തൊട്ടടുത്ത നിമിഷത്തിൽ ഇവരെ ഞെട്ടിച്ചുകൊണ്ട് പാൽമർ ഗോൾ നേടി ചെൽസി മത്സരത്തിലേക്ക് തിരിച്ചു വരുമെന്ന് തോന്നിപ്പിച്ചു. ഒന്നാം പകുതിയിൽ പിന്നീട് ഇരു ടീമുകൾക്കും കാര്യമായ അവസരങ്ങൾ ലഭിച്ചില്ല.
രണ്ടാം പകുതി ആരംഭിച്ച് ആക്രമണം വർധിപ്പിച്ച ബയേണിന് ആദ്യ 15 മിനുറ്റുകളിൽ തന്നെ രണ്ടിലധികം അവസരങ്ങൾ ലഭിച്ചെങ്കിലും വലയിൽ എത്തിച്ചില്ല. പിന്നീട് 63-ാം മിനുറ്റിൽ കെയിൻ വീണ്ടും ഗോൾ നേടിയതോടെ ബയേൺ വിജയം ഉറപ്പിച്ചു.
അടിയും തിരിച്ചടിയും കണ്ട മറ്റൊരു മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ ജയം. സ്പാനിഷ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ച മത്സരത്തിൽ നിലവിലെ ഇംഗ്ലീഷ് ചാമ്പ്യന്മാർക്ക് വേണ്ടി റോബർട്ട്സൺ, മുഹമ്മദ് സലാ, വിർജിൽ വാൻ ഡൈക് എന്നിവരാണ് ഗോളുകൾ നേടിയത്. സ്പാനിഷ് ടീമിനുവേണ്ടി മാർക്കോസ് ലോറെന്റെയാണ് രണ്ടു ഗോളുകളും ലിവർപൂൾ വലയിൽ എത്തിച്ചത്. ആദ്യ ആറു മിനുറ്റുകളിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയ ലിവർപൂളിനെതിരെ രണ്ട് ഗോളുകൾ തിരിച്ചടിച്ച് അത്‌ലറ്റികോ മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചെങ്കിലും അവസാന നിമിഷം വഴങ്ങിയ ഗോൾ തിരിച്ചടിയായി.
നാലാം മിനുറ്റിൽ തന്നെ സലാ എടുത്ത ഫ്രീകിക്കിന് കാലെടുത്തു വെച്ച് റോബർട്ട്സൺ ആതിഥേയരെ മുന്നിലെത്തിച്ചു. തൊട്ടടുത്ത നിമിഷം തന്നെ ഡിഫൻഡ് ചെയ്യുന്നതിൽ പിഴവ് പറ്റിയ അവസരം മുതലെടുത്ത് സലാ ലീഡ് ഇരട്ടിയാക്കി. ഒന്നാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ലോറെന്റെ അത്‌ലറ്റിക്കോയുടെ ആദ്യ ഗോൾ നേടി.
രണ്ടാം പകുതിയിൽ വീണ്ടും ഒരു ഗോളടിച്ചു സമനിലക്കായുള്ള അത്‌ലറ്റിക്കോയുടെ പ്രയത്നം ഫലം കണ്ടത് 81-ാം മിനുറ്റിലായിരുന്നു. ഒരു തകർപ്പൻ ഷോട്ടിലൂടെ ലോറെന്റെ ടീമിനെ ഒപ്പം എത്തിച്ചു. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനുറ്റിൽ കോർണറിന് തല വെച്ച് ക്യാപ്റ്റൻ വിർജിൽ ഇംഗ്ലീഷ് ക്ലബ്ബിന് വിജയം നേടിക്കൊടുത്തു.
അറ്റ്ലാന്റക്ക് എതിരെ നിലവിലെ ചാമ്പ്യന്മാരായ പി എസ് ജിയുടെ ജയം ഏകപക്ഷീയമായ നാലു ഗോളുകൾക്കായിരുന്നു. മത്സരത്തിന്റെ എല്ലാ സമയത്തും ആധിപത്യം പുലർത്തിയ പി എസ് ജിക്ക് വേണ്ടി മാർക്വിഞ്ഞോസ് ( മൂന്നാം മിനിറ്റ് ), ക്വാററ്റ്‌സ്‌ഖേലിയ (39), നുനോ മെന്റസ് (51), ഗോൺസലോ റാമോസ് ( 90+1) എന്നിവരാണ് ഗോളുകൾ നേടിയത്.
ഡച്ച് ക്ലബ്ബായ അജാക്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപിച്ചാണ് ഇന്റർ മിലാൻ തുടക്കമിട്ടത്. മാർക്കോസ് തുറാം നേടിയ ഇരട്ട ഗോളുകളാണ് (42, 47) ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്.
മറ്റു മത്സരങ്ങൾ
ഒളിംപിയാക്കോസ് – 0
പാഫോസ് – 0
സ്ലാവിയ പ്രാഗ് – 2 (എംബോദ്ജി – 23,74)
ബോഡോ/ഗ്ലിമ്റ്റ് – 2 ( ഡാനിയേൽ ബാസി – 78/ ബ്രൺസ്റ്റാഡ് -90)