സോഫിസ്റ്റേഡിയം: (ന്യൂയോർക്ക്)- 2022 ഖത്തര്‍ ലോകകപ്പില്‍ നിന്നും പുറത്തായതിന് ശേഷം ഫുട്‌ബോള്‍ വാര്‍ത്തകളില്‍ നിറം മങ്ങി നില്‍ക്കുന്ന കാനറിക്കൂട്ടം നാളെ കോപ്പയില്‍ ഇറങ്ങുന്നു. മഞ്ഞപ്പടയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ആരാധകരുടെ സ്വപ്നം. കിരീടമാണ് കാനറികളുടെ ലക്ഷ്യം. കോപ്പയില്‍ ഫുട്‌ബോള്‍ ആരാധകരുടെ സ്വന്തം ബ്രസീലിന്റെ എതിരാളികളാവട്ടെ കോസ്റ്ററിക്കയാണ്.
മല്‍സരം രാവിലെ 6.30(ഇന്ത്യൻ സമയം- സൗദി സമയം പുലർച്ചെ 4.00) നാണ്. വലിയ ഭീഷണിയില്ലെങ്കിലും എതിരാളികളെ ചെറുതായി കാണേണ്ടതില്ലെന്നാണ് പുതിയ കോച്ച് ഡോറിവല്‍ ജൂനിയര്‍ പറയുന്നത്. മുന്‍ സാവോപോളോ കോച്ചിന്റെ ബ്രസീല്‍ ടീമിനായുള്ള ആദ്യം അസൈന്‍മെന്റാണ് കോപ്പ. കഴിഞ്ഞ കോപ്പയിൽ ചിരവൈരികളായ അര്‍ജന്റീനയോട് പരാജയപ്പെട്ട് കിരീടം അടിയറ വച്ചത് മുതല്‍ മഞ്ഞപ്പടയ്ക്ക് കണ്ടകശനിയാണ്. ഖത്തര്‍ ലോകകപ്പിലും മോശം ഫോം. തുടര്‍ന്ന് നടന്ന 2026 ലോകകപ്പ് യോഗ്യത മല്‍സരത്തിലും കാനറികള്‍ക്ക് ഫോം കണ്ടെത്താനായിട്ടില്ല. യോഗ്യതാ പോരാട്ടത്തില്‍ നിലവില്‍ ലാറ്റിന്‍ അമേരിക്കയില്‍ ബ്രസീല്‍ ആറാം സ്ഥാനത്താണ്. ലോകകപ്പ് യോഗ്യതയും തുലാസിലാണ്. ഈ വര്‍ഷം നടക്കുന്ന ഒളിംപിക്‌സിനും ബ്രസീലിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. അര്‍ജന്റീനയോട് പരാജയം ഏറ്റുവാങ്ങിയാണ് ബ്രസീലിന് ഒളിംപിക് യോഗ്യത നഷ്ടമായത്.
എന്നാല്‍ അവസാനം കളിച്ച നാല് മല്‍സരങ്ങളില്‍ ജയം വരിച്ചത് മഞ്ഞപ്പടയ്ക്ക് പ്രതീക്ഷയുണ്ട്. നഷ്ടപ്പെട്ട ടീമിന്റെ പ്രതാപം വീണ്ടെടുക്കാന്‍ കോപ്പ കിരീടം തിരിച്ചുപിടിക്കണം. ഈ ലക്ഷ്യവുമായാണ് ബ്രസീല്‍ ലോസ്ആഞ്ചലസില്‍ എത്തിയിരിക്കുന്നത്. കോപ്പാ കിരീടത്തില്‍ കുറഞ്ഞതൊന്നും ടീമിന്റെ ലക്ഷ്യത്തിലില്ലെന്ന് കോച്ച് ഡോറിവല്‍ പറയുന്നു.
ടീമിന്റെ നായകനും തുരുപ്പുശീട്ടുമായ നെയ്മര്‍ ജൂനിയറിന്റെ അഭാവം ടീമിനെ ബാധിക്കുമെന്ന് ഉറപ്പാണ്. പരിക്ക് കാരണം താരം ഏറെക്കാലമായി കളിക്കളത്തിന് പുറത്താണ്. അല്‍ ഹിലാല്‍ താരമായ നെയ്മറിന് പുറമെ സീനിയര്‍ താരങ്ങളായ എഡേഴ്‌സണ്‍, കാസിമറോ, റിച്ചാര്‍ലിസണ്‍ എന്നിവരും ടീമിന് പുറത്താണ്. മൂവരും പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ്.
നിലവിലെ മഞ്ഞപ്പടയുടെ എല്ലാ പ്രതീക്ഷയും റയല്‍ മാഡ്രിഡിന്റെ ഇപ്പോഴത്തെ ജീവനാഡിയായ വിനീഷ്യസ് ജൂനിയറിലാണ്. താരം മികച്ച ഫോമിലുമാണ്. റയലിനായി വിനീഷ്യസ് ഈ സീസണില്‍ 24 ഗോളുകളും ഒമ്പത് അസിസ്റ്റും നേടിയിട്ടുണ്ട്. റയലിന്റെ ചാംപ്യന്‍സ് ലീഗ്-സ്പാനിഷ് ലീഗ് കിരീട നേട്ടങ്ങളിലെ പ്രധാന കണ്ണിയാണ് വിനീഷ്യസ്. ബ്രസീലിന്റെ ഈ കോപ്പയിലെ പ്രധാന ആയുധവും വിനീഷ്യസ് ആണ്. എതിര്‍ ടീമിലെ പ്രതിരോധക്കാരെ നിഷ്പ്രയാസം വെട്ടിച്ച് സ്‌കോര്‍ ചെയ്യാനുള്ള വിനീഷ്യസിന്റെ പാടവം തന്നെയാണ് താരത്തെ ഡെഡ്‌ലി പ്ലെയര്‍ എന്ന് വിളിക്കാന്‍ കാരണവും.
ജൂനിയര്‍ താരങ്ങളാണ് കോച്ച് ഡോറിവലിന്റെ പ്രതീക്ഷ. ക്യാപ്റ്റന്‍ ഡിഫന്‍ഡര്‍ ഡനിലോയാണ്. ഏറെ പരിചയ സമ്പന്നനായ മാര്‍ക്വിനോസ് ആണ് പ്രതിരോധത്തില്‍ മുന്നില്‍ നില്‍ക്കുക. മുന്നേറ്റത്തില്‍ വിനീഷ്യസിനൊപ്പം റൊഡ്രിഗോയുണ്ട്. കൗമാര താരം എന്‍ഡ്രിക്കും മഞ്ഞപ്പടയുടെ മറ്റൊരു പ്രതീക്ഷയാണ്. എന്‍ഡ്രിക്കും മുന്നേറ്റത്തില്‍ അണിനിരന്നേക്കും. യൂറോപ്പിലെ കളിച്ച അനുഭവസമ്പത്തുമായി വരുന്ന റഫീഞ്ഞ, സാവിയോ ലൂക്കാസ് പ്‌ക്വേറ്റ്, എഡേഴ്‌സണ്‍, പെരേര, അലിസണ്‍ ബെക്കര്‍ എന്ന ഗോള്‍ കീപ്പറും ടീമില്‍ അണിനരക്കും.
കോസ്റ്ററിക്ക ബ്രസീലിന് കാര്യമായ ഭീഷണി ഉയര്‍ത്തിയില്ല. കോസ്റ്ററിക്കയുടെ പ്രധാന പ്രതീക്ഷ ഗോള്‍ കീപ്പര്‍ കെയ്‌ലര്‍ നവാസിലാണ്. 100ലേറെ മല്‍സരങ്ങളുടെ അനുഭവ സമ്പത്തുമായാണ് നവാസ് എത്തുന്നത്. ജോല്‍ കേംബല്‍ ആണ് കോസ്റ്ററിക്കയുടെ മറ്റൊരു തുരുപ്പ് ചീട്ട്. 139 അന്താരാഷ്ട്ര മല്‍സരങ്ങളുടെ അനുഭവ സമ്പത്തും 27 ഗോളിന്റെ ഉടമയുമാണ് താരം. ആഴ്‌സണല്‍, റയല്‍ ബെറ്റിസ്, വിയ്യാറയല്‍, സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ എന്നീ ക്ലബ്ബുകളിലെ അനുഭവവും താരത്തിന് മുതല്‍ക്കൂട്ടാവും. ഇരുടീമും പരസ്പരം 11 തവണ ഏറ്റുമുട്ടിയപ്പോള്‍ 10 തവണയും ജയം ബ്രസീലിനൊപ്പമായിരുന്നു.
എന്നാല്‍ ഗ്രൂപ്പിലെ മറ്റൊരു വമ്പന്‍മാര്‍ കൊളംബിയയാണ്. പഴയ ലാറ്റിന്‍ അമേരിക്കന്‍ പോരാട്ട വീര്യവുമായാണ് കൊളംബിയ ഇക്കുറി എത്തുന്നത്. 2022ന് ശേഷം കളിച്ച 23 മല്‍സരങ്ങളില്‍ തോല്‍വി അറിയാതെയാണ് കൊളംബിയ വരുന്നത്. മൂന്നാം മല്‍സരത്തില്‍ കൊളംബിയയാണ് കാനറികളുടെ എതിരാളികള്‍.