ലോസാഞ്ചലസിലെ സോഫി സ്റ്റേഡിയത്തില്‍ ലോക ഫുട്‌ബോളിലെ കരുത്തരായ ബ്രസീലിന്റെ പോരാട്ടം കാണാനെത്തിയ ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. കളി കാണാനെത്തിയ സൂപ്പര്‍ താരം നെയ്മറും ആ നിരാശയിലായിരുന്നു. കോപ്പയിലെ ഇത്തരി കുഞ്ഞന്‍മാരായ കോസ്റ്ററിക്കയോടാണ് പുകള്‍പെറ്റ കാനറികള്‍ ഗോള്‍ രഹിത സമനില വഴങ്ങിയത്. എല്ലാ നിലയിലും മേധാവിത്തം പുലര്‍ത്തിയെങ്കിലും സ്‌കോര്‍ ചെയ്യാന്‍ ബ്രസീല്‍ മുന്നേറ്റം മറന്നു. കോസ്റ്ററിക്കന്‍ ഗോളിയുടെ മിടുക്കം അവരുടെ ശക്തമായ പ്രതിരോധവും ബ്രസീലിന് കനത്ത വെല്ലുവിളി സൃഷ്ടിച്ചു.
റയല്‍ മാഡ്രിഡിന്റെ മുന്നേറ്റത്തിലെ നിറസാന്നിധ്യമായ വിനീഷ്യസ് ജൂനിയറിനും റൊഡ്രിഗോയ്ക്കും ഇന്ന് സ്‌കോര്‍ ചെയ്യാന്‍ സാധിക്കാത്ത ബ്രസീല്‍ ക്യാംപിനെ തന്നെ ഞെട്ടിച്ചു. കോസ്റ്ററിക്കയുടെ പ്രതിരോധ കോട്ട തകര്‍ക്കാന്‍ ഇവര്‍ക്കായില്ല. നെയ്മര്‍ എന്ന അതികായകന്റെ അഭാവം മാത്രമാണ് കാണാനായത്. നെയ്മറിനെ എത്ര മാത്രം മഞ്ഞപ്പട മിസ്സ് ചെയ്യുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് ബ്രസീലിന്റെ മോശം പ്രകടനം.
73 ശതമാനവും പന്തിന്റെ നിയന്ത്രണം കാനറികള്‍ക്കായിരുന്നു. 19 ഷോട്ടുകളാണ് ബ്രസീല്‍ പായിച്ചത്. ഇതില്‍ ഷോട്ട് ഓണ്‍ ടാര്‍ഗ്റ്റ് വെറും മൂന്നെണ്ണം മാത്രമേ ഉള്ളൂ. ഇതില്‍ നിന്നും ബ്രസീല്‍ മുന്നേറ്റത്തിന്റെ പോരായ്മ കാണാം. കളി മറന്നാണ് മഞ്ഞപ്പട കളിച്ചത്. കോസ്റ്ററിക്കയെ നിസ്സാരന്‍മാരായി കണ്ട കോച്ച് ഡോറിവലിനും തെറ്റി. കോസ്റ്ററിക്ക അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ ബ്രസീലിന്റെ അവസരങ്ങളെ നന്നായി ബ്ലോക്ക് ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞു.
മുപ്പതാമത്തെ മിനിറ്റില്‍ മാര്‍ക്വിനോയിലൂടെ ലീഡ് നേടിയെന്ന കരുതിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചത് ബ്രസീലിന് നിരാശയായി. അറുപതാം മിനിറ്റിലൂം റഫീന ബോക്‌സിനുള്ളിലേക്ക് ക്രോസ് നല്‍കി അതും പാഴായി.
കോസ്റ്ററിക്കന്‍ ഗോള്‍ കീപ്പര്‍ പാട്രിക് സെക്വീരയുടെ പ്രകടനും കാനറികള്‍ക്ക് വിലങ്ങ് തടിയായി. റയല്‍ മാഡ്രിഡ് അടുത്ത സീസണില്‍ സൈന്‍ ചെയ്യാനിരിക്കുന്ന ടീനേജ് താരം എന്‍ഡ്രിക്കയെ അവസാനം നിമിഷം കളത്തിലിറക്കിയിരുന്നു. വിനീഷ്യസ് ജൂനിയറിന് പകരമായിരുന്നു എന്‍ഡ്രിക്കിന്റെ വരവ്. അവസാന നിമിഷങ്ങളില്‍ ആക്രമണം ശക്തമാക്കിയ ബ്രസീലിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ ബ്രൂണോ ഗ്യുമാറെസിന്റെ ഷോട്ട് പോസ്റ്റിന് തൊട്ടുമുകളിലൂടെ പോവുകയായിരുന്നു. കോച്ച് ഡോര്‍വല്ലിന്റെ തന്ത്രങ്ങള്‍ ഒന്നും വിലപോയില്ല. അടുത്ത മല്‍സരത്തില്‍ പരാഗ്വെയാണ് ബ്രസീലിന്റെ എതിരാളികള്‍. പരാഗ്വെയും മികച്ച ടീമാണ്. ഈ കളി പരാഗ്വെയ്‌ക്കെതിരേയും തുടര്‍ന്നാല്‍ ഉയര്‍ത്തെഴുന്നേല്‍ക്കാമെന്ന കരുതിയ ബ്രസീല്‍ അനായാസം കോപ്പയില്‍ നിന്ന് പുറത്താവുന്നത് കാണാം.
വിജയത്തോടെ കൊളംബിയ
ബ്രസീലിന്റെ ഗ്രൂപ്പായ ഡിയില്‍ ഇന്ന് നടന്ന മറ്റൊരു മല്‍സരമായിരുന്നു കൊളംബിയ-പരാഗ്വെ. പരാഗ്വെയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി ഇന്ന് കൊളംബിയ തുടങ്ങിയിരിക്കുകയാണ്. സമീപകാലത്ത് ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ ശക്തിയാണ് കൊളംബിയ. കൊളംബിയ നിലവില്‍ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ലക്ഷ്യത്തിലാണ്. കഴിഞ്ഞ 23 മല്‍സരത്തില്‍ പരാജയം അറിയാതെയാണ് കാര്‍ലോസ് വാള്‍ഡ്രാമയുടെ പുതുമുറക്കാര്‍ കുതിക്കുന്നത്. ആദ്യ പകുതിയില്‍ തന്നെ കൊളംബിയ ലീഡെടുത്തിരുന്നു. യൂറോപ്പിലെ വിവിവിധ ക്ലബ്ബുകളില്‍ കളിച്ച മെനഞ്ഞ ജെയിംസ് റൊഡ്രിഗസ് എന്ന പരിചയസമ്പന്നായ താരമാണ് ഇന്ന കൊളംബിയുടെ രണ്ട് ഗോളിനും അസിസ്റ്റ് ഒരുക്കിയത്. ഡാനിയല്‍ മുനോസ്, ജെഫേഴ്‌സന്‍ ലെമ എന്നിവരാണ് കൊളംബിയക്കായി വല ചലിപ്പിച്ചത. പരാഗ്വെയുടെ ആശ്വാസ ഗോള്‍ ജൂലിയോ എന്‍സിസോയാണ് നേടിയത്.
പരാഗ്വെ നിസ്സാരക്കാരല്ലാത്തനിലാല്‍ കൊളംബിയക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ഇതിനാല്‍ മികച്ച മല്‍സരമാണ് കാണാന്‍ കഴിഞ്ഞത്. 67 ശതമാനമാണ് കൊളംബിയയുടെ പന്തടക്കം. 33 ശതമാനം പന്ത് കൈവശം വച്ച പരാഗ്വെ കിട്ടിയ അവസരങ്ങള്‍ ഗോളാക്കാന്‍ ശ്രമിച്ചിരുന്നു.
കൊളംബിയ ഗോളിനായി 11 ഓളം ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ പരാഗ്വെ 12 ഷോട്ടുകള്‍ ഉതിര്‍ത്തു. ഇരുവരുടെയും മന്നോളം ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് ആയിരുന്നു. ബോക്‌സിനരികില്‍ കൊളംബിയ 21 നീക്കങ്ങളും പരാഗ്വെ 19 നീക്കങ്ങള്‍ നടത്തി. ഇരുടീമും ഒപ്പത്തിനൊപ്പ നിന്ന മല്‍സരത്തില്‍ കൊളംബിയയുടെ ബുദ്ധിപൂര്‍വ്വമായ നീക്കങ്ങളാണ് അവര്‍ക്ക് നല്‍കിയത്. രണ്ടാം പകുതിയുടെ 69ാം മിനിറ്റിലാണ് പരാഗ്വെയുടെ റാമോണ്‍ സോസ സ്‌കോര്‍ ചെയ്തത്.
ലിവര്‍പൂളിന്റെ കൊളംബിയന്‍ താരമായ ലൂയിസ് ഡയസ്സിന് ഇന്ന് കാര്യമായ നീക്കം നടത്താനായില്ല. സീനിയര്‍ താരമായ റൊഡ്രിഗസ് രണ്ട് ഗോളിന് അസിസ്റ്റ് ഒരുക്കി കളം നിറഞ്ഞ് കളച്ചു.ബ്രസീലിന്റെ അടുത്ത മല്‍സരം പരാഗ്വെയ്ക്കതിരേയും കൊളംബിയയുടെ അടുത്ത മല്‍സരം കോസ്റ്ററിക്കക്ക് എതിരെയുമാണ്.