ബാഴ്‌സലോണ: നിർണായകമായ എൽ ക്ലാസിക്കോ പോരിൽ ചിരവൈരികളായ റയൽ മാഡ്രിനെ മൂന്നിനെതിരെ നാലു ഗോളിന് തകർത്ത് ബാഴ്‌സലോണ 2024-25 സീസണിലെ ലാലിഗ കിരീടം ഉറപ്പിച്ചു. സ്വന്തം തട്ടകത്തിൽ രണ്ടു ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് ഐതിഹാസികമായ തിരിച്ചുവരവിലൂടെ ബാഴ്‌സ ജയം പിടിച്ചെടുത്തത്. ഈ സീസണിൽ ഇത് നാലാം തവണയാണ് എൽക്ലാസിക്കോ ബാഴ്സ ജയിക്കുന്നത്.
റയലിന്റെ മൂന്നു ഗോളും ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ നേടിയപ്പോൾ ബാഴ്‌സയ്ക്കു വേണ്ടി റഫിഞ്ഞ രണ്ടുതവണയും എറിക് ഗാർഷ്യ, ലമിൻ യമാൽ എന്നിവർ ഓരോന്നു വീതവും ഗോളുകൾ നേടി. ലീഗിൽ മൂന്ന് മത്സരം മാത്രം ശേഷിക്കെ റയലുമായുള്ള പോയിന്റ് വ്യത്യാസം ഉയർത്തിയ ബാഴ്‌സയ്ക്ക് ഒരു ജയം കൂടി നേടിയാൽ ഔദ്യോഗികമായി ജയം ആഘോഷിക്കാം. തങ്ങൾ മൂന്നും ജയിക്കുകയും ബാഴ്‌സ എല്ലാ കളിയും തോൽക്കുകയും ചെയ്താലേ റയലിന് സാധ്യതയുള്ളൂ.
ഇന്റർ മിലാനെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ എന്ന പോലെ സീസണിലെ ഏറ്റവും നിർണായകമായ മത്സരത്തിലും പിന്നിലായ ശേഷമായിരുന്നു ബാഴ്‌സയുടെ തിരിച്ചുവരവ്. ഹോം ഗ്രൗണ്ടായ ഒളിംപിക് സ്റ്റേഡിയത്തിൽ ആരവമുയർത്തിയ ബാഴ്‌സ ആരാധകരെ നാലാം മിനുട്ടിൽ തന്നെ എംബാപ്പെ നിശ്ശബ്ദനാക്കി. പൗ കുബാർസിയുടെ വീഴ്ചയിൽ എംബാപ്പെ ഗോളിന് തൊട്ടുമുന്നിലെത്തിയപ്പോൾ കാൽവെച്ചു വീഴ്ത്തിയ ഗോൾകീപ്പർ ചെസ്‌നി പെനാൽട്ടി വഴങ്ങുകയും ഫ്രഞ്ച് താരം കൃത്യതയോടെ ലക്ഷ്യം കാണുകയുമായിരുന്നു.
ആദ്യഗോളിന്റെ ആഘാതത്തിൽ നിന്ന് ആതിഥേയർ മുക്തരാവും മുമ്പ് 14-ാം മിനുട്ടിൽ എംബാപ്പെ വീണ്ടും ഞെട്ടിച്ചു. ഇത്തവണ യമാലിൽ നിന്ന് റാഞ്ചിയ പന്ത് ഫെഡറിക്കോ വെൽവെർദെ വിനിഷ്യസിന് പാസ് ചെയ്യുകയും ബ്രസീലിയൻ താരം പെനാൽട്ടി ബോക്‌സിലേക്ക് പന്ത് നീട്ടുകയുമായിരുന്നു. പ്രതിരോധക്കാർക്ക് പിടിനൽകാതെ ഓടിക്കയറിയ എംബാപ്പെ ഒരു ടച്ചെടുത്ത ശേഷം പന്ത് വലയിലേക്ക് വളച്ചിറക്കി.
18-ാം മിനുട്ടിൽ യമാലിന്റെ ഒരു ലോങ് റേഞ്ച് ശ്രമം റയൽ കീപ്പർ തിബോട്ട് കോർട്വ വിഫലമാക്കിയത് ബാഴ്‌സയ്ക്ക് നിരാശയായെങ്കിലും തൊട്ടുപിന്നാലെ തന്നെ ഗോളെത്തി. ഡാനി ഓൽമോ എടുത്ത കോർണർ കിക്ക് ഫെറാൻ ടോറസ് തന്ത്രപൂർവം തലകൊണ്ട് പെനാൽട്ടി ഏരിയയിലേക്ക് മറിച്ചപ്പോൾ പ്രതിരോധപ്പൂട്ട് പൊട്ടിച്ച എറിക് ഗാർഷ്യ കരുത്തുറ്റ ഹെഡ്ഡറിലൂടെ ലക്ഷ്യം കാണുകയായിരുന്നു.
32-ാം മിനുട്ടിൽ ലമിൻ യമാൽ ബാഴ്‌സയെ ഒപ്പമെത്തിച്ചു. പെഡ്രിയിൽ നിന്ന് പന്ത് സ്വീകരിച്ച ഫെറാൻ ടോറസ് നൽകിയ പാസിൽ നിന്ന് തന്റെ ട്രേഡ്മാർക്കായ ഇടങ്കാലൻ ഷൂട്ടിലൂടെ കൗമാരതാരം പന്ത് വലയിലേക്ക് വളച്ചിറക്കുകയായിരുന്നു.
രണ്ടു മിനുട്ടിനകം ബാഴ്‌സയെ മുന്നിലെത്തിച്ച ഗോളുമായി റഫിഞ്ഞ അവതരിച്ചു. കിക്കോഫിനു തൊട്ടുപിന്നാലെ റയൽ മൈതാനമധ്യത്തു വെച്ച് പന്ത് നഷ്ടപ്പെടുത്തിയപ്പോൾ അവസരം മുതലെടുത്ത പെഡ്രി പന്ത് പെനാൽട്ടി ബോക്‌സിലേക്ക് നീട്ടിനൽകി. ഇടങ്കാലൻ ഷോട്ടിലൂടെ ബ്രസീൽ താരം ലക്ഷ്യം കാണുകയും ചെയ്തു.
45-ാം മിനുട്ടിൽ റയലിന്റെ പെനാൽട്ടി ബോക്‌സിന്റെ തൊട്ടുപുറത്തു നിന്ന് ലൂക്കാസ് വാസ്‌ക്വെസിന്റെ കാലിൽ നിന്ന് പന്ത് റാഞ്ചിയ റഫിഞ്ഞ, ഫെറാൻ ടോറസിന് പന്ത് കൊടുത്തുവാങ്ങിയ ശേഷം ക്ലോസ് റേഞ്ചിൽ നിന്ന് ഫിനിഷ് ചെയ്യുകയായിരുന്നു. ഇടവേളയ്ക്കു പിരിയുമ്പോൾ ആതിഥേയർ 4-2 ന് മുന്നിലായിരുന്നു.
70-ാം മിനുട്ടിൽ ബാഴ്‌സയുടെ അമിത ആത്മവിശ്വാസമാണ് റയലിന്റെ മൂന്നാം ഗോളിനുള്ള വഴിതുറന്നത്. ഒരു കൂട്ടം റയൽ താരങ്ങൾക്കിടയിലൂടെ ബാഴ്‌സ പന്ത് പാസ് ചെയ്തു കളിക്കുന്നതിനിടെ ബാൾഡെയിൽ നിന്ന് പന്ത് നഷ്ടമാവുകയും ലൂക്കാ മോഡ്രിച്ച് വിനിഷ്യസിന് കൈമാറുകയും ചെയ്തു. തന്റെ വേഗത ഉപയോഗിച്ച് ബാഴ്‌സ ഡിഫൻസിനെ പിന്നിലാക്കിയ ബ്രസീൽ താരം സ്‌ക്വയർ ചെയ്തു നൽകിയ പന്ത് എംബാപ്പെ അനായാസം വലയിലെത്തിച്ചു.
74-ാം മിനുട്ടിൽ യമാൽ ഗോൾമുഖത്തേക്ക് നൽകിയ ഒരു കിടിലൻ പാസ് ഗോളാക്കുന്നതിൽ റഫിഞ്ഞ പരാജയപ്പെട്ടതും 82-ാം മിനുട്ടിൽ ഫെറാൻ ടോറസിന്റെ ഷോട്ട് ബോക്‌സിൽ വെച്ച് ചുവമെനിയുടെ കൈയിൽ തട്ടിയിട്ടും റഫറി പെനാൽട്ടി അനുവദിക്കാതിരുന്നതും ബാഴ്‌സയ്ക്കു തിരിച്ചടിയായി. 89-ാം മിനുട്ടിൽ എംബാപ്പെ തുറന്നുനൽകിയ സുവർണാവസരം യുവതാരം വിക്ടർ മുന്യോസ് ബോക്‌സിൽ വെച്ച് നഷ്ടപ്പെടുത്തിയത് റയലിന്റെ മോഹങ്ങളും തകർത്തു. 93-ാം മിനുട്ടിൽ എംബാപ്പെ വലയിൽ പന്തെത്തിച്ചതും ഓഫ്‌സൈഡിൽ കുടുങ്ങിയതിനാൽ ഗോൾ നിഷേധിക്കപ്പെട്ടു. ഇഞ്ച്വറി ടൈമിന്റെ അവസാനത്തിൽ ഫെർമിൻ ലോപസ് റയൽ പ്രതിരോധം ഭേദിച്ച് നേടിയ ഗോൾ ബാഴ്‌സയുടെ ജയം ഉറപ്പിച്ചെങ്കിലും, ബിൽഡപ്പിനിടെ പന്ത് ഫെർമിന്റെ കൈയിൽ കൊണ്ടതിനാൽ ഗോൾ നിലനിൽക്കില്ലെന്ന് വാർ വിധിച്ചു.
നാലു ദിവസത്തിനുള്ളിൽ എസ്പാന്യോളിനെ നേരിടുന്ന ബാഴ്‌സയ്ക്ക് അന്ന് ജയം നേടാനായാൽ കിരീടമുയർത്താം.