ബാർസലോണ – രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷം മൂന്നെണ്ണം തിരിച്ചടിച്ച് ബാർസലോണ സ്പാനിഷ് ലാലിഗയിലെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി. സ്വന്തം തട്ടകമായ ഒളിംപിക് സ്റ്റേഡിയത്തിൽ സെൽറ്റ വിഗോയെ 4-3ന് കീഴടക്കിയാണ് കാറ്റലൻസ് കിരീടത്തോട് ഒരുപടി കൂടി അടുത്തത്. ബോർഹ ഇഗ്ലെസിയാസിന്റെ ഹാട്രിക് മികവിൽ ഒരു ഘട്ടത്തിൽ സെൽറ്റ വിഗോ ഒന്നിനെതിരെ മൂന്നു ഗോളിന് മുന്നിലായിരുന്നെങ്കിലും റഫിഞ്ഞയുടെ ഇരട്ട ഗോൾ മികവിൽ തിരിച്ചുവന്ന ബാർസ കളി പിടിച്ചെടുക്കുകയായിരുന്നു.
32 റൗണ്ട് മത്സരങ്ങളിൽ നിന്ന് ഇതോടെ ബാർസയുടെ പോയിന്റ് സമ്പാദ്യം 73 പോയിന്റായി. ഒരു മത്സരം കുറവ് കളിച്ച റയൽ മാഡ്രിഡ് 66 പോയിന്റുമായി രണ്ടാം സ്ഥാനത്തും അത്‌ലറ്റികോ മാഡ്രിഡ് (63) മൂന്നാം സ്ഥാനത്തുമാണ്.
കഴിഞ്ഞ ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗ് രണ്ടാം പാദത്തിൽ, ഈ കലണ്ടർ വർഷത്തെ ആദ്യ പരാജയം ഏറ്റുവാങ്ങിയ ബാർസ ലീഗ് മത്സരത്തിൽ സെൽറ്റ വിഗോയ്‌ക്കെതിരെ 12-ാം മിനുട്ടിൽ തന്നെ മുന്നിലെത്തിയിരുന്നു. ഇനിഗോ മാർട്ടിനസിൽ നിന്ന് പാസ് സ്വീകരിച്ചു മുന്നേറി ഫെറാൻ ടോറസ് ആണ് വലകുലുക്കിയത് (1-0). എന്നാൽ അഞ്ച് മിനുട്ടിനുള്ളിൽ ഗോൾ മടക്കി ബോർഹ ഇഗ്ലെസിയാസ് ആതിഥേയരെ ഞെട്ടിച്ചു. വലതുഭാഗത്തു നിന്ന് ഡുറാൻ നൽകിയ ക്രോസ് എന്തുചെയ്യണമെന്ന ബാർസ പ്രതിരോധത്തിന്റെ അരനിമിഷത്തെ അമ്പരപ്പാണ് സ്പാനിഷ് താരത്തിന്റെ ഗോളിന് അവസരമായത്. തന്റെ വഴിയിൽ വന്ന പന്ത് ടാപ്പ് ഇൻ ചെയ്യേണ്ട ജോലിയേ ഇഗ്ലെസിയാസിന് ഉണ്ടായുള്ളൂ (1-1).
ഇടവേള കഴിഞ്ഞെത്തി ഏഴു മിനുട്ടിനുള്ളിൽ ഇഗ്ലെസിയാസ് വീണ്ടും ഞെട്ടിച്ചു. ബാർസയുടെ ഹൈലൈൻ ഡിഫൻസിന്റെ പ്രശ്‌നങ്ങൾ തുറന്നുകാട്ടിയ നീക്കത്തിനൊടുവിൽ യാലോ ആണ് ഗോളിന് വഴിയൊരുക്കിയത് (1-2). തൊട്ടടുത്ത മിനുട്ടിൽ ഓഫ്‌സൈഡ് ട്രാപ്പ് പൊട്ടിച്ച ഇഗ്ലെസിയാസ് ഹാട്രിക്കിന് തൊട്ടടുത്തെത്തിയെങ്കിലും ചെസ്‌നിയുടെ ഇടപെടൽ ബാർസയ്ക്ക് രക്ഷയായി. എന്നാൽ, ആശ്വസിക്കാൻ അധികം സമയം നൽകാതെ ഇഗ്ലെസിയാസ് 62-ാം മിനുട്ടിൽ വീണ്ടും വലകുലുക്കി (1-3). പ്രതിരോധത്തിലെ പിഴവായിരുന്നു കാറ്റലൻസിന് ഇത്തവണയും വില്ലൻ.
ഫെർമിൻ ലോപസിനെ പിൻവലിച്ച് ഡാനി ഓൽമോയെയും ഫെറാൻ ടോസിന് പകരം ലമീൻ യമാലിനെയും ഇറക്കിയ ഹാൻസി ഫ്‌ളിക്കിന്റെ നീക്കമാണ് കളിയിൽ വഴിത്തിരിവുണ്ടാക്കിയത്. സെൽറ്റ മൂന്നാം ഗോൾ നേടി രണ്ട് മിനുട്ടിനുള്ളിൽ തന്നെ ഓൽമോ ഒരു ഗോൾ മടക്കി. റഫിഞ്ഞ വെച്ചുനീട്ടിയ പന്ത് വലയുടെ വലതുഭാഗത്തേക്ക് നിലംപറ്റെ പറഞ്ഞയച്ചാണ് ഓൽമോ കടം വീട്ടിയത് (2-3).
ഒരു ഗോൾ ലീഡിൽ കടിച്ചുതൂങ്ങുന്നതിനെപ്പറ്റി സെൽറ്റ വിഗോ ആലോചിക്കുന്നതിനു മുന്നേ സമനില ഗോൾ വന്നു. വലതുഭാഗത്തു നിന്ന് യമാൽ നൽകിയ പിൻപോയിന്റ് ക്രോസിൽ ചാടിയുയർന്ന് തലവെച്ച റഫിഞ്ഞയാണ് ഇത്തവണ പന്ത് വലയിലെത്തിച്ചത് (3-3).
സമനിലയിലേക്കന്ന് തോന്നിച്ച ഘട്ടത്തിൽ 94-ാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് റഫിഞ്ഞ ഒരിക്കൽക്കൂടി ടീമിന്റെ രക്ഷകനായി (4-3).