കൊളോൺ ( ജർമ്മനി)- യൂറോ കപ്പ് ഫുട്ബോളിൽ സ്ലൊവേനിയയോട് 0-0 ന് ദയനീയ സമനില വഴങ്ങിയെങ്കിലും അവസാന പതിനാറിൽ ഗ്രൂപ്പ് ജേതാക്കളായി ഇടംനേടി ഇംഗ്ലണ്ട്. ഗ്രൂപ്പ് സിയിലാണ് സ്ലൊവേനിയയോട് ദയനീയ സമനില ഇംഗ്ലണ്ട് നേടിയത്. അതേസമയം, സെർബിയയോട് ഗോൾ രഹിത സമനില നേടിയ ഡെന്മാർക്ക് ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്തെത്തി.
നേരത്തെ തന്നെ അവസാന 16ൽ എത്തിയ ഗാരെത് സൗത്ത്ഗേറ്റിൻ്റെ ഇംഗ്ലണ്ട് ടീം ഒരിക്കൽക്കൂടി മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടു. പക്ഷേ അവരുടെ അഞ്ച് പോയിൻ്റ് ഡെന്മാർക്കിനും സ്ലൊവേനിയയ്ക്കും മുന്നിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പാക്കാൻ പര്യാപ്തമായിരുന്നു.
അതേസമയം, യൂറോയിൽ ഗ്രൂപ്പ് ഡി ചാംപ്യൻമാരായി ഓസ്ട്രിയ പുതുചരിത്രം രചിച്ചു. നെതര്‍ലന്‍ഡ്‌സിനെ 3-2 എന്ന സ്‌കോറില്‍ തോൽപ്പിച്ചാണ് ഓസ്ട്രിയ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. കരുത്തരായ ഫ്രാൻസിന് രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. പോളണ്ടുമായി സമനിലയിൽ പിരിഞ്ഞതാണ് ഫ്രാൻസിന് വിനയായത്. യൂറോ കപ്പിലെ ആദ്യ ഗോൾ പെനാൽറ്റിയിലൂടെ ഫ്രാൻസ് നായകൻ കിലിയൻ എംബപ്പെ സ്വന്തമാക്കുകയും ചെയ്തു.
യൂറോ കപ്പിലെ ഏറ്റവും വേഗമേറിയ സെൽഫ് ഗോൾ പിറന്ന മത്സരമായിരുന്നു ഓസ്ട്രിയ-നെതർലാന്റ് പോരാട്ടം. ആറാമത്തെ മിനിറ്റിലാണ് ഓസ്ട്രിയ സെൽഫ് ഗോളിലൂടെ മുന്നിലെത്തിയത്. നെതര്‍ലാന്‍ഡ്‌സിന്റെ ഡോണിയല്‍ മലന്‍ വഴി ലഭിച്ച സെല്‍ഫ് ഗോള്‍ ഓസ്ട്രിയക്ക് ഊര്‍ജ്ജം പകര്‍ന്നു. ഇടതു വിങ്ങിലൂടെയുള്ള ഓസ്ട്രിയന്‍ മുന്നേറ്റം തടയാന്‍ ശ്രമിച്ചത് സെല്‍ഫ് ഗോളില്‍ കലാശിക്കുകയായിരുന്നു. 59, 80 മിനിറ്റുകളിലായിരുന്നു ഓസ്ട്രിയയുടെ രണ്ടും മൂന്നും ഗോളുകൾ. 47, 75 മിനിറ്റുകളിലായിരുന്നു നെതര്‍ലാന്‍റിന്റെ ഗോളുകൾ.