അസീർ: കെ.എം.സി.സി പ്രീമിയർ സോക്കർ ‘മന്തി അൽ ബിലാദ് എഡിഷൻ’ ഫുട്ബോൾ കിരീടം ലൈഫ്
ടൈം വാച്ചസ് മെട്രോ സ്പോർട്സിന്. ഷിഫ അൽ ഖമീസ് വാർസോൺ ബ്രദേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറി കടന്നാണ് കിരീടം. മന്തി അൽ ബിലാദ് സ്പോൺസർ ചെയ്ത ചാമ്പ്യൻസ് ട്രോഫിയും 15000 റിയാൽ പ്രൈസ് മണിയും സ്വന്തമാക്കി.
വാർ സോൺ ഗോൾമുഖത്ത് അവസരം കാത്ത് നങ്കൂരമിട്ട ഹാഷിഖിനും ഫാസിലിനുമൊപ്പം
മധ്യനിരയിൽ നിന്ന് ഉമ്മറും പാച്ചുവും ഷജാസും നടത്തിയ നിരന്തര മുന്നേറ്റങ്ങൾക്കൊടുവിൽ ആദ്യ പകുതിയുടെ പതിനെട്ടാം മിനുട്ടിൽ ഫാസിലാണ് വിജയ ഗോൾ നേടിയത്.
ഹാട്രിക് കിരീടം ലക്ഷ്യമാക്കി കളത്തിലിറങ്ങിയ ഫാൽക്കൺ എഫ്.സിയെ സെമി ഫൈനൽ മത്സരത്തിൽ
നാല് ഗോളിന് തകർത്ത വാർ സോൺ ബ്രദേഴ്സ് കലാശപ്പോരാട്ടത്തിലേക്ക് രാജകീയമായ കുതിപ്പ് നടത്തിയെങ്കിലും ഫൈനൽ മത്സരത്തിൽ അവർക്ക് അതേ താളം നിലനിർത്താനായില്ല.
രണ്ടാം പകുതിയിൽ ജിബിൻ വർഗീസിൻ്റെയും സഹീറിൻ്റെയും നേതൃത്വത്തിൽ ഉണർന്ന് കളിച്ച ടീം വാർ സോൺ അപകടകരമായ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പ്രതിരോധനിരയിൽ ഷാനവാസും ബാറിന് കീഴിൽ ആദിലും തീർത്ത വൻമതിലിൽ തട്ടി അവരുടെ ആക്രമണങ്ങളത്രയും നിഷ്ഫലമായി.
റണ്ണേഴ്സിനുള്ള അൽ ജനൂബ് ഇൻ്റർ നാഷണൽ സ്കൂൾ നൽകുന്ന ട്രോഫിയും 7000 റിയാൽ പ്രൈസ് മണിയും വാർ സോൺ ബ്രദേഴ്സിന് ലഭിക്കും.
ലൂസേഴ്സ് ഫൈനൽ മത്സരത്തിൽ കാസ്ക് ക്ലബ്ബിനെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ഫാൽക്കൺ എഫ്സി സൺ പാക്ക് നൽകുന്ന സെക്കൻ്റ് റണ്ണേഴ്സ് ട്രോഫിയും 3000 റിയാലും നേടി. മികച്ച കളിക്കാരനായി ജിബിൻ വർഗീസിനെയും (വാർ സോൺ) ഗോൾകീപ്പർ ആയി ആദിലിനെയും ( മെട്രോ)
ഡിഫൻ്റർ ആയി ഷബീറിനെയും( വാർ സോൺ) തെരഞ്ഞെടുത്തു. ഫവാസ് (കാസ്ക്) ജിബിൻ വർഗീസ് (വാർ സോൺ) എന്നിവർ സെമി ഫൈനൽ മത്സരങ്ങളിൽ കളിയിലെ കേമൻമാരായി.
അൽ നൗറാസ് ഗ്രൂപ്പ് ചെയർമാൻ സാലിഹ് മൻസൂർ ശഹറാനി, മന്തി അൽ ബിലാദ് എം.ഡി റഹൂഫ് ഇരിങ്ങല്ലൂർ റഫറിമാരായ റഫീഖ് വയനാട്, വലീദ് അലക്സാൻഡ്രിയ, പ്രൊജക്ട് പ്രോപർട്ടീസ് മാനേജർ ഖയ്യൂം, മാധ്യമപ്രവർത്തകരായ റസാഖ് കിണാശ്ശേരി, മുജീബ് ചടയമംഗലം, വഹീദ് മൊറയൂർ എന്നിവരെ ആദരിച്ചു.
കിക്കോഫ് അൽ ദമക് എഫ് സി പബ്ലിക് റിലേഷൻസ് മാനേജർ സഈദ് ഹംദി ശഹറാനി, ക്ലബ്ബ് ജനറൽ സെക്രട്ടറി മുഹമ്മദ് ഫായിസ് ശഹറാനി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. മന്തി അൽ ബിലാദ് എം.ഡി റഹൂഫ് ഇരിങ്ങല്ലൂർ. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ബഷീർ മൂന്നിയൂർ, ടൂർണമെൻ്റ് കമ്മിറ്റി രക്ഷാധികാരി മുഹമ്മദ് കുട്ടി മാതാപ്പുഴ, സൺ പാക് മാനേജർ ശിഹാബ്, സംഘാടക സമിതി ജനറൽ കൺവീനർ മൊയ്തീൻ കട്ടുപ്പാറ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് വയനാട്, ചെയർമാൻ ഉസ്മാൻ കിളിയമണ്ണിൽ, സെക്രട്ടറി സലീം പന്താരങ്ങാടി, വൈസ് പ്രസിഡണ്ടുമാരായ സാദിഖ് കോഴിക്കോട്, അലി . സി. പൊന്നാനി, അനീസ് വണ്ടൂർ എന്നിവർ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു.