2024 പാരിസ് ഒളിംപിക്‌സിലെ നാടകീയ നിമിഷങ്ങള്‍ക്കാണ് ഇന്നലെ സെന്റ് എറ്റിയെനിലെ സ്റ്റേഡിയം സാക്ഷിയായത്. ഒരു പക്ഷേ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ അസ്വഭാവിക ഫലത്തിനാണ് അര്‍ജന്റീന-മൊറോക്കോ മല്‍സരം വേദിയായത്. മല്‍സരം 2-2ന് അവസാനിച്ചു എന്ന തരത്തിലാണ് ഫലങ്ങള്‍ പുറത്ത് വന്നത്.
എന്നാല്‍ ഒരു മണിക്കൂറിന് ശേഷം ഇരുടീമിലെയും താരങ്ങള്‍ വീണ്ടും കളത്തിലിറങ്ങുന്നു. അര്‍ജന്റീനയുടെ സമനില ഗോള്‍ ഓഫ് സൈഡ് എന്ന് വിളിക്കുന്നു. മൂന്ന് മിനിറ്റ് കളിക്ക് ശേഷം മൊറോക്കോയെ വിജയിയായി പ്രഖ്യാപിക്കുന്നു. കളിക്കളത്തില്‍ നടന്നതെന്തന്ന് ആരാധകര്‍ക്ക് പോലും വ്യക്തമാവാത്ത വിധി. 16 മിനിറ്റ് നീണ്ട ഇന്‍ജുറി ടൈമിലാണ് വിവാദ രംഗങ്ങള്‍ അരങ്ങേറിയത്.ഈ സമയം അര്‍ജന്റീന 2-1ന് പിന്നിലായിരുന്നു. ഒടുവില്‍ ക്രിസ്റ്റ്യാന്‍ മദീനയുടെ ഗോളില്‍ അര്‍ജന്റീന സമനില ഗോള്‍ നേടി. ഉടന്‍ തന്നെ ഓഫ് സൈഡ് വാദം ഉയര്‍ന്നിരുന്നു.
പിന്നീട് ഇരു ടീമിലെയും ആരാധകര്‍ പരസ്പരം ഗ്രൗണ്ടില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇരുടീമിലേയും താരങ്ങള്‍ റൂമിലേക്കും മടങ്ങി. മല്‍സരം സമനിലയില്‍ അവസാനിച്ചെന്ന കരുതിയ ലോക ഫുട്‌ബോള്‍ ഭ്രാന്തമാരെ ഞെട്ടിക്കുന്നതായിരുന്നു അടുത്ത വിധി. വാര്‍ പരിശോധനയില്‍ മെഡീനയുടെ ഗോള്‍ ഓഫ്‌സൈഡാണെന്ന് വിധി. പിന്നീട് ഇരുടീമും തിരിച്ചെത്തി മല്‍സരം പൂര്‍ത്തിയാക്കുകയായിരുന്നു.
തുടക്കം മുതലെ ലോകചാംപ്യന്‍മാരുടെ അണ്ടര്‍ 23 ടീമിനെ മൊറോക്കോ വെള്ളം കുടിപിച്ചിരുന്നു.
കളി അവസാനിച്ചോ ഇല്ലയോ എന്ന് ഇരുടീമുകളിലെയും താരങ്ങള്‍ക്ക് പോലും ധാരണയില്ലായിരുന്നു. ആരാധകരും സ്‌റ്റേഡിയം വിട്ട് പോയിരുന്നു. തുടര്‍ന്നാണ് വാര്‍ പരിശോധനയുടെ ഫലം വന്നതും മദീനയുടെ ഗോള്‍ അസാധു ആയി പ്രഖ്യാപിക്കുകയും ചെയ്തത്. പിന്നീട് ശേഷിക്കുന്ന മൂന്ന് മിനിറ്റ് മല്‍സരം നടക്കുകയും ചെയ്തു. അര്‍ജന്റീനയുടെ അടുത്ത മല്‍സരം ഇറാഖിനെതിരേയും തുടര്‍ന്നുള്ള മല്‍സരം ഉക്രെയ്‌നെതിരേയുമാണ്.