ന്യൂജേഴ്‌സി: തുടര്‍ച്ചയായ രണ്ടാം കോപ്പാ അമേരിക്ക കിരീടം തേടി ഖത്തര്‍ ലോകകപ്പ് വിജയികളായ അര്‍ജന്റീന ഇന്ന് സെമിയില്‍ കന്നിയങ്കത്തിനെത്തിയ കാനഡയെ നേരിടുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് മല്‍സരം. സെമിയില്‍ കാനഡയ്‌ക്കെതിരെ കാര്യമായ ആശങ്ക ഇല്ലെങ്കിലും പതിവ് ഫോം കണ്ടെത്താനാവത്തത് അര്‍ജന്റീനന്‍ ആരാധകരെ വിഷമത്തിലാക്കുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ ഗോള്‍ കണ്ടെത്താനാവാത്ത മെസി പരിക്കില്‍നിന്ന് മുക്തനായി യഥാര്‍ഥ ഫോമിലേക്ക് എത്തിയാല്‍ അര്‍ജന്റീനയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവും.
കോപ്പാ അമേരിക്ക ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളിന് അര്‍ജന്റീന പരാജയപ്പെടുത്തിയിരുന്നു. ഈ മല്‍സരത്തില്‍ ടീമിനും മെസ്സിക്കും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം നഷ്ടപ്പെടുത്തിയത് അര്‍ജന്റീനയുടെ പോരായ്മ സൂചിപ്പിക്കുന്നു. അഞ്ച് ഗോളിന് വിജയിക്കേണ്ട മല്‍സരമാണ് രണ്ട് ഗോളില്‍ ഒതുങ്ങിയത്.
ആദ്യമായാണ് കാനഡ കോപ്പാ അമേരിക്ക സെമിയില്‍ പ്രവേശിക്കുന്നത്. കോപ്പയിലെ ആദ്യ അങ്കത്തിലാണ് അവര്‍ സെമിയിലെത്തിയത്. ജെസ്സേ മാര്‍ഷല്‍ എന്ന കോച്ചിന്റെ കീഴിലാണ് കാനഡയുടെ തേരോട്ടം. ആദ്യ മല്‍സരത്തില്‍ കളിച്ച ടീമല്ല നാളെ അര്‍ജന്റീനയ്‌ക്കെതിരേ ഇറങ്ങുകയെന്ന് കോച്ച് പറയുന്നു. മെസ്സിയെന്ന സൂപ്പര്‍ താരത്തെ പൂട്ടാനുള്ള തന്ത്രങ്ങള്‍ ടീം തയ്യാറാക്കി കഴിഞ്ഞെന്നും കരുതിയിരിക്കണമെന്നും മാര്‍ഷല്‍ പറയുന്നു. വിജയം തന്നെ ആയിരിക്കും ലക്ഷ്യം. ടീം അര്‍ജന്റീനയെ അട്ടിമറിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.-മാര്‍ഷല്‍ പറയുന്നു. ഇക്വഡോറിനെതിരേ ഷൂട്ടൗട്ടില്‍ ജയിച്ചാണ് അര്‍ജന്റീനയുടെ വരവ്. വെനിസ്വേലയെ പരാജയപ്പെടുത്തിയാണ് കാനഡയുടെ വരവ്. ഇക്വഡോറിനെതിരേ സ്‌കോര്‍ ചെയ്യാന്‍ അര്‍ജന്റീന നന്നേ പാടുപ്പെട്ടിരുന്നു. കാനഡയ്‌ക്കെതിരേ ടീമില്‍ വന്‍ അഴിച്ചുപണി കോച്ച് സ്‌കലോണി നടത്തുമെന്നുറപ്പ്.
അര്‍ജന്റീനന്‍ മുന്നേറ്റത്തില്‍ നിക്കോ ഗോണ്‍സാലസ്, ലൗറ്റരോ മാര്‍ട്ടിനസ് എന്നിവര്‍ക്ക് പകരം ഏഞ്ചല്‍ ഡി മരിയയും ജൂലിയന്‍ അല്‍വാരസും മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസിന് പകരം ജിയോവനി ലോസെല്‍സോയോ ലിയാന്‍ഡ്രോ പരേഡസോ ടീമിലെത്തും.ഗോളി എമി മാര്‍ട്ടിനസിനും പ്രതിരോധ നിരയ്ക്കും ഇളക്കമുണ്ടാവില്ല. ചിലിക്കാരനായ പിയറോ മാസ ആണ് അര്‍ജന്റീന-കാനഡ സെമി പോരാട്ടം നിയന്ത്രിക്കുക.
ഇതിന് മുന്‍പ് മാസ നിയന്ത്രിച്ച രണ്ട് കളിയിലും അര്‍ജന്റീന ജയിച്ചിരുന്നു .ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെ മറുപടിയില്ലാത്ത ഒരു ഗോളിനും ഫൈനലിസിമയില്‍ ഇറ്റലിയെ എതിരില്ലാത്ത 3 ഗോളിനും അര്‍ജന്റീന തോല്‍പ്പിച്ചപ്പോള്‍ മാസ ആയിരുന്നു റഫറി.