മാഡ്രിഡ്: അര്‍ജന്റീനന്‍ മുന്നേറ്റ താരം ജൂലിയന്‍ അല്‍വാരസ് സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡുമായി അടുക്കുന്നു. മാഞ്ചസ്റ്റര്‍ സിറ്റി താരമായ അല്‍വാരസ് അത്‌ലറ്റിക്കോ മാഡ്രിഡുമായി അഞ്ച് വര്‍ഷത്തെ കരാറിലെത്തിയതായി ചില സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കരാറിനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
മുന്‍ റിവര്‍ പ്ലേറ്റ് താരമായ അല്‍വാരസ് അര്‍ജന്റീനയുടെ ലോകകപ്പ് ജയത്തിന് ശേഷമാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിയത്. സിറ്റിക്കൊപ്പം താരം രണ്ട് സീസണുകള്‍ കളിച്ചിരുന്നു. സിറ്റിയ്ക്കായി പ്രീമിയര്‍ ലീഗ്, എഫ് എ കപ്പ്, ചാംപ്യന്‍സ് ലീഗ് എന്നിവ നേടിയിട്ടുണ്ട്. 70 മില്ല്യണ്‍ യൂറോയാണ് താരത്തിനായി അത്‌ലറ്റിക്കോ മാഡ്രിഡ് നല്‍കുക.
എന്നാല്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്‌സണലും താരത്തിനായി ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്. സിറ്റിയും അല്‍വാരസിനെ വില്‍ക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. എര്‍ലിങ് ഹാലന്റിനെ നിലനിര്‍ത്തി അല്‍വാരസിനെ വില്‍ക്കാനാണ് സിറ്റിയുടെ തീരുമാനം. അവസാന സീസണില്‍ 54 മല്‍സരം കളിച്ച അല്‍വാരസ് 19 ഗോളും 13 അസിസ്റ്റും നേടിയിട്ടുണ്ട്. അര്‍ജന്റീനയ്ക്കായി താരം 36 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. ദേശീയ ടീമിനായി ഒരു ലോകകപ്പും രണ്ട് കോപ്പാ അമേരിക്ക കിരീടവും നേടിയ അല്‍വാരസിനായി ജര്‍മ്മന്‍ ക്ലബ്ബുകളും രംഗത്തുണ്ട്.