ജിദ്ദ: അൽ ഹിലാലിനും അൽ അഹ്ലിക്കും പിന്നാലെ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ പ്രവേശം രാജകീയമാക്കി അൽ നസ്‌റും. ജപ്പാനിൽ നിന്നുള്ള യോകഹോമ എഫ് മറീനോസിനെ ഒന്നിനെതിരെ നാലു ഗോളിന് തകർത്താണ് അൽ നസർ അവസാന നാലിൽ ഇടംപിടിച്ചത്. കരിയറിലെ 934-ാം ഗോളുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗോൾപട്ടികയിൽ ഇടംപിടിച്ചു.
പ്രിൻസ് അബ്ദുല്ല അൽ ഫൈസൽ സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ മത്സരത്തിന്റെ 27-ാം മിനുട്ടിൽ ജോൺ ദുറാൻ ആണ് നസറിന്റെ ആദ്യ ഗോൾ നേടിയത്. സദിയോ മാനെയുടെ ക്രോസ് ക്ലിയർ ചെയ്യുന്നതിൽ യോകഹോമ ഡിഫന്റർക്ക് പിഴച്ചപ്പോൾ പന്ത് കാലിലും പോസ്റ്റിലും തട്ടി മാർക്ക് ചെയ്യപ്പെടാതെ നിന്ന ദുറാന്റെ മുന്നിലേക്കു വന്നു. ആളില്ലാത്ത പോസ്റ്റിലേക്ക് ടാപ്പ് ഇൻ ചെയ്യേണ്ട ജോലിയേ കൊളംബിയൻ താരത്തിന് ഉണ്ടായിരുന്നുള്ളൂ.
31-ാം മിനുട്ടിൽ മികച്ച ഫിനിഷിലൂടെ മാനെ ലീഡുയർത്തി. മൈതാന മധ്യത്തുനിന്ന് കാരി ചെയ്ത് കൊണ്ടുവന്ന പന്ത് ഗോൾ ഏരിയക്കു മുന്നിൽവച്ച് ഒട്ടാവിയെ മാനെയുടെ വഴിയിലേക്കു നീട്ടി നൽകി. പന്ത് നിയന്ത്രിച്ച് നിലംപറ്റെ മാനെ തൊടുത്ത ഷോട്ട് കീപ്പർക്ക് പിടിനൽകാതെ വലയിലെത്തി.
38-ാം മിനുട്ടിൽ ബ്രൊസോവിച്ചിന്റെ ഗോൾശ്രമം യോകഹോമ കീപ്പർ പണിപ്പെട്ട് തടുത്തെങ്കിലും പന്തെത്തിയത് സ്വതന്ത്രനായി നിന്ന ക്രിസ്റ്റ്യാനോയുടെ വഴിയിൽ. അനായാസ ഫിനിഷിലൂടെ താരം വലകുലുക്കി. ഹാഫ്‌ടൈമിന് പിരിയുമ്പോൾ അൽ നസർ മൂന്ന് ഗോളിന് മുന്നിലായിരുന്നു.
രണ്ടാം പകുതിയിലും നസറിനെ തളക്കാൻ ജപ്പാൻകാർക്ക് കഴിഞ്ഞില്ല. 49-ാം മിനുട്ടിൽ റീബൗണ്ടിൽ നിന്ന് ലക്ഷ്യം കണ്ട് ജോൺ ദുറാൻ ലീഡ് നാലാക്കി ഉയർത്തി. സബ്‌സ്റ്റിറ്റിയൂട്ട് താരം കോത്ത വത്തനെബെയിലൂടെ യോകോഹാമ 53-ാം മിനുട്ടിൽ ഒരു ഗോൾ മടക്കിയെങ്കിലും കൂടുതൽ പരിക്കില്ലാതെ അൽ നസർ കളി പൂർത്തിയാക്കി.
നേരത്തെ, റിയാദ് മഹ്‌റസ്, ഗലേനോ, റോബർട്ടോ ഫിർമിനോ എന്നിവർ ആദ്യ പകുതിയിൽ നേടിയ ഗോളുകൾക്കാണ് അൽ അഹ്ലി തായ് ക്ലബ്ബായ ബുറിറാം യുനൈറ്റഡിനെ മറികടന്നത്. വെള്ളിയാഴ്ച ദക്ഷിണ കൊറിയയിൽ നിന്നുള്ള ഗ്വാങ്ജുവിനെ എതിരില്ലാത്ത ഏഴു ഗോളിന് മുക്കി അൽ ഹിലാലും വൻകരയുടെ ചാമ്പ്യൻഷ്പിപ്പ് സെമിയിൽ ഇടംനേടി. സെർജി മിലിങ്കോവിക് സാവിച്, മാർകോസ് ലിയനർഡോ, സലീം അൽദൗസരി, അലക്‌സാണ്ടർ മിത്രോവിച്ച്, മാൽക്കം, നാസർ അൽ ദൗസരി, അബ്ദുല്ല അൽ ഹമദാൻ എന്നിവരായിരുന്നു സ്‌കോറർമാർ.
ഇന്ന് നടക്കുന്ന കവാസാകി – അൽ സദ്ദ് മത്സരത്തോടെ സെമിഫൈനൽ ലൈനപ്പാവും.