ഫ്‌ളോറിഡ: വാശിയേറിയ പോരിൽ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ 4-3 ന് വീഴ്ത്തി സൗദി അറേബ്യൻ ക്ലബ്ബ് അൽ ഹിലാൽ ക്ലബ്ബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ. എക്‌സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ മാർക്കോസ് ലിയനർഡോയുടെ ഇരട്ട ഗോളുകളും കാലിദു കൂലിബാലി, മാൽക്കം എന്നിവരുടെ ഗോളുമാണ് ഹിലാലിന് ജയമൊരുക്കിയത്. സിറ്റിക്കു വേണ്ടി ബെർണാർഡോ സിൽവ, എർലിങ് ഹാളണ്ട്, ഫിൽ ഫോഡൻ എന്നിവർ ഗോളുകൾ നേടി.
ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായിരുന്ന ഇന്റർ മിലാനെ 2-0 ന് അട്ടിമറിച്ചെത്തിയ ഫ്‌ളുമിനിസ് ആണ് ക്വാർട്ടറിൽ ഹിലാലിന്റെ എതിരാളി. മൂന്നാം മിനുട്ടിൽ ജർമൻ കാനോയും 93-ാം മിനുട്ടിൽ ഹെർക്കുലീസുമാണ് ബ്രസീലിയൻ സംഘത്തിനു വേണ്ടി ഗോളുകൾ നേടിയത്.
ത്രില്ലർ പോരിൽ അൽ ഹിലാൽ
ഒമ്പതാം മിനുട്ടിൽ ക്ഷമാപൂർവമുള്ള ബിൽഡ് അപ്പിനൊടുവിൽ അൽ ഹിലാൽ ബോക്‌സിലെ അനിശ്ചിതത്വം മുതലെടുത്ത് ബെർണാർഡോ സിൽവ മാഞ്ചസ്റ്റർ സിറ്റിയെ മുന്നിലെത്തിച്ചു. തിജാനി റെയ്ൻഡേഴ്‌സ് ബോക്‌സിലേക്ക് നൽകിയ പന്തുമായി കുതിച്ചുകയറിയ റയാൻ എയ്ത് നൂരി നൽകിയ ക്രോസിൽ നിന്നുള്ള ഇൽകേ ഹുണ്ടോഹന്റെ ശ്രമം അൽ ഹിലാൽ കീപ്പർ ബോനോ തടഞ്ഞൈങ്കിലും പ്രതിരോധക്കാരുടെ കാലിൽ തട്ടിവന്ന പന്ത് ബെർണാർഡോ വലയിലേക്ക് തട്ടുകയായിരുന്നു. റെയ്ൻഡേഴ്‌സിൽ നിന്നുള്ള പാസ് സ്വീകരിക്കുന്നതിനിടെ പന്ത് എയ്ത് നൂരിയുടെ കൈയിൽ തട്ടിയിരുന്നുവെന്ന് ഹിലാൽ കളിക്കാർ വാദിച്ചെങ്കിലും റഫറി വഴങ്ങുകയോ വാർ അനുകൂലമായി ഇടപെടുകയോ ചെയ്തില്ല. ആദ്യപകുതി പിന്നിടുമ്പോൾ ഇംഗ്ലീഷ് ക്ലബ്ബിന് ലീഡുണ്ടായിരുന്നു.
എന്നാൽ, ഇടവേള കഴിഞ്ഞെത്തിയ ഉടനെ മാർക്കോസ് ലിയനാർഡോ ഹിലാലിനെ ഒപ്പമെത്തിച്ചു. മത്സരം റീസ്റ്റാർട്ട് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ മാഞ്ചസ്റ്റർ സിറ്റി ബോക്‌സിലുണ്ടായ കൂട്ടപ്പൊരിച്ചിലാണ് ഗോളിലേക്ക് നയിച്ചത്. കാൻസലോയുടെ ക്രോസ് എഡേഴ്‌സൺ കുത്തിയകറ്റിയെങ്കിലും തന്റെ വഴിയിലേക്കു വന്ന പന്ത് ആളൊഴിഞ്ഞ പോസ്റ്റിലേക്ക് ലിയനാർഡോ അനായാസം ഹെഡ്ഡ് ചെയ്തു കയറ്റി.
ആദ്യ ഗോളിലേക്കു നയിച്ച നിർണായക നീക്കം നടത്തിയ മാൽക്കത്തിന്റെ വകയായിരുന്നു ഹിലാലിന്റെ രണ്ടാം ഗോൾ. മാഞ്ചസ്റ്റർ സിറ്റിയുടെ കോർണർ കിക്കിനെ തുടർന്നുള്ള ആക്രമണത്തിൽ നിന്ന് വീണ്ടെടുത്ത പന്ത് സ്വന്തം ഹാഫിൽ നിന്ന് ജോ കാൻസലോ മുന്നോട്ടു നൽകിയപ്പോൾ, എതിർഹാഫ് ഉടനീളം ഓടിക്കയറിയ മാൽക്കം സിറ്റി കീപ്പർ എഡേഴ്‌സണെ കീഴടക്കി.
എന്നാൽ, ഹിലാലിന്റെ ലീഡിന് അൽപായുസ്സേ ഉണ്ടായുള്ളൂ. 55-ാം മിനുട്ടിൽ എർലിങ് ഹാളണ്ട് സിറ്റിയെ ഒപ്പമെത്തിച്ചു. ഇത്തവണ ബെർണാർഡോ സിൽവ എടുത്ത കോർണർ കിക്ക് ക്ലിയർ ചെയ്യുന്നതിൽ ഹിലാൽ ബോക്‌സിലുണ്ടായ ആശയക്കുഴപ്പമാണ് ഗോളിലേക്ക് നയിച്ചത്.
നോർമൽ ടൈമിന്റെ അന്തിമ നിമിഷങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി ശക്തമായ ആക്രമണം നടത്തിയെങ്കിലും ഹിലാൽ പ്രതിരോധവും യാസിൻ ബോനോയും ഉറച്ചുനിന്ന് അപകടമൊഴിവാക്കി.
93-ാം മിനുട്ടിൽ റെനാൻ ലോദി സോളോ റണ്ണിനൊടുവിൽ തൊടുത്ത ഷോട്ട് സിറ്റി ഡിഫന്റർ റൂബൻ ഡിയാസ് ബ്ലോക്ക് ചെയ്‌തെങ്കിലും അതിനു ലഭിച്ച കോർണറിൽ നിന്ന് ഹിലാൽ വീണ്ടും സ്‌കോർ ചെയ്തു. റൂബൻ നെവസ് ബോക്‌സിലേക്ക് വളച്ചുനൽകിയ പന്തിൽ കാലിദു കൂലിബാലി ചാടിയുയർന്ന് തലവെച്ചപ്പോൾ സിറ്റി ഡിഫൻസിനും എഡേഴ്‌സണും ഉത്തരമുണ്ടായില്ല.
100-ാം മിനുട്ടിൽ റോഡ്രിയെ പിൻവലിച്ച് ഫിൽ ഫോഡനെ ഇറക്കാനുള്ള പെപ് ഗ്വാർഡിയോളയുടെ തീരുമാനം മിനുട്ടുകൾക്കുള്ളിൽ ഫലം കണ്ടതോടെ സിറ്റി ഒരിക്കൽക്കൂടി ഒപ്പമെത്തി. 104-ാം മിനുട്ടിൽ റയാൻ ചെർക്കി ഉയർത്തി ഡിഫൻറർമാർക്കു മുകളിലൂടെ ഉയർത്തി നൽകിയ പന്തിൽ ഓടിക്കയറി സമർത്ഥമായി കാൽവെച്ച് ഫോഡൻ വലകുലുക്കുകയായിരുന്നു.
സ്‌കോർ 3-3 ആയപ്പോൾ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയേക്കുമെന്ന് തോന്നിച്ചെങ്കിലും ഇരുടീമുകളും ആക്രമണം തുടർന്നു. അതിനുള്ള ഫലം ഹിലാലിന് ലഭിക്കുകയും ചെയ്തു. ഇടതുഭാഗത്തു നിന്നുള്ള ക്രോസിൽ നിന്ന് മിലിങ്കോവിച്ച് സാവിച്ച് തൊടുത്ത ഹെഡ്ഡർ എഡേഴ്സൺ തട്ടിയകറ്റിയെങ്കിലും പന്ത് ലഭിച്ചത് മാർക്കസ് ലിയനാർഡോയ്ക്ക്. മാർക്ക് ചെയ്യപ്പെടാതെ നിന്ന താരം നിലത്തുവീണെങ്കിലും പന്ത് വലയിലേക്ക് തട്ടിയിട്ടു.