2022 ഖത്തർ ലോകകപ്പിൽ ആഫ്രിക്കൻ രാജ്യമായ മൊറോക്കോ സെമി ഫൈനലിലേക്ക് മുന്നേറിയപ്പോൾ ഫുട്ബോൾ ആരാധകർ അതൊരു അത്ഭുതമായും കൗതുകമായും കണ്ടിരുന്നു. എന്നാൽ ഇതാ അതൊരു അത്ഭുതമോ കൗതുകമോ അല്ല കാൽപന്തുകളിയിൽ ഞങ്ങൾ ഒരു സൂചന തന്നതാണ് എന്ന് തെളിയിക്കുകയാണ് മൊറോക്കോ.
കഴിഞ്ഞ ദിവസം നടന്ന അണ്ടർ 20 ലോകകപ്പ് കലാശ പോരാട്ടത്തിൽ വിജയം നേടി കീരിടം ചൂടിയിരിക്കുകയാണ് മൊറോക്കൻ കുട്ടികൾ. അതും അണ്ടർ 20 ലോകകപ്പ് കിരീടങ്ങൾ ഏറ്റവും കൂടുതൽ നേടിയ ഡിഗോ മറഡോണയുടെയും, ലയണൽ മെസ്സിയുടെയും എല്ലാം പിന്മുറക്കാരായ അർജന്റീനയെ തകർത്ത്. മാത്രമല്ല ഈ ടൂർണമെന്റിൽ അവർ തോൽപ്പിച്ചത് ഫ്രാൻസ്, ബ്രസീൽ, സ്പെയിൻ പോലെയുള്ള വമ്പൻമാരെ തന്നെയായിരുന്നു എന്നതും ലോക ഫുട്ബോളിന് നൽകുന്ന ഒരു സൂചനയാണ്. കലാശ പോരാട്ടത്തിൽ ഇരട്ട ഗോൾ നേടിയ യാസിർ സാബിരിയെ കൂടാതെ ഒത്മാൻ മാമ്മ, ഗെസിം യാസിൻ പോലെയുള്ള ലോകോത്തര മികച്ച താരങ്ങളെയും ഫുട്ബോൾ ലോകത്തിന് സമ്മാനിച്ചിരിക്കുകയാണ് മൊറോക്കോ ഈ ലോകകപ്പിലൂടെ.
തങ്ങളുടെ ആദ്യ ലോക കിരീടം ചൂടിയ ആഫ്രിക്കൻ സിംഹങ്ങൾ എന്ന വിളിപ്പേരുള്ള മൊറോക്കോ ഘാനക്കു ശേഷം അണ്ടർ 20 ലോക കിരീടം നേടുന്ന ആദ്യ ആഫ്രിക്കൻ ടീമുമായി മാറി. 2009ലായിരുന്നു ഘാന കിരീടം ചൂടിയത്.
അണ്ടർ 20 കിരീടം മാത്രമല്ല കഴിഞ്ഞ ഒളിമ്പിക്സിലും വെങ്കല മെഡൽ നേടി മൊറോക്കോ ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആദ്യമായിട്ടായിരുന്നു ഒളിമ്പിക്സ് ഫുട്ബോളിൽ ആഫ്രിക്കൻ സിംഹങ്ങൾ മെഡൽ നേടുന്നത്, മാത്രമല്ല ഒളിമ്പിക്സ് ചരിത്രത്തിൽ ഒന്നിലധികം താരങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങളിൽ മൊറോക്കൊ നേടുന്ന ആദ്യത്തെ മെഡലും ഇതുതന്നെയായിരുന്നു. ആ ഒളിമ്പിക്സിലും ഓട്ടമെന്റി, ജൂലിയൻ ആൽവരസ്, തിയാഗോ അൽമാഡ, ജിലിയാനോ സിമിയോണി എന്നിവരെല്ലാം അണിനിരന്ന അർജന്റീന ടീമിനെ തകർത്തിരുന്നു. സെമി ഫൈനലിൽ ശക്തരായ സ്പാനിഷ് ടീമിനോട് പൊരുതി തോറ്റാണ് കലാശ പോരാട്ടത്തിന് അവസരം ലഭിക്കാതെ അന്ന് അവർ പുറത്തായത്. ആ സ്പാനിഷ് ടീം തന്നെയായിരുന്നു അന്ന് സ്വർണ മെഡൽ സ്വന്തമാക്കിയത് എന്നും ഓർക്കേണ്ടതാണ്.
ഇനി നമ്മൾ ഇവരുടെയെല്ലാം തല തൊട്ടപ്പന്മാരായ സീനിയർ ടീമിലെ തലത്തിലേക്ക് നോക്കുമ്പോൾ ഏതൊരു ടീമും ഭയപ്പെടും. 2022 ലോകകപ്പിന് മാസങ്ങൾക്കു മുമ്പ് വാഹിദ് ഹലീൽഹോഡ്സിചിനെ പുറത്താക്കി വാലിദ് റെഗ്രഗുയിയെ പരിശീലകസ്ഥാനം നിയമിക്കുമ്പോൾ സ്വന്തം ആരാധകർ വരെ ശക്തമായ എതിർപ്പുകൾ പ്രകടമാക്കിയിരുന്നു.
എന്നാൽ നമ്മൾ കണ്ടത് അഷ്റഫ് ഹാക്കിമി, ഹാക്കിം സിയെച്ച്, സോഫിയാൻ അംരബട്ട്, യാസീൻ ബോണോ എന്നിവരുടെ സാന്നിധ്യത്തിൽ ഇറങ്ങിയ മൊറോക്കൻ ടീം സെമിഫൈനൽ വരെ മുന്നേറി ലോകത്തെ ഞെട്ടിച്ചതായിരുന്നു. സെമി ഫൈനലിൽ ഫ്രാൻസിനോട് , മൂന്നാം സ്ഥാനക്കാരുടെ പോരാട്ടത്തിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ടെങ്കിലും ആരാധക മനസ്സിൽ മൊറോക്കോ ഇടം പിടിച്ചിരുന്നു.
2023 മാർച്ചിൽ നടന്ന സൗഹൃദ മത്സരത്തിൽ കരുത്തരായ ബ്രസീലിനെ തോൽപ്പിച്ച് അവസാനിച്ചിടത്ത് നിന്ന് വീണ്ടും തുടങ്ങി. പിന്നീട് വീണ്ടും കളിക്കളത്തിൽ മായജാലം സൃഷ്ടിച്ച മൊറോക്കൻ ടീം കഴിഞ്ഞ 16 മത്സരങ്ങളും ജയിച്ചു തകർത്തത് 16 വർഷം സ്പെയിൻ കരസ്ഥമാക്കിയിരുന്ന ആ ലോക റെക്കോർഡ് ആണ് . 2008 – 2009 കാലയളവിൽ തുടർച്ചയായി 15 മത്സരങ്ങളും ജയിച്ച സ്പെയിൻ ടീമിന്റെ റെക്കോർഡിനെ പഴങ്കഥയാക്കി 16 മത്സരങ്ങൾ തുടർച്ചയായി ജയിച്ചു മൊറോക്കോ അടുത്ത ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ 18 മത്സരങ്ങൾ പരാജയപ്പെട്ടിട്ടില്ല എന്നതും അറിയേണ്ടതാണ്.
ഇതിനിടയിൽ ഈ ആഗസ്റ്റിൽ നടന്ന ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻഷിപ്പ് കിരീടവും മൊറോക്കോ സ്വന്തമാക്കിയിരുന്നു. അതത് രാജ്യത്തെ ദേശീയ ലീഗുകളിൽ കളിക്കുന്ന താരങ്ങളെ മാത്രം ഉൾപ്പെടുത്തി പങ്കെടുക്കാൻ പറ്റുന്ന ഒരു ടൂർണമെന്റ് ആണിത്. അതിനാൽ തന്നെ ഈ ടൂർണമെന്റ്കളിലെ ടീമിനെ അവരുടെ എ ടീമായി കണക്കാക്കില്ല എന്നത് മറ്റൊരു വസ്തുതയാണ്. ഈ ടൂർണമെന്റിൽ കിരീടം നേടിയാലും, പരാജയപ്പെട്ടാലോ ഫിഫ റാങ്കിംഗിൽ വ്യത്യാസമുണ്ടാകില്ല. ഈ ടൂർണമെന്റിൽ മൊറോക്കോ കെനിയയോട് പരാജയപ്പെട്ടിരുന്ന എന്നത് മറ്റൊരു യാഥാർത്ഥ്യമാണ്.
ഇനി മൊറോക്കോയുടെ ലക്ഷ്യം 2025 ഡിസംബറിൽ സ്വന്തം രാജ്യത്ത് വെച്ച് അരങ്ങേറുന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസാണ്. കീരിടം മാത്രം ലക്ഷ്യമിടുന്ന മൊറോക്കോ ലക്ഷ്യം പൂർത്തീകരിച്ച് 50 വർഷമായി തേടുന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് നേടും എന്നും തന്നെയാണ് ആരാധകരുടെയും കളിക്കാരുടെയും പ്രതീക്ഷകൾ.
2026 ലോകകപ്പിലും അവർ മുന്നേറിയാൽ ഇനി അത്ഭുതപ്പെടേണ്ടതില്ല



