റിയാദ്-സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ നസർ കരിയറിലെ ആദ്യ ട്രോഫി സ്വപ്നങ്ങളെ തകർത്ത് ജപ്പാനീസ് ക്ലബ്ബ്. എഎഫ്സി ചാമ്പ്യൻസ് ലീഗ് ടു ഫുട്ബോൾ ടൂർണമെന്റിൽ സ്വന്തം തടങ്കലായ റിയാദിലെ അൽ അവ്വൽ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ജപ്പാൻ ക്ലബ്ബായ ഗാംബ ഒസാക്കയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും പരാജയപ്പെട്ടത്. ഇതോടെ ആദ്യമായി എഎഫ്സി ചാമ്പ്യൻസ് ലീഗ് ടു കിരീടം നേടുന്ന സൗദി ക്ലബ്ബെന്ന അൽ നസറിന്റെ മോഹങ്ങൾ പൊലിഞ്ഞു. 2008-ലെ എഎഫ്സി ചാമ്പ്യൻസ് ലീഗ് വിജയത്തിന് ശേഷം ഗാംബ ഒസാക്ക നേടുന്ന ആദ്യ പ്രധാന വൻകര കിരീടമാണിത്.
മത്സരത്തിന്റെ തുടക്കം മുതൽ പന്തടക്കത്തിലും ആക്രമണത്തിലും അൽ നസർ തന്നെയാണ് മുന്നിട്ടുനിന്നത്. സാദിയോ മാനെ, അബ്ദുൽറഹ്മാൻ ഗരീബ്, ജാവോ ഫെലിക്സ് എന്നിവർ ഗാംബ ഒസാക്ക ഗോൾമുഖം നിരന്തരം ഉലച്ചെങ്കിലും ജപ്പാൻ ക്ലബ്ബിന്റെ 18 കാരനായ യുവ ഗോൾകീപ്പർ റൂയി അരകിയുടെ തകർപ്പൻ സേവുകൾ അൽ നസറിന് വിനയായി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലഭിച്ച സുവർണ്ണാവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.
കളിയുടെ ഒഴുക്കിനെതിരായി മുപ്പതാം മിനിറ്റിലാണ് മത്സരത്തിന്റെ വിധി നിർണ്ണയിച്ച ഗോൾ പിറന്നത്. ഇസ്സാം ജെബാലിയുടെ പാസിൽ നിന്നും ഡെനിസ് ഹ്യൂമെറ്റ് ഉതിർത്ത മനോഹരമായ ഷോട്ട് അൽ നസർ ഗോളി ബെന്റോയെ കാഴ്ചക്കാരനാക്കി വലയിൽ പതിക്കുകയായിരുന്നു. ആദ്യ പകുതിയിൽ വഴങ്ങിയ ഈ ഒരു ഗോളിന് മറുപടി നൽകാൻ രണ്ടാം പകുതിയിൽ അൽ നസർ സർവ്വശക്തിയുമെടുത്ത് പോരാടിയെങ്കിലും ഗാംബ ഒസാക്കയുടെ പ്രതിരോധ കോട്ട തകർക്കാൻ കഴിഞ്ഞില്ല



