ന്യൂ ഡൽഹി– ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന് മുന്നേറ്റം. ഏഴു സ്ഥാനങ്ങൾ ഉയർന്ന് ടീം ഇപ്പോൾ 63-ാം സ്ഥാനത്ത് എത്തി.
2026-ൽ ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന എഎഫ്സി(AFC) വനിതാ ഏഷ്യൻ കപ്പിലേക്കുള്ള യോഗ്യത ഉറപ്പാക്കിയതോടെയാണ് ഈ പുരോഗതി. കഴിഞ്ഞയാഴ്ച തായ്‌ലൻഡിനെതിരെ ഇന്ത്യ നേടിയ നിർണായക ജയം റാങ്കിംഗിലെ ഈ ഉയർച്ചയ്ക്ക് വഴി ഒരുക്കി.
മധ്യനിരതാരമായ സംഗീത ബഫോറിൻ്റെ ഇരട്ടഗോളുകളാണ് തായ്‌ലൻഡിനെതിരായ വിജയം നിർണ്ണയിച്ചത്. കഴിഞ്ഞ രണ്ടുവർഷത്തിനിടയിലെ ഇന്ത്യൻ വനിതാ ടീമിന്റെ ഏറ്റവും ഉയർന്ന റാങ്കിംഗ് എന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്.
യോഗ്യതാ റൗണ്ടുകളിൽ നിന്നുള്ള തുടര്‍ച്ചയായ വിജയങ്ങളും സ്ഥിരതയാർന്ന പ്രകടനവും ടീമിന് ആത്മവിശ്വാസം നല്‍കി. ഇനി ജപ്പാൻ, വിയറ്റ്നാം പോലുള്ള കരുത്തരായ ടീമുകളുള്ള ഗ്രൂപ്പിലാണ് ഇന്ത്യ മത്സരിക്കാനൊരുങ്ങുന്നത്. വരുന്ന ടൂർണമെന്റിൽ ശക്തമായ പ്രകടനം കാഴ്‌ചവെച്ച് കൂടുതല്‍ ഉയരങ്ങളിലെത്തുകയെന്നതാണ് ടീമിന്റെ ലക്ഷ്യം.