പാരിസ്: പാരിസ് ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് ഇമാനെ ഖലീഫ പുരുഷനാണെന്ന റിപ്പോര്‍ട്ട് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ട ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനെതിരേ കേസ് ഫയല്‍ ചെയ്യുമെന്നും താരം. ദിവസങ്ങള്‍ക്ക് മുമ്പാണ് അള്‍ജീരിയന്‍ ബോക്‌സിങ് താരം ഇമാനെ ഖലീഫ ബയോളിജിക്കല്‍ പുരുഷനാണെന്ന വാര്‍ത്ത ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകന്‍ പുറത്ത് വിട്ടത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് വ്യാജമാണെന്നും മാധ്യമപ്രവര്‍ത്തകനെതിരേ ഉടന്‍ നിയമനടപടി സ്വീകരിക്കുമെന്നും ഇമാനെ ഇറ്റാലിയന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വ്യാജ റിപ്പോര്‍ട്ട് കാരണം തനിക്കും കുടുംബത്തിനും പലതരത്തിലുള്ള സോഷ്യല്‍ മീഡിയാ ആക്രമണം ഉണ്ടായെന്നും ഇതും കേസില്‍ ചൂണ്ടികാട്ടി നടപടി സ്വീകരിക്കുമെന്നും താരം പറഞ്ഞു. ബോക്‌സിങ് വനിതാ വിഭാഗത്തില്‍ ആണ് ഇമാനെ മല്‍സരിച്ച് സ്വര്‍ണം നേടിയത്.
ഇമാനെ പെണ്ണല്ലെന്നും പുരുഷനാണെന്നും ആരോപിച്ച് വ്യാപക പ്രചാരണമായിരുന്നു പാരിസ് ഒളിംപിക്‌സില്‍ നടന്നത്. യൂറോപ്യന്‍ മാധ്യമങ്ങളും ഇതേറ്റുപിടിച്ചു. പ്രീക്വാര്‍ട്ടറില്‍ ഇറ്റലിയുടെ ഏഞ്ചല കാരിനിയെ 46 സെക്കന്‍ഡുകള്‍കൊണ്ട് ഇടിച്ചിട്ടതോടെയാണ് വിദ്വേഷപ്രചാരണങ്ങള്‍ക്ക് തുടക്കം. മത്സരശേഷം കാരിനി ഇമാനെ പെണ്ണല്ലെന്നും ഈ മത്സരം ന്യായമല്ലെന്നും ആരോപിച്ചു. പിന്നീടങ്ങോട്ട് വേട്ടയാടലുകളുടെ ദിനങ്ങളായിരുന്നു. സമൂഹമാധ്യമങ്ങളിലും പാരിസിലെ വേദികളിലും അപമാനിക്കപ്പെട്ടു.
‘എന്തിനാണ് അവര്‍ എന്നെ വെറുക്കുന്നതെന്ന് അറിയില്ല. ജനിച്ചതും ജീവിക്കുന്നതും മത്സരിച്ചതും പെണ്ണായിട്ടാണ്. എന്റെ അസ്തിത്വം ഇനിയും എങ്ങനെ തുറന്നുകാട്ടണം’-ഇരുപത്തഞ്ചുകാരി ചോദിക്കുന്നു. ഇടിക്കൂട്ടില്‍ ആദ്യമായല്ല ഈ അനുഭവം. കഴിഞ്ഞവര്‍ഷം രാജ്യാന്തര ബോക്സിങ് അസോസിയേഷന്‍ വിലക്കി. ലോകചാമ്പ്യന്‍ഷിപ് ഫൈനലില്‍ കടന്നശേഷമായിരുന്നു അയോഗ്യയാക്കിയത്.
ശരീരത്തില്‍ പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണ്‍ അമിത അളവിലുണ്ടെന്ന് പറഞ്ഞായിരുന്നു വിലക്ക്. എന്നാല്‍, ഇതിന് മതിയായ തെളിവുണ്ടായില്ല. തായ്വാന്റെ ലിന്‍ യു ടിങ്ങുവിനെ ഇതേ രീതിയില്‍ മാറ്റിനിര്‍ത്തി. എന്നാല്‍, പാരിസില്‍ രാജ്യാന്തര ഒളിമ്പിക് സമിതി വിലക്ക് പിന്‍വലിച്ചു. ന്യായീകരണമില്ലാത്ത മാറ്റിനിര്‍ത്തല്‍ എന്നായിരുന്നു പ്രതികരണം. ഒളിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതാ ആഫ്രിക്കന്‍-അറബ് ബോക്സറാണ് ഇമാനെ.