മാഞ്ചസ്റ്റർ – പ്രീമിയർ ലീഗ് മൂന്നാം റൗണ്ട് മത്സരത്തോടെ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഓൾഡ് ട്രാഫോഡിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ബേൺലിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ചെകുത്താന്മാർ ജയം സ്വന്തമാക്കിയത്. ഇഞ്ചുറി മിനിറ്റിൽ നേടിയ പെനാൽറ്റി ഗോളാണ് ആതിഥേയർക്ക് സീസണിലെ ആദ്യ വിജയം കൊടുത്തത്.
യുണൈറ്റഡിനു വേണ്ടി ബ്രയാൻ എംബ്യൂമോയും, ബ്രൂണോ ഫെർണാണ്ടസും വല കുലുക്കിയപ്പോൾ മറ്റൊരു ഗോൾ പിറന്നത് സെൽഫിലൂടെയായിരുന്നു. എതിരാളികൾക്ക് വേണ്ടി ലൈൽ ഫോസ്റ്ററും, ജെയ്ഡൻ ആൻ്റണിയുമാണ് ഗോളുകൾ നേടിയത്.
മത്സരം തുടങ്ങി ആരംഭത്തിൽ തന്നെ ആക്രമിച്ചു കളിച്ച് യുണൈറ്റഡിന് ആദ്യ ഫലം കിട്ടിയത് 27-ാം മിനുറ്റിൽ ആയിരുന്നു. ബ്രൂണോ എടുത്ത ഫ്രീകിക്ക് കസമിറോ ഹെഡ് ചെയ്തത് ക്രോസ് ബാറിൽ കെട്ടി തിരിച്ചെത്തിയെങ്കിലും ബേൺലി താരം ജോഷ് കലന്റെ ശരീരത്തിൽ തട്ടി പോസ്റ്റിലേക്ക് കയറി. ഉടൻ ഗോൾകീപ്പർ സേവ് ചെയ്തെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ യുണൈറ്റഡ് മുന്നിലെത്തി. പിന്നീട് ആദ്യ പകുതിയിൽ എടുത്തു പറയേണ്ട ഒരു ശ്രമവും ഇരു ടീമുകളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഇതിനിടയിൽ എംബ്യൂമോ നൽകിയ ഒരു സുവർണ്ണാവസരം അമാദ് പുറത്തേക്ക് അടിച്ചു.
രണ്ടാം പകുതി ആരംഭിച്ച് 55-ാം മിനുറ്റിൽ യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് ഫോസ്റ്റർ അതിഥികളെ ഒപ്പമെത്തിച്ചു. എന്നാൽ തൊട്ടടുത്ത നിമിഷം യുണൈറ്റഡ് ഗോൾകീപ്പർ നീട്ടിക്കൊടുത്ത പന്ത് ഡലോട്ടിളൂടെ എംബ്യൂമോയിലേക്ക് എത്തി. താരത്തിന് പന്ത് വലയിൽ എത്തിക്കാൻ മാത്രമേ വേണ്ടിരുന്നുള്ളൂ, അത് കൃത്യമായി ചെയ്തതോടെ യുണൈറ്റഡ് വീണ്ടും മുന്നിലെത്തി. എന്നാൽ ആ സന്തോഷത്തിന് ഒമ്പത് മിനുറ്റുകൾ മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. ബേൺലിക്ക് ലഭിച്ച കോർണറിലൂടെ ആൻ്റണി ചെകുത്താന്മാരുടെ വിജയ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകി. പിന്നീട് സമ്പൂർണ്ണ ആക്രമണം കാഴ്ചവച്ച യുണൈറ്റഡിന് തിരിച്ചടിയായി ഗോൾകീപ്പർ മാർട്ടിൻ ഡുബ്രാവ്ക മികച്ച സേവകളുമായി പലതവണ അവതരിച്ചു. വീണ്ടും ഒരു മത്സരം ജയമില്ലാതെ മടങ്ങേണ്ടി വരുമെന്ന് ആരാധകർക്ക് തോന്നിയെങ്കിലും അവസാനം നിമിഷം അമാദ് ഫൗൾ ചെയ്തതിനെ ലഭിച്ച പെനാൽറ്റി കൃത്യമായി വലയിൽ എത്തിച്ചു ക്യാപ്റ്റൻ ബ്രൂണോ ടീമിനെ വിജയത്തിലേക്ക് എത്തിച്ചു. ഇതോടെ മൂന്നു മത്സരങ്ങളിൽ നാലു പോയിന്റുമായി ഒമ്പതാം സ്ഥാനത്തെ ഉയർന്നു.
ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ചെൽസി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഫുൾഹാമിനെ തകർത്തു. ബ്ലൂസിനു വേണ്ടി സ്ട്രൈക്കർ ജാവോ പെഡ്രോ ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് ഒരു ഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ 56-ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ എൻസോ ഫെർണാണ്ടസായിരുന്നു. മത്സരത്തിലേക്ക് തിരിച്ചുവരാൻ ഫുൾഹാം പലതവണ ശ്രമിച്ചെങ്കിലും കാര്യമൊന്നും ഉണ്ടായില്ല.
മികച്ച ഫോമിലുള്ള ടോട്ടൻഹാമിനെ ഒരു ഗോളിന് തകർത്തു ബോൺമത്ത് ആരാധകരെ ഞെട്ടിച്ചു. മത്സരത്തിന്റെ അഞ്ചാം മിനുറ്റിൽ തന്നെ സ്ട്രൈക്കർ ഇവനിൽസൺ നേടിയ ഏക ഗോളിലാണ് നിലവിലെ യൂറോപ്പ ലീഗ് ചാമ്പ്യന്മാരെ ബോൺമത്ത് ഞെട്ടിച്ചത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാൻ ഇന്ന് ടോട്ടൻഹാമിനായില്ല.
മറ്റു മത്സരങ്ങൾ
സണ്ടർലാൻഡ് – 2 ( എൻസോ ലീ ഫീ -82 പെനാൽറ്റി / വിൽസൺ ഇസിഡോർ – 90+7)
ബ്രെന്റ്ഫോഡ് – 1 ( തിയാഗോ – 77)
വോൾവ്സ് – 2 ( ഹ്വാങ് ഹീ-ചാൻ – 21 / റോഡ്രിഗോ ഗോമസ് – 79)
എവർട്ടൺ – 3 ( ബെറ്റോ – 7 / എൻഡിയായെ – 33 / കീർനാൻ ഡ്യൂസ്ബറി-ഹാൾ -55)