റിയാദ്: സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ് സിക്കായി മിന്നും പ്രകടനമാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇരട്ട ഗോളുകള്‍ നേടി ടീമിന്റെ കിടിലന്‍ വിജയങ്ങള്‍ക്ക് പിന്നില്‍ നിര്‍ണായക പങ്ക് വഹിക്കാനും താരത്തിന് കഴിഞ്ഞു. തിങ്കളാഴ്ച അല്‍ സദ്ദിന് എതിരായ എ എഫ് സി ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലും ക്രിസ്റ്റ്യാനോയില്‍ നിന്ന് ആരാധകര്‍ സമാന പ്രകടനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ടീം ലിസ്റ്റ് പുറത്ത് വന്നപ്പോള്‍ താരത്തിന്റെ പേര് അതിലുണ്ടായിരുന്നില്ല.
പകരക്കാരുടെ നിരയില്‍ പോലും ക്രിസ്റ്റ്യാനോ ഇല്ലാതിരുന്നത് ആരാധകരെ വല്ലാതെ നിരാശരാക്കി. റൊണാള്‍ഡോയ്ക്ക് സഹതാരങ്ങളെ പിന്തുണയ്ക്കാന്‍ ഡഗ്ഗ്ഔട്ടിലെങ്കിലും എത്താമായിരുന്നുവെന്നാണ് ആരാധകരുടെ ചോദ്യം. റൊണാള്‍ഡോ എവിടെയെന്നും എന്തുകൊണ്ടാണ് താരത്തെ ഇറക്കാത്തതെന്നും ആരാധകര്‍ ചോദിക്കുന്നു. റൊണാള്‍ഡോയ്ക്ക് എന്ത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റാണുള്ളതെന്നും ആരാധകര്‍ ചോദിക്കുന്നു. എന്തെങ്കിലും ഫിറ്റ്‌നസ് പ്രശ്‌നം മൂലമാണോ ക്രിസ്റ്റ്യാനോ ഈ മത്സരത്തില്‍ കളിക്കാത്തത് എന്ന ആശങ്കയിലായിരുന്നു ആരാധകര്‍. എന്നാല്‍ താരത്തിന്റെ അഭാവത്തിന് കാരണം ഇതൊന്നുമല്ല.
അല്‍ സദ്ദിന് എതിരായ എ എഫ് സി ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ നിന്ന് ക്രിസ്റ്റ്യാനോക്ക് അല്‍ നസര്‍ വിശ്രമം അനുവദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിശീലകന്‍ സ്റ്റെഫാനോ പിയോളിയുടെ തന്ത്രപരമായ ഒരു നീക്കമാണ് ഇതിന് പിന്നില്‍. എ എഫ് സി ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച ആദ്യ അഞ്ച് മത്സരങ്ങളില്‍ നാല് ജയവും ഒരു സമനിലയും സ്വന്തമാക്കിയ അല്‍ നസര്‍ നേരത്തെ തന്നെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നു. ഇത് കൊണ്ടു തന്നെ അല്‍ സദ്ദിന് എതിരായ മത്സരം അല്‍ നസറിനെ സംബന്ധിച്ച് അത്ര പ്രധാനമല്ല.
ക്രിസ്റ്റ്യാനോയാകട്ടെ കഴിഞ്ഞ കുറച്ച് നാളുകളായി തുടര്‍ച്ചയായി കളിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് വിശ്രമം നല്‍കുന്നത് ഗുണകരമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി പരിശീലകന്‍ നിര്‍ണായക തീരുമാനം കൈക്കൊള്ളുകയായിരുന്നു. അതേ സമയം ഇത്തവണത്തെ എ എഫ് സി ചാമ്പ്യന്‍സ് ലീഗില്‍ മികച്ച ഫോമിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലീഗില്‍ ഇതുവരെ കളിച്ച നാല് മത്സരങ്ങളില്‍ നാല് ഗോളുകള്‍ നേടാന്‍ താരത്തിനായി.
ഇത്തവണ അല്‍ നസറിന്റെ പ്രധാന ലക്ഷ്യം സൗദി പ്രോ ലീഗ് കിരീടമാണ്. ലീഗില്‍ അല്‍ നസറിന്റെ അടുത്ത കളി വെള്ളിയാഴ്ച അല്‍ ഇത്തിഹാദിന് എതിരെയാണ്. തിങ്കളാഴ്ചത്തെ എ എഫ് സി ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ നിന്ന് വിശ്രമം അനുവദിക്കപ്പെട്ട റോണോക്ക് അല്‍ ഇത്തിഹാദിന് എതിരായ കളിയില്‍ ഏറ്റവും മികച്ച രീതിയില്‍ തിരിച്ചെത്താന്‍ സാധിക്കും.