ലണ്ടൻ– ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരെ സമനിലയിൽ കുരുക്കി ക്രിസ്റ്റൽ പാലസ്. ചെൽസിയുടെ സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ അരങ്ങേറിയ മത്സരം ഇരു ടീമുകളും ഗോളുകളൊന്നും നേടാതെ അവസാനിച്ചു.
പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇരു ടീമുകളും ഗോൾ നേടാൻ ശ്രമിച്ചെങ്കിലും നിരവധി അവസരങ്ങൾ പാഴാക്കി, പോയിന്റ് പങ്കിടേണ്ടി വന്നു.ചെൽസിയുടെ യുവതാരം എസ്റ്റെവാവോ രണ്ടാം പകുതിയിൽ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചെങ്കിലും ഒരു നല്ല അവസരം നഷ്ടപ്പെടുത്തി.
ക്രിസ്റ്റൽ പാലസിന്റെ എബെറെച്ചി എസെ ആദ്യ പകുതിയിൽ നേടിയ ഫ്രീകിക്ക് ഗോൾ വാർ (VAR) പരിശോധനയിൽ അസാധുവാക്കപ്പെട്ടത് പാലസിന് തിരിച്ചടിയായി.മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ചെൽസി പരിശീലകൻ തന്ത്രപരമായ മാറ്റങ്ങൾ വരുത്തി, ജോവോ പെഡ്രോയ്ക്ക് പകരം ലിയാം ഡെലാപ്പിനെ ഇറക്കി. എന്നാൽ, ഡെലാപ്പിനും ഗോൾ നേടി ചെൽസിയെ വിജയിപ്പിക്കാൻ കഴിഞ്ഞില്ല
ബ്രന്റ്ഫോർഡിനെ തകർത്തു നോട്ടിങ്ഹാം ഫോറസ്റ്റ്
പ്രീമിയർ ലീഗിൽ നടന്ന മറ്റൊരു മത്സരത്തിൽ സീസൺ ഉജ്ജ്വല വിജയത്തോടെ ആരംഭിച്ച് നോട്ടിങ്ഹാം ഫോറസ്റ്റ്. ബ്രെൻഡ്ഫോഡിനെ 3-1ന് പരാജയപ്പെടുത്തിയാണ് നോട്ടിങ്ഹാം വിലപ്പെട്ട മൂന്ന് പോയന്റുകൾ സ്വന്തമാക്കിയത്. ക്രിസ് വുഡിന്റെ ഇരട്ട ഗോളുകൾ (5, 45+2) ഫോറസ്റ്റിന്റെ വിജയത്തിന് കരുത്തേകി, ഡാൻ എൻഡോ (42) മറ്റൊരു ഗോൾ നേടി. ബ്രെൻഡ്ഫോഡിന് വേണ്ടി ഇഗോർ തിയാഗോ (78) പെനാൽറ്റിയിലൂടെ ഒരു ആശ്വാസ ഗോൾ തിരിച്ചടിച്ചു.