റിയാദ്: ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കഴിഞ്ഞ മൂന്ന് സീസണുകളിലായി സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ നസറിനൊപ്പമാണുള്ളത്. സൗദിയുമായി അഭേദ്യബന്ധം സൂക്ഷിക്കുന്ന താരവുമാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം. മുസ്ലിം ശൈലിയില്‍ സലാം പറയലും മടക്കലും റൊണാള്‍ഡോയ്ക്ക് പതിവുള്ളതുമാണ്. പരമ്പരാഗത സൗദി വസ്ത്രങ്ങള്‍ ധരിച്ച് സൗദിയിലെ ചടങ്ങുകളിലും താരം പങ്കെടുക്കാറുണ്ട്. ഫലസ്തീനടക്കം നിരവധി മുസ് ലിം രാഷ്ട്രങ്ങള്‍ക്ക് സഹായം ചെയ്യുന്ന വാര്‍ത്തയും നാം കാണാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയാണ് റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിച്ചു എന്നുള്ളത്. ലോകം മുഴുവന്‍ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെപ്പോലെ തോന്നിക്കുന്ന ഒരാള്‍ പള്ളിയിലിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതുള്‍പ്പെടെയുള്ള വിഡിയോയും റൊണാള്‍ഡോ അറബ് രീതിയിലുള്ള വസ്ത്രം ധരിച്ചുനില്‍ക്കുന്ന ഫോട്ടോയും സഹിതമാണ് ‘ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇസ്ലാം സ്വീകരിച്ചു’ എന്ന സന്ദേശം പ്രചരിക്കുന്നത്.
എന്നാല്‍ ഇത് 2021 ജൂലായ് 20ന് ബിവേര്‍ അബ്ദുല്ല എന്ന ഇറാഖ് വംശജന്‍ തന്റെ ടിക്ക്‌ടോക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ്. റൊണാള്‍ഡോയുടെ മുഖസാദൃശ്യമുള്ള ബിവേര്‍ അബ്ദുല്ല ബ്രിട്ടണിലെ ബ്രിമിങ്ഹാമിലുള്ള പള്ളിയിലിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വിഡിയോയാണിത്. ക്രിസ്റ്റ്യാനോയോട് മുഖസാദൃശ്യമുള്ള ബിവേര്‍ അബ്ദുല്ലയെക്കുറിച്ച് വിവിധ മാധ്യമങ്ങളില്‍ പലതവണ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇറാഖ് പൗരത്വമുണ്ടായിരുന്ന ബിവേര്‍ അബ്ദുല്ല 2018ലാണ് ബ്രിട്ടണിലെത്തിയത്. അവിടെ നിര്‍മാണമേഖലയില്‍ ജോലിചെയ്തുവരുന്ന അദ്ദേഹം ടിക് ടോക്കില്‍ സജീവമാണ്. മുമ്പും ഈ വീഡിയോ ഷെയര്‍ ചെയ്ത് ഈ വാര്‍ത്ത പ്രചരിച്ചിരുന്നു.