ഗുവാഹത്തി– വനിതാ ഏകദിന ലോകകപ്പിന് ഇന്ന് ഗുവാഹത്തിയിൽ തുടക്കം. ആദ്യമത്സരത്തിൽ ആതിഥേയരായ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഉച്ചക്ക് മൂന്നിന് ഗുവാഹത്തിയിലെ ബർസപര സ്‌റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുക. ഇത്തവണയും എട്ട് ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്.
ഇന്ത്യ, ശ്രീലങ്ക എന്നിവർക്ക് പുറമേ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്ഥാൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്ന ടീമുകളാണ് മാറ്റുരയ്ക്കുന്നത്. എല്ലാ ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്ന ലോകകപ്പിൽ ആദ്യ നാല് സ്ഥാനക്കാർ സെമിയിലേക്ക് യോഗ്യത നേടും. പാകിസ്ഥാന്റെ മത്സരങ്ങൾ അടക്കം 11 കളികൾക്ക് ലങ്കൻ തലസ്ഥാനമായ കൊളംബോയും വേദിയാകും. . ഗുവാഹത്തിക്ക് പുറമെ ഇൻഡോർ, വിശാഖപട്ടണം, നവി മുംബൈ എന്നിവയാണ് ഇന്ത്യയിലെ വേദികൾ. നവി മുംബെൈയിൽ നവംബർ രണ്ടിനാണ് ഫൈനൽ. പാകിസ്ഥാൻ ഫൈനലിൽ കടക്കുകയാണെങ്കിൽ ഫൈനൽ കൊളംബോയിലേക്ക് മാറ്റും . നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ഏഴു തവണയും, ഇംഗ്ലണ്ട് നാല് തവണയും ജേതാക്കളായപ്പോൾ ന്യൂസിലാന്റ് ഒരു തവണയും കിരീടം നേടിയിട്ടുണ്ട്.
കന്നി കിരീടം ലക്ഷ്യമിടുന്ന ഇന്ത്യ രണ്ടു തവണ റണ്ണറപ്പായിട്ടുണ്ട്. 2005, 2017 ലോകകപ്പുകളിലാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. അഞ്ചാമത്തെ ലോകകപ്പ് കളിക്കുന്ന ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീം ഇത്തവണ വളരെ ശക്തമാണ്. സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, ദീപ്തി ശർമ്മ പോലെയുള്ള മികച്ച താരങ്ങൾ പാഡണിയുന്നുണ്ട് . റിസർവ് ടീമിൽ മലയാളിയായ മിന്നു മണിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ ടീം
ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, രേണുക സിംഗ് താക്കൂർ, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ് (wk), ക്രാന്തി ഗൗഡ്, അമൻജോത് കൗർ, ശ്രീന റാവ് കൗർ, രാധ യാദ് കൗർ
റിസർവ് : തേജൽ ഹസബ്നിസ്, പ്രേമ റാവത്ത്, പ്രിയ മിശ്ര, ഉമാ ചേത്രി, മിന്നു മണി, സയാലി സത്ഘരെ