ബുലവായോ: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറായ ബ്രയാൻ ലാറയുടെ 400 (നോട്ടൗട്ട്) മറികടക്കാനുള്ള അവസരം വേണ്ടെന്നു വെച്ച് ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ വയാൻ മുൾഡർ. സിംബാബ്‌വെക്കെതിരായ ടെസ്റ്റിലാണ് തന്റെ വ്യക്തിഗത സ്‌കോർ 367-ൽ നിൽക്കെ മുൾഡർ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത്. ദുർബലമായ സിംബാബ്‌വെ ബോളർമാർക്കെതിരെ റെക്കോർഡ് തകർക്കാനുള്ള അവസരമുണ്ടായിരുന്നെങ്കിലും, ആ റെക്കോർഡ് ലാറയുടെ പേരിൽ തന്നെയിരിക്കട്ടെ എന്നു കരുതിയാണ് മുന്നോട്ടു പോകാതിരുന്നതെന്ന് മുൾഡർ പറഞ്ഞു.
മുൾഡറുടെ ട്രിപ്പിൾ സെഞ്ച്വറിയുടെ കരുത്തിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 626 റൺസെടുത്താണ് ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത്. സിംബാബ്‌വെയുടെ ഒന്നാം ഇന്നിങ്‌സ് 170 റൺസിൽ അവസാനിച്ചു. ഫോളോ ഓൺ ചെയ്യുന്ന സിംബാബ്‌വെ രണ്ടാം ഇന്നിങ്‌സിൽ ഒന്നിന് 51 എന്ന നിലയിലാണ്.
‘ആദ്യത്തെ കാര്യം ആദ്യം പറയാം. ആവശ്യത്തിന് റൺസ് ആയി എന്ന് എനിക്ക് തോന്നി. ഞങ്ങൾക്ക് പന്തെറിയണമായിരുന്നു. പിന്നെ, ബ്രയാൻ ലാറ ഒരു ഇതിഹാസമാണ്.’ മുൾഡർ ഇന്നിങ്‌സിനു ശേഷമുള്ള അഭിമുഖത്തിൽ പറഞ്ഞു. ‘ലാറ 400 റൺസടിച്ചത് ഇംഗ്ലണ്ടിനെതിരെയാണ്. ആ നിലവാരത്തിലുള്ള ആളുകളാണ് അത്തരം റെക്കോർഡുകൾ സൂക്ഷിക്കേണ്ടത്. എനിക്ക് ഇനിയും ഇതുപോലെ അവസരം കിട്ടുകയാണെങ്കിൽ ഇതുതന്നെയാവും ചെയ്യുക.’
334 പന്തിൽ 49 ഫോറുകളുടെയും നാല് സിക്‌സറുകളുടെയും അകമ്പടിയോടെയായിരുന്നു മുൾഡറുടെ 367 നോട്ടൗട്ട്. 109.88 സ്‌ട്രൈക്ക് റേറ്റിലുള്ള ഈ ഇന്നിങ്‌സിൽ ഒരുപിടി റെക്കോർഡുകളും താരം സ്വന്തം പേരിലാക്കി. ഹാഷിം അംലയുടെ 311 (നോട്ടൗട്ട്) മറികടന്ന മുൾഡർ ഒരു ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ഏറ്റവും മികച്ച സ്‌കോറിനുടമയായി. സിംബാബ്‌വെയിൽ ഒരാൾ നേടുന്ന ആദ്യ ട്രിപ്പിൾ സെഞ്ച്വറി, സിംബാബ്‌വെക്കെതിരെ നേടുന്ന വലിയ രണ്ടാമത്തെ സ്‌കോർ, ഒരു ടെസ്റ്റിന്റെ ആദ്യദിനത്തിൽ നേടുന്ന വലിയ സ്‌കോർ (264) തുടങ്ങിയവയും ഈ റെക്കോർഡുകളിൽ പെടുന്നു.