അഹമ്മദാബാദ്– ക്രിക്കറ്റ് ലോകം കാത്തിരുന്ന ടി20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിക്കും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും കരുത്തരായ ന്യൂസിലൻഡും നേർക്കുനേർ വരുന്ന ഫൈനൽ പോരാട്ടം ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് ആരംഭിക്കുന്നത്. സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്തുവിട്ട ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള നീലപ്പട ഇന്ന് കളത്തിലിറങ്ങുന്നത്.
മലയാളി താരം സഞ്ജു സാംസണിന്റെ ഉജ്ജ്വല ഫോമാണ് ഇന്ത്യൻ നിരയിലെ പ്രധാന ആകർഷണം. കഴിഞ്ഞ രണ്ടു മത്സരത്തിലും ബാറ്റിംഗിൽ വിസ്മയം തീർത്ത സഞ്ജു, പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. സഞ്ജുവിനൊപ്പം നായകൻ സൂര്യകുമാർ യാദവ്, ഇഷാൻ കിഷാൻ, ശിവം ദുബെ എന്നിവരടക്കം നൽകുന്ന ബാറ്റിംഗ് കരുത്തും ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളിംഗ് നിരയും ഇന്ത്യയുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്നു. തുടർച്ചയായ രണ്ടാം തവണയും ടി20 ലോകകിരീടം സ്വന്തമാക്കി ചരിത്രം കുറിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
അതേസമയം, കന്നി ടി20 ലോകകിരീടം ലക്ഷ്യമിട്ടെത്തുന്ന ന്യൂസിലൻഡിനെ നിസ്സാരക്കാരായി കാണാനാവില്ല. സെമിയിൽ ദക്ഷിണാഫ്രിക്കയെ അനായാസം മറികടന്നാണ് കിവീസ് ഫൈനലിലേക്ക് യോഗ്യത നേടിയത്. അഹമ്മദാബാദിലെ ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചിൽ ടോസ് നിർണായകമാകും.



