ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഹെണ്‍റിച്ച് ക്ലാസന്റെ വെടിക്കെട്ട് പൂരത്തില്‍ നിലംപരിശായി കൊല്‍ക്കത്ത. പ്ലേഓഫില്‍നിന്നു പുറത്തായ രണ്ടു ടീമുകളുടെയും അവസാന മത്സരത്തില്‍ 110 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. ഹെണ്‍റിച്ച് ക്ലാസന്റെ കിടിലന്‍ സെഞ്ച്വറിയുടെയും(105*) ട്രാവിസ് ഹെഡിന്റെ പവര്‍ഫുള്‍ ഫിഫ്റ്റിയുടെയും(76) കരുത്തില്‍ 278 എന്ന കൂറ്റന്‍ ടോട്ടലാണ് ഹൈദരാബാദ് ഉയര്‍ത്തിയത്. വലിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നൈറ്റ് റൈഡേഴ്‌സിന്റെ പോരാട്ടം പക്ഷേ 168 റണ്‍സില്‍ അവസാനിച്ചു.
ഇന്നത്തെ ആദ്യ മത്സരത്തില്‍ 83 റണ്‍സിന്റെ വിജയവുമായി പോയിന്റ് ടേബിളില്‍ തലപ്പത്തുള്ള ഗുജറാത്തിനു പണികൊടുത്തിരിക്കുകയാണ് അവസാന സ്ഥാനക്കാരായ ചെന്നൈ. ഡിവാല്‍ഡ് ബ്രെവിസിന്റെ വെടിക്കെട്ട് ഷോയുടെയും(23 പന്തില്‍ അഞ്ച് സിക്‌സറും നാല് ബൗണ്ടറിയും സഹിതം 57) ഡേവന്‍ കോണ്‍വേയുടെ ഫിഫ്റ്റിയുടെയും(35 പന്തില്‍ രണ്ട് സിക്‌സറും ആറ് ബൗണ്ടറിയും സഹിതം 52) കരുത്തില്‍ 231 എന്ന വന്‍ വിജയലക്ഷ്യം ഉയര്‍ത്തിയ സൂപ്പര്‍ കിങ്‌സ് എതിരാളികളായ ടൈറ്റന്‍സിനെ 147 റണ്‍സില്‍ എറിഞ്ഞിടുകയായിരുന്നു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തി നൂര്‍ അഹ്‌മദും അന്‍ഷുല്‍ കാംബോജും രണ്ടു വിക്കറ്റുമായി രവീന്ദ്ര ജഡേജയും ചെന്നൈയ്ക്കായി മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തു.

ഇതോടെ, നിര്‍ണായകമായ ആദ്യ രണ്ടു സ്‌പോട്ടിനായുള്ള മത്സരം കടുത്തിരിക്കുകയാണ്. 14 മത്സരവും കളിച്ച ഗുജറാത്ത് 18 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോഴും പ്ലേഓഫില്‍ ഇടംപിടിച്ച ബാക്കി മൂന്ന് ടീമുകളുടെ പ്രകടനം ആശ്രയിച്ചിരിക്കും ഭാവി. നാളെ നടക്കുന്ന പഞ്ചാബ്-മുംബൈ മത്സരവും ചൊവ്വാഴ്ച നടക്കുന്ന ബംഗളൂരു-ലഖ്‌നൗ മത്സരവും അതിനിര്‍ണായകമാകും. നാല് ടീമിനും ആദ്യ രണ്ടില്‍ ഇടംപിടിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
ഇന്നത്തെ രണ്ടാം മത്സരത്തിലേക്കു വന്നാല്‍, തങ്ങളുടെ പുതിയ ടി20 ഫോര്‍മാറ്റിലേക്ക് ഹൈദരാബാദ് തിരിച്ചെത്തിയ ദിവസമായിരുന്നു ഇന്ന്. പവര്‍പ്ലേ തൊട്ട് ഡെത്ത് ഓവറിലെ അവസാന പന്ത് വരെ അടിയുടെ പൊടിപൂരമായിരുന്നു ഇന്നു കണ്ടത്. ഓപണര്‍ അഭിഷേക് ശര്‍മ(16 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 32) മുതല്‍ അഞ്ചാം നമ്പറില്‍ അവസാനം വന്ന അനികേത് ശര്‍മ വരെ അടിയോടടിയായിരുന്നു.
എന്നാല്‍, ക്ലാസന്റെ മാസ്റ്റര്‍സ്‌ട്രോക്കിനു മുന്നില്‍ മറ്റെല്ലാവരുടെയും പ്രകടനം നിഷ്പ്രഭമായിപ്പോകുന്ന കാഴ്ചയാണ് ഇന്നു കണ്ടത്. ട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് ഫിഫ്റ്റി(40 പന്തില്‍ ആറു വീതം ബൗണ്ടറിയും സിക്‌സറും സഹിതം 76) പോലും അതില്‍ മുങ്ങിപ്പോയി. കൊല്‍ക്കത്തയില്‍ ഇന്ന് പന്തെടുത്ത ആറുപേരെയും ഗ്രൗണ്ടിന്റെ നാലുഭാഗത്തേക്കും പായിച്ച് തകര്‍ത്താടുകയായിരുന്നു ക്ലാസന്‍. അപാര ടച്ചും പവറും ചേര്‍ന്ന് ക്ലാസന്‍ കത്തിക്കയറിയപ്പോള്‍ ഒരുഘട്ടത്തില്‍ 300 എന്ന മാന്ത്രികസംഖ്യ ഇന്ന് തൊടുമെന്ന പ്രതീക്ഷകള്‍ സജീവമായിരുന്നു. എന്നാല്‍, മധ്യ ഓവറുകളില്‍ മനോഹരമായി പന്തെറിഞ്ഞ സുനില്‍ നരൈനാണ് ആ നാണക്കേടില്‍നിന്ന് കൊല്‍ക്കത്തെ കാത്തത്. വെറും 39 പന്തിലാണ് ക്ലാസന്‍ 105 റണ്‍സുമായി പുറത്താകാതെ നിന്നത്. ഒന്‍പത് സിക്‌സറും ഏഴ് ബൗണ്ടറിയും ആ ഇന്നിങ്‌സിന് കൊഴുപ്പേകി.
വമ്പന്‍ ടോട്ടലിന്റെ സമ്മര്‍ദത്തില്‍ ചേസിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് നരൈന്‍(16 പന്തില്‍ മൂന്നു വീതം സിക്‌സറും ബൗണ്ടറിയുമായി 31) തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. തകര്‍ത്തടിച്ച കരീബിയന്‍ താരത്തെ ക്ലീന്‍ബൗള്‍ഡാക്കി ജയദേവ് ഉനദ്കട്ടാണ് ഹൈദരാബാദിന് ബ്രേക്ത്രൂ സമ്മാനിച്ചത്.
ആദ്യ വിക്കറ്റ് വീണതോടെ പിന്നീട് പവലിയനിലേക്കുള്ള ഘോഷയാത്രയായിരുന്നു. തുടരെ വിക്കറ്റുകള്‍ കൊയ്ത് സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ എതിര്‍നിരയില്‍ സമ്മര്‍ദം വിതച്ചു. നരൈന്റെ ഇന്നിങ്‌സും, കളി കൈയില്‍നിന്ന് പോയെന്ന് ഉറപ്പായ ശേഷം വാലറ്റത്തില്‍ മനീഷ് പണ്ഡെയും(23 പന്തില്‍ 37) ഹര്‍ഷിത് റാണെയും(21 പന്തില്‍ 34) പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിങ്ങും ഒഴിച്ചുനിര്‍ത്തിയാല്‍ ചേസിങ്ങില്‍ കൊല്‍ക്കത്തയ്ക്ക് ഓര്‍ക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല.
മൂന്നു വീതം വിക്കറ്റ് കൊയ്ത ഉനദ്കട്ടും ഇഷാന്‍ മലിംഗയും ഹര്‍ഷ് ദുബേയുമാണ് ഹൈദരാബാദ് ബൗളര്‍മാരില്‍ തിളങ്ങിയത്. നിശ്ചിത നാല് ഓവറില്‍ വെറും 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഉനദ്കട്ട് കൂട്ടത്തില്‍ വേറിട്ടുനില്‍ക്കുകയും ചെയ്തു.