തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് തൃശൂര്‍ ടൈറ്റന്‍സിനെതിരേ എട്ടു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ മുന്നോട്ടുവെച്ച 130 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ ട്രിവാന്‍ഡ്രം മറികടന്നു. എം.എസ് അഖില്‍ പുറത്താകാതെ 37 പന്തില്‍ നിന്ന് നേടിയ 54 റണ്‍സാണ് ട്രിവാന്‍ഡ്രത്തിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഗോവിന്ദ് പൈ 23 പന്തില്‍ പുറത്താകാതെ 30 റണ്‍സ് നേടി. 26 പന്തില്‍ നിന്ന് 22 റണ്‍സ് നേടിയ ഓപ്പണര്‍ റിയാ ബഷീറിന്റെയും 22 പന്തില്‍ നിന്ന് 21 റണ്‍സ് നേടിയ എസ്.സുബിന്റെയും വിക്കറ്റുകള്‍ മാത്രമാണ് ട്രിവാന്‍ഡ്രത്തിന് നഷ്ടമായത്. രണ്ടു വിക്കറ്റും വീഴ്ത്തിയത് മുഹമ്മദ് ഇസ്ഹാക്കാണ്. മറ്റു ബൗളര്‍മാര്‍ക്ക് വിക്കറ്റു നേട്ടം സ്വന്തമാക്കാന്‍ കഴിയാതെവന്നതോടെ തിരുവനന്തപുരത്തിന് വിജയം എളുപ്പമായി.
മഴയെ തുടര്‍ന്ന് വൈകി ആരംഭിച്ച മത്സരത്തില്‍ ടോസ് നേടിയ ട്രിവാന്‍ഡ്രം റോയല്‍സ് തൃശൂര്‍ ടൈറ്റന്‍സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തൃശൂരിന്റെ ഓപ്പണര്‍ ആനന്ദ് സാഗര്‍ നേരിട്ട ആദ്യപന്തില്‍തന്നെ പുറത്തായി. എം.യു. ഹരികൃഷ്ണന്റെ പന്തില്‍ ഗോവിന്ദ് പൈ ക്യാച്ചെടുത്താണ് ആനന്ദിനെ പുറത്താക്കിയത്. 38 റണ്‍സിനിടെ തൃശൂരിന്റെ മൂന്നു വിക്കറ്റ് നഷ്ടമായി. 16-ാം ഓവര്‍ വരെ പിടിച്ചുനിന്ന ക്യാപ്റ്റന്‍ വരുണ്‍ നായനാരെ എന്‍. ശ്രീഹരിയുടെ പന്തില്‍ കീപ്പര്‍ സ്റ്റംപ് ചെയ്തു പുറത്താക്കി.
വരുണ്‍ നായനാര്‍ (38 പന്തില്‍ 28), വിഷ്ണു വിനോദ് (20 പന്തില്‍ 25), അഹമ്മദ് ഇമ്രാന് (18 പന്തില്‍ 17) എന്നിവര്‍ തിളങ്ങിയെങ്കിലും മികച്ച സ്കോറിലേക്കെത്താന്‍ ടൈറ്റന്‍സിനു സാധിച്ചില്ല. റോയല്‍സിനായി ക്യാപ്റ്റന്‍ അബ്ദുല്‍ ബാസിത്ത് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. ഹരികൃഷ്ണന്, വിനില്‍, ശ്രീഹരി എസ്. നായര്‍, ജോഫിന്‍ ജോസ് എന്നിവരും ഓരോ വിക്കറ്റ് വീതം നേടി.