ബംഗളൂരു: എവേ മത്സരങ്ങളില്‍ തകര്‍പ്പന്‍ വിജയം നേടുമ്പോഴും സ്വന്തം തട്ടകത്തില്‍ തപ്പിത്തടഞ്ഞ റോയല്‍ ചലഞ്ചേഴ്‌സിന് ഒടുവില്‍ ആശ്വാസം. തുടര്‍ച്ചയായി കൈയിലിരുന്ന മറ്റൊരു മത്സരം കൂടി രാജസ്ഥാന്‍ കൈവിട്ടപ്പോള്‍ 11 റണ്‍സിനായിരുന്നു ചിന്നസ്വാമിയിലെ ബംഗളൂരു വിജയം. വിരാട് കോഹ്ലിയുടെയും(70), ദേവ്ദത്ത് പടിക്കലിന്റെയും(50) അര്‍ധസെഞ്ച്വറികളാണ് ആര്‍സിബി വിജയത്തിന് അടിത്തറ പാകിയത്.
206 എന്ന ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവന്‍ഷിയും ചേര്‍ന്ന് ഗംഭീര തുടക്കമാണു നല്‍കിയത്. സിക്‌സറുകളുടെയും ബൗണ്ടറികളുടെയും മഴയായിരുന്നു പവര്‍പ്ലേയില്‍. ആറാം ഓവറിനകം രണ്ടുപേരും കൂടാരം പുല്‍കിയെങ്കിലും 72 റണ്‍സാണ് ഓപണിങ് കൂട്ടുകെട്ട് രാജസ്ഥാന്‍ സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. 19 പന്തില്‍ 49 റണ്‍സുമായി ടോപ് ടച്ചിലുണ്ടായിരുന്ന ജയ്‌സ്വാളിനെ ജോഷ് ഹേസല്‍വുഡ് ആണു പിടിച്ചുകെട്ടിയത്. മിഡ്‌വിക്കറ്റില്‍ റൊമാരിയോ ഷെഫേര്‍ഡ് പിടിച്ചുപുറത്താകുമ്പോള്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറും പറത്തിക്കഴിഞ്ഞിരുന്നു താരം.
ജയ്‌സ്വാള്‍ നല്‍കിയ മികച്ച തുടക്കം ഒരിക്കല്‍കൂടി രാജസ്ഥാന്‍ മധ്യനിര തുലച്ചുകളയുന്ന കാഴ്ചയായിരുന്നു പിന്നീട് ചിന്നസ്വാമിയില്‍. നിതീഷ് റാണ(21 പന്തില്‍ 28), റിയാന്‍ പരാഗ്(10 പന്തില്‍ 22), ഷിംറോണ്‍ ഹെറ്റ്‌മെയര്‍(എട്ട് പന്തില്‍ 11) എന്നിവരെല്ലാം ഒന്നിനു പിറകെ ഒന്നായി കൂടാരം കയറി. തുടക്കം മുതല്‍ തപ്പിത്തടഞ്ഞ ധ്രുവ് ജുറേല്‍(34 പന്തില്‍ മൂന്നു വീതം ബൗണ്ടറിയും സിക്‌സറും സഹിതം 47) ഒടുക്കം വിജയപ്രതീക്ഷ നല്‍കിയെങ്കിലും ഹേസല്‍വുഡിന്റെ വൈഡ് യോര്‍ക്കറില്‍ രാജസ്ഥാന്റെ ആ പ്രതീക്ഷകളും അസ്തമിച്ചു. വിക്കറ്റിനു പിന്നില്‍ ജിതേഷ് ശര്‍മ പിടിച്ചാണ് താരം പുറത്തായത്.
ക്രുണാല്‍ പാണ്ഡ്യയാണ് കൈവിട്ട കളി ആതിഥേയര്‍ക്കു തിരിച്ചുപിടിച്ചുകൊടുത്തത്. ക്രുണാല്‍ രണ്ടു വിക്കറ്റ് നേടിയപ്പോള്‍ മികച്ച ഡെത്ത് ഓവറുമായി കളി കൈപ്പിടിയിലൊതുക്കിയത് ഹേസല്‍വുഡായിരുന്നു. നാലു വിക്കറ്റും കൊയ്തു ഓസീസ് താരം.
ചിന്നസ്വാമിയില്‍ ടോസ് ഭാഗ്യം തുണച്ചത് സന്ദര്‍ശകരെയായിരുന്നു. ആദ്യം ബാറ്റ് ചെയ്യാന്‍ നിര്‍ബന്ധിതരായെങ്കിലും ഫില്‍ സാള്‍ട്ടും വിരാട് കോഹ്ലിയും ചേര്‍ന്ന് മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്. പവര്‍പ്ലേയില്‍ രണ്ടുപേരും ചേര്‍ന്ന് വിക്കറ്റ് കളയാതെ 59 റണ്‍സാണ് ടീം സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. പവര്‍പ്ലേയ്ക്കു പിന്നാലെ വനിന്ദു ഹസരംഗ വന്ന് അപകടകാരിയായ സാള്‍ട്ടിനെ(26) പുറത്താക്കിയെങ്കിലും അത് ബംഗളൂരു ഇന്നിങ്‌സിനെ ഒട്ടും ബാധിച്ചില്ല.
കോഹ്ലിയും ദേവ്ദത്ത് പടിക്കലും ചേര്‍ന്നുള്ള മാസ്റ്റര്‍ക്ലാസ് പ്രദര്‍ശനമായിരുന്നു പിന്നീട് അവിടെ കണ്ടത്. സിക്‌സറുകളും ബൗണ്ടറികളും സിംഗിളുകളും ഡബിളുകളുമായി രാജസ്ഥാന്‍ ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും ഒരു സമാധാനവും കൊടുക്കാതെ കളം നിറഞ്ഞാടുകയായിരുന്നു രണ്ടുപേരും. ഇതിനിടയില്‍ കോഹ്ലി അര്‍ധസെഞ്ച്വറി പിന്നിട്ടതോടെ ആക്രമണം ഒന്നുകൂടി കടുപ്പിക്കുകയും ചെയ്തു. ഒടുവില്‍ ജോഫ്ര ആര്‍ച്ചര്‍ വന്നാണ് ടീമിന് ബ്രേക്ത്രൂ സമ്മാനിച്ചത്. കവറില്‍ നിതീഷ് റാണ പിടിച്ചുപുറത്താകുമ്പോള്‍ 42 പന്തില്‍ എട്ട് ബൗണ്ടറിയും രണ്ട് സിക്‌സറും പറത്തി 70 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു കോഹ്ലി.
സന്ദീപ് ശര്‍മ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ റാണ തന്നെ പിടിച്ച് പടിക്കലും പുറത്തായി. 27 പന്തില്‍ നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും പറത്തി 50 റണ്‍സെടുത്താണു താരം മടങ്ങിയത്. ഡെത്ത് ഓവറില്‍ കൂറ്റനടികളുമായി ടിം ഡേവിഡും(15 പന്തില്‍ 23), ജിതേഷ് ശര്‍മയും(10 പന്തില്‍ 20) ചേര്‍ന്നാണ് ടീം ടോട്ടല്‍ 200 കടത്തിയത്.