ലഖ്നൗ: സ്റ്റംപിനു പിന്നിലും മുന്നിലും മികച്ച പ്രകടനവുമായി എം.എസ് ധോണി ചെന്നൈയ്ക്ക് പുതുജീവന്‍ നല്‍കുകയായിരുന്നു ഇന്ന് ലഖ്‌നൗവില്‍. മികച്ച ഫിനിഷിങ്ങിലൂടെ ടീമിനെ ഒരിക്കല്‍കൂടി വിജയതീരത്തെത്തിച്ചു താരം. ഗ്രൗണ്ടിലെ ഔള്‍റൗണ്ട് പ്രകടനത്തിന് ധോണിയെ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തത്. എന്നാല്‍, താനല്ല മത്സരത്തിലെ താരമെന്നായിരുന്നു പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ ധോണിയുടെ പ്രതികരണം.
എനിക്ക് എന്തിനാണ് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് തന്നതെന്ന അത്ഭുതത്തിലായിരുന്നു ഞാന്‍. ഞാനല്ല അതിന് അര്‍ഹന്‍. വളരെ നന്നായി പന്തെറിഞ്ഞ നൂര്‍ അഹ്‌മദിനെ പോലെയുള്ള താരങ്ങളുണ്ട്. ജഡേജയും നന്നായി പന്തെറിഞ്ഞിട്ടുണ്ടെന്നും ധോണി പറഞ്ഞു. ഇന്നത്തെ പ്രകടനത്തോടെ ഐപിഎല്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായിരിക്കുകയാണ് ധോണി. ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെന്നൈ നായകനെ തേടി ഇങ്ങനെയൊരു അംഗീകാരം തേടിയെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
ടീമിന് ഒരുപാട് ആത്മവിശ്വാസം നല്‍കുന്ന വിജയമാണിതെന്നും ധോണി പറഞ്ഞു. ദുഷ്‌ക്കരമായ മത്സരമായിരുന്നു. ഒടുവില്‍ വിജയം നമുക്കൊപ്പമായതില്‍ സന്തോഷമുണ്ട്. ഇത് ടീമിനു മുന്നോട്ടുള്ള ഊര്‍ജമാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
”കഴിഞ്ഞ ആറു മത്സരത്തിലും ബൗള്‍ ചെയ്യുമ്പോള്‍ ആദ്യ ആറ് ഓവറില്‍ ടീം സ്ട്രഗിള്‍ ചെയ്തിരുന്നു. മധ്യ ഓവറുകളിലാണു പിന്നീട് തിരിച്ചെത്തിയിരുന്നത്. പവര്‍പ്ലേയില്‍ രണ്ട് ഓവര്‍ ഒക്കെ കൊടുത്ത് അശ്വിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് കൂടുതല്‍ ബൗളര്‍മാരെ ഇലവനില്‍ എടുത്തത്.”
ബൗളിങ് യൂനിറ്റ് എന്ന നിലയ്ക്ക് നന്നായി കളിച്ചിട്ടുണ്ട്. ഇനി ബാറ്റിങ്ങിലും കൂടുതല്‍ നന്നായി ചെയ്യാനാകും. ബാറ്റിങ്ങില്‍ ഇതുവരെയും നല്ല തുടക്കം കിട്ടിയിരുന്നില്ലെന്നും ധോണി ചൂണ്ടിക്കാട്ടി.
അരങ്ങേറ്റ മത്സരത്തില്‍ ടീമിന് മികച്ച തുടക്കം നല്‍കിയ യുവതാരം ശൈഖ് റഷീദിനെ അഭിനന്ദിക്കാനും ചെന്നൈ നായകന്‍ മറന്നില്ല. റഷീദ് ഇന്ന് നന്നായി ബാറ്റ് ചെയ്തു. കുറച്ചു വര്‍ഷമായി ടീമിനൊപ്പമുള്ള താരമാണ്. കഴിഞ്ഞ സീസണുകളിലെല്ലാം അയാളുടെ ബാറ്റിങ്ങില്‍ പുരോഗതി നേരിട്ടുകണ്ടിട്ടുണ്ട്. ഇത്തവണ നെറ്റ്‌സില്‍ വളരെ നന്നായാണ് ബാറ്റ് ചെയ്തത്. ബാറ്റിങ് ഓര്‍ഡറില്‍ ഒരു മാറ്റം ടീമിന് ആവശ്യമുണ്ടായിരുന്നു. അത് റഷീദ് നിര്‍വഹിച്ചു. അയാള്‍ വളരെ നന്നായാണ് ബാറ്റ് ചെയ്തത്. പക്ഷേ, ഇതു തുടക്കം മാത്രമാണ്. മറ്റു പല ബാറ്റര്‍മാരെയും പോലെ വെറുതെ വാരിവലിച്ചു അടിക്കുന്നയാളല്ല. ആധികാരികമായ ഷോട്ടുകളിലൂടെ ഡൊമിനേറ്റ് ചെയ്തു കളിക്കുന്ന താരമാണ് റഷീദെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
നേരത്തെ, മത്സരത്തില്‍ അഞ്ചു വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. ചടുലമായ ബൗളിങ് നീക്കങ്ങളിലൂടെ ലഖ്‌നൗവിനെ ചെറിയ സ്‌കോറില്‍ എറിഞ്ഞിട്ട ശേഷം ശിവം ദുബേയും(43)യും നായകന്‍ എം.എസ് ധോണിയും(26) ചേര്‍ന്നാണ് ചെന്നൈയെ വിജയതീരത്തെത്തിച്ചത്. മൂന്ന് പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റിനായിരുന്നു ലഖ്‌നൗവില്‍ സന്ദര്‍ശകരുടെ വിജയം. തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ക്കുശേഷമാണ് മഞ്ഞപ്പട വിജയവഴിയിലേക്കു തിരിച്ചെത്തുന്നത്.
താരതമ്യേനെ ചെറിയ ടോട്ടല്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് ഓപണര്‍മാര്‍ നല്‍കിയത്. മൂന്ന് സീസണ്‍ ബെഞ്ചിലിരുന്ന ശേഷം മഞ്ഞകുപ്പായത്തിലും ഐപിഎല്ലിലും അരങ്ങേറ്റം ലഭിച്ച ശൈഖ് റഷീദ് തുടരെ ബൗണ്ടറികളുമായി ഐപിഎല്ലില്‍ വരവറിയിച്ചു. പക്ഷേ, അതു വലിയ സ്‌കോറാക്കി മാറ്റാനാകാതെ ആവേശ് ഖാന് വിക്കറ്റ് നല്‍കി താരം മടങ്ങി. 19 പന്തില്‍ ആറ് ബൗണ്ടറി സഹിതം 27 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. വണ്‍ഡൗണായി ഇറങ്ങിയ രാഹുല്‍ തൃപാഠി ഒരിക്കല്‍കൂടി താളം കണ്ടെത്താനാകാതെ പതറിയപ്പോള്‍ അതുവരെയും നല്ല ഫ്ളോയില്‍ കളിച്ചുകൊണ്ടിരുന്ന ഇടങ്കയ്യന്‍ ബാറ്റര്‍ രച്ചിന്‍ രവീന്ദ്ര പ്രതിരോധത്തിലുമായി. ഒടുവില്‍ ഇന്നിങ്‌സ് വേഗം കൂട്ടാനുള്ള തിരക്കിനിടയില്‍ ഐഡന്‍ മാര്‍ക്രാമിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി താരം പുറത്തായി. 22 പന്തില്‍ അഞ്ച് ബൗണ്ടറി സഹിതം 37 റണ്‍സെടുത്താണു താരം മടങ്ങിയത്.
രച്ചിന്‍ പുറത്തായതോടെ സ്പിന്നര്‍മാരെ ഇറക്കി ലഖ്‌നൗ നായകന്‍ ഋഷഭ് പന്ത് മത്സരം തിരിച്ചുപിടിച്ചു. തൃപാഠിയും നാലാം നമ്പറില്‍ ഇറങ്ങിയ രവീന്ദ്ര ജഡേജയും വിജയ് ശങ്കറും അഞ്ചക്കം കാണാനാകാതെ പുറത്തായതോടെ ചെന്നൈ മറ്റൊരു തോല്‍വി കൂടി മുന്നില്‍ക്കണ്ടു.
ഒടുവില്‍ ധോണി ക്രീസിലെത്തിയതോടെയാണ് കളി വീണ്ടും ചെന്നൈയുടെ വഴിയേ തിരിഞ്ഞത്. അതുവരെയും തപ്പിത്തടഞ്ഞ ദുബേയ്ക്കും ഗിയര്‍ മാറ്റാനുള്ള ധൈര്യമായി. ധോണിയുടെ മികച്ച കാമിയോയുടെ കരുത്തില്‍ അങ്ങനെ ഫിനിഷിങ് ലൈന്‍ തൊടുകയും ചെയ്തു മഞ്ഞപ്പട. 37 പന്ത് നേരിട്ട് മൂന്ന് ബൗണ്ടറിയും രണ്ടു സിക്‌സറും നേടിയ ദുബേയാണ് 43 റണ്‍സെടുത്ത് വിജയറണ്‍ കുറിച്ചത്. ധോണി 11 പന്ത് നേരിട്ട് നാല് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 26 റണ്‍സെടുത്തും പുറത്താകാതെ നിന്നു.
ടോസ് നേടി ആദ്യം ബൗളിങ് തിരഞ്ഞെടുത്ത എം.എസ് ധോണിയുടെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു പവര്‍പ്ലേ മുതല്‍ ചെന്നൈ ബൗളര്‍മാരുടെ പ്രകടനം. ആദ്യ ഓവറില്‍ തന്നെ ഓപണര്‍ ഐഡന്‍ മാര്‍ക്രാമിനെ പുറത്താക്കി സീസണിലെ വിക്കറ്റ് വേട്ട തുടരുകയായിരുന്നു ഖലീല്‍ അഹ്‌മദ്. നാലാം ഓവറില്‍ മികച്ച ഫോമിലുള്ള നിക്കോളാസ് പൂരനെ യുവതാരം അന്‍ഷുല്‍ കാംബോജും പുറത്താക്കിയതോടെ ചെന്നൈ ആരാധകര്‍ ശരിക്കും ആശ്വസിച്ചു.
ധോണി നടത്തിയ സമയോചിതമായ ബൗളിങ് ചേഞ്ചുകളും അതിനൊത്തുള്ള ഫീല്‍ഡിങ് മികവുമായതോടെ ലഖ്നൗ ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ ശരിക്കും വിഷമിച്ചു. സീസണിലുടനീളം കണ്ട ടച്ചിലേക്കെത്താനാകാതെ തപ്പിത്തടഞ്ഞ മിച്ച് മാര്‍ഷിനെ(25 പന്തില്‍ 30) മനോഹരമായൊരു ഗുഡ് ലെങ്ത്ത് ബൗളിലൂടെ ജഡേജ ക്ലീന്‍ബൗള്‍ഡാക്കിയതോടെ ചെന്നൈ മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ഇതുവരെയും കാണാത്തൊരു എനര്‍ജിയോടെ ഗ്രൗണ്ടില്‍ നിറഞ്ഞു കളിക്കുന്ന ചെന്നൈ താരങ്ങളെയാണു കണ്ടത്. ആയുഷ് ബദോനിയെ(18) കൂടി പുറത്താക്കി ജഡേജ ലഖ്നൗവിനെ പ്രതിരോധത്തിലാക്കി.
ഒരുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും മറ്റൊരറ്റത്ത് സിംഗിളുകളും ഡബിളുകളുമായി ക്രീസില്‍ നിലയുറപ്പിച്ചു കളിക്കുകയായിരുന്നു ലഖ്നൗ നായകന്‍ ഋഷഭ് പന്ത്. സീസണില്‍ ആദ്യമായി അര്‍ധസെഞ്ച്വറിയും കണ്ടെത്തി താരം. ഒടുവില്‍ അവസാന ഓവറുകളിലെ പന്തിന്റെ കൂറ്റനടികളുടെ കരുത്തിലാണ് ഡല്‍ഹി 167 എന്ന പൊരുതിനോക്കാവുന്ന സ്‌കോറിലെത്തിയത്. 49 പന്തില്‍ നാലു വീതം സിക്സറും ബൗണ്ടറിയും പറത്തി 63 റണ്‍സുമായി പന്ത് ലഖ്നൗ ഇന്നിങ്സിലെ ടോപ്സ്‌കോററായി.
ചെന്നൈ ബൗളര്‍മാരില്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേഡയ്ക്കും മതീഷ പതിരാനയ്ക്കും തുണയായത് നൂര്‍ അഹ്‌മദിന്റെ അവിസ്മരണീയമായ സ്പെല്ലായിരുന്നു. ഇത്തവണ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായ നൂറിന് ഇന്ന് വിക്കറ്റ് രഹതിനായിരുന്നു. എന്നാല്‍, നാല് ഓവറില്‍ വെറും 13 റണ്‍സ് വിട്ടുകൊടുത്ത താരമാണ് മധ്യ ഓവറുകളില്‍ ഡല്‍ഹിയെ വരിഞ്ഞുമുറുക്കിയത്. ഖലീലിനും കാംബോജിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.