ലഖ്‌നൗ: തുടര്‍ച്ചയായ നാലാം തോല്‍വിയോടെ ലഖ്‌നൗവിന്റെ പ്ലേഓഫ് പ്രതീക്ഷകളും അസ്തമിച്ചു. സ്വന്തം തട്ടകത്തില്‍ ഹൈദരാബാദിനോട് തോല്‍വി ഏറ്റുവാങ്ങിയാണ് സൂപ്പര്‍ ജയന്റ്‌സ് ആദ്യനാലില്‍ ഇടംപിടിക്കാനാകാതെ പുറത്താകുന്നത്. അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്(59) കരുത്തിലാണ് പോയിന്റ് ടേബിളില്‍ അവസാനസ്ഥാനങ്ങളിലുള്ള സണ്‍റൈസേഴ്‌സ് ലഖ്‌നൗവിന്റെ വഴിമുടക്കിയത്. പത്ത് പന്ത് ബാക്കിനില്‍ക്കെ ആറു വിക്കറ്റിനായിരുന്നു സന്ദര്‍ശകരുടെ വിജയം. ഇതോടെ ആദ്യനാലില്‍ ബാക്കിയുള്ള ഏക സ്ഥാനത്തിനായുള്ള മത്സരം ഇനി മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലായിരിക്കും.
ഇന്നത്തെ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ആതിഥേയര്‍ക്ക് ഗംഭീര തുടക്കമാണ് ഓപണര്‍മാര്‍ നല്‍കിയത്. മിച്ചല്‍ മാര്‍ഷും ഐഡന്‍ മാര്‍ക്രവും സീസണിലുടനീളം പുലര്‍ത്തുന്ന ഫോം ഇന്നും പതിവുപോലെ തുടര്‍ന്നപ്പോള്‍ പവര്‍പ്ലേയില്‍ 69 റണ്‍സാണ് ലഖ്‌നൗ അടിച്ചെടുത്തത്. പത്ത് ഓവര്‍ പിന്നിട്ട ശേഷമാണ് സണ്‍റൈസേഴ്‌സിന് ഓപണിങ് കൂട്ടുകെട്ട് പൊളിക്കാനായത്. മാര്‍ഷിനെ പുറത്താക്കി ഹര്‍ഷ് ദുബേ ആണ് ടീമിന് ബ്രേക്ത്രൂ സമ്മാനിച്ചത്. 39 പന്ത് നേരിട്ട് നാല് സിക്‌സറും ആറ് ബൗണ്ടറിയും പറത്തി 65 റണ്‍സെടുത്താണ് താരം പുറത്തായത്. വെറും ഏഴു റണ്‍സു മായി ഒരിക്കല്‍ കൂടി നായകന്‍ ഋഷഭ് പന്ത് നിരാശപ്പെടുത്തി. മാര്‍ക്രാമിന്റെ ഇന്നിങ്‌സും അധികം നീണ്ടില്ല.
ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായി മടങ്ങുമ്പോള്‍ 38 പന്തില്‍ നാലുവീതം ബൗണ്ടറിയും സിക്‌സറും സഹിതം 61 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ പഴയ പന്ത് ഉപയോഗിച്ച് സമര്‍ഥമായി മത്സരം തിരിച്ചുപിടിച്ച് വിക്കറ്റുകള്‍ പിഴുതുകൊണ്ടിരുന്നെങ്കിലും മറ്റൊരറ്റത്ത് നിക്കോളാസ് പൂരാന്‍(26 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 45) ടീം ടോട്ടല്‍ 200 കടത്തിയാണു മടങ്ങിയത്. ലഖ്‌നൗ നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കാണാനുമായില്ല.
മറുപടി ബാറ്റിങ്ങില്‍ തുടക്കം തൊട്ടേ അഭിഷേകിന്റെ വെടിക്കെട്ട് പൂരമായിരുന്നു. 20 പന്തില്‍ 59 റണ്‍സ് നേടി ലഖ്‌നൗവിന്റെ പ്രതീക്ഷകളില്‍ മണ്ണുവാരിയിടുകയായിരുന്നു താരം. രവി ബിഷ്‌ണോയി എറിഞ്ഞ ഒരു ഓവറില്‍ തുടരെ നാല് സിക്‌സറുകളാണു താരം പറത്തിയത്. ഒടുവില്‍ കൂറ്റനടിക്കുള്ള ശ്രമത്തിനിടെ ദിഗ്വേഷ് റാഠിക്കു വിക്കറ്റ് നല്‍കി താരം മടങ്ങുമ്പോള്‍ 7.3 ഓവറില്‍ രണ്ട് 99 എന്ന ശക്തമായ നിലയിലായിരുന്നു സണ്‍റൈസേഴ്‌സ്. തപ്പിത്തടഞ്ഞ ഇഷന്‍ കിഷനെയും(28 പന്തില്‍ 35) ലഖ്‌നൗ തിരിച്ചയച്ചെങ്കിലും ഹെണ്‍റിച്ച് ക്ലാസനും(28 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 47), കമിന്ദു മെന്‍ഡിസും(21 പന്തില്‍ മൂന്ന് ബൗണ്ടറിയോടെ 32) ചേര്‍ന്നു കളി കൈവിടാതെ ടീമിനെ വിജയതീരത്തേക്കു നയിക്കുകയായിരുന്നു.