ലഖ്നൗ: തുടര്‍തോല്‍വികളില്‍ ഹൃദയം തകര്‍ന്ന മഞ്ഞപ്പടയ്ക്ക് ഒടുവില്‍ ‘പുതിയ നായകന്’ കീഴില്‍ ആശ്വാസജയം. ചടുലമായ ബൗളിങ് നീക്കങ്ങളിലൂടെ ലഖ്‌നൗവിനെ ചെറിയ സ്‌കോറില്‍ എറിഞ്ഞിട്ട ശേഷം ശിവം ദുബേയും(43)യും നായകന്‍ എം.എസ് ധോണിയും(26) ചേര്‍ന്നാണ് ചെന്നൈയെ വിജയതീരത്തെത്തിച്ചത്. മൂന്ന് പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റിനായിരുന്നു മഞ്ഞപ്പടയുടെ വിജയം. തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ക്കുശേഷമാണ് ചെന്നൈ വിജയവഴിയിലേക്കു തിരിച്ചെത്തുന്നത്.
ലഖ്‌നൗ ഹോം ഗ്രൌണ്ടില്‍ താരതമ്യേനെ ചെറിയ ടോട്ടല്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് ഓപണര്‍മാര്‍ നല്‍കിയത്. മൂന്ന് സീസണ്‍ ബെഞ്ചിലിരുന്ന ശേഷം മഞ്ഞകുപ്പായത്തിലും ഐപിഎല്ലിലും അരങ്ങേറ്റം ലഭിച്ച ശൈഖ് റഷീദ് തുടരെ ബൗണ്ടറികളുമായി ഐപിഎല്ലില്‍ വരവറിയിച്ചു. പക്ഷേ, അതു വലിയ സ്‌കോറാക്കി മാറ്റാനാകാതെ ആവേശ് ഖാന് വിക്കറ്റ് നല്‍കി താരം മടങ്ങി. 19 പന്തില്‍ ആറ് ബൗണ്ടറി സഹിതം 27 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. വണ്‍ഡൗണായി ഇറങ്ങിയ രാഹുല്‍ തൃപാഠി ഒരിക്കല്‍കൂടി താളം കണ്ടെത്താനാകാതെ പതറിയപ്പോള്‍ അതുവരെയും നല്ല ഫ്ളോയില്‍ കളിച്ചുകൊണ്ടിരുന്ന ഇടങ്കയ്യന്‍ ബാറ്റര്‍ രച്ചിന്‍ രവീന്ദ്ര പ്രതിരോധത്തിലുമായി. ഒടുവില്‍ ഇന്നിങ്‌സ് വേഗം കൂട്ടാനുള്ള തിരക്കിനിടയില്‍ ഐഡന്‍ മാര്‍ക്രാമിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി താരം പുറത്തായി. 22 പന്തില്‍ അഞ്ച് ബൗണ്ടറി സഹിതം 37 റണ്‍സെടുത്താണു താരം മടങ്ങിയത്.
രച്ചിന്‍ പുറത്തായതോടെ സ്പിന്നര്‍മാരെ ഇറക്കി ലഖ്‌നൗ നായകന്‍ ഋഷഭ് പന്ത് മത്സരം തിരിച്ചുപിടിച്ചു. തൃപാഠിയും നാലാം നമ്പറില്‍ ഇറങ്ങിയ രവീന്ദ്ര ജഡേജയും വിജയ് ശങ്കറും അഞ്ചക്കം കാണാനാകാതെ പുറത്തായതോടെ ചെന്നൈ മറ്റൊരു തോല്‍വി കൂടി മുന്നില്‍ക്കണ്ടു.
ഒടുവില്‍ ധോണി ക്രീസിലെത്തിയതോടെയാണ് കളി വീണ്ടും ചെന്നൈയുടെ വഴിയേ തിരിഞ്ഞത്. അതുവരെയും തപ്പിത്തടഞ്ഞ ദുബേയ്ക്കും ഗിയര്‍ മാറ്റാനുള്ള ധൈര്യമായി. ധോണിയുടെ മികച്ച കാമിയോയുടെ കരുത്തില്‍ അങ്ങനെ ഫിനിഷിങ് ലൈന്‍ തൊടുകയും ചെയ്തു മഞ്ഞപ്പട. 37 പന്ത് നേരിട്ട് മൂന്ന് ബൗണ്ടറിയും രണ്ടു സിക്‌സറും നേടിയ ദുബേയാണ് 43 റണ്‍സെടുത്ത് വിജയറണ്‍ കുറിച്ചത്. ധോണി 11 പന്ത് നേരിട്ട് നാല് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 26 റണ്‍സെടുത്തും പുറത്താകാതെ നിന്നു.
ടോസ് നേടി ആദ്യം ബൗളിങ് തിരഞ്ഞെടുത്ത എം.എസ് ധോണിയുടെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു പവര്‍പ്ലേ മുതല്‍ ചെന്നൈ ബൗളര്‍മാരുടെ പ്രകടനം. ആദ്യ ഓവറില്‍ തന്നെ ഓപണര്‍ ഐഡന്‍ മാര്‍ക്രാമിനെ പുറത്താക്കി സീസണിലെ വിക്കറ്റ് വേട്ട തുടരുകയായിരുന്നു ഖലീല്‍ അഹ്‌മദ്. നാലാം ഓവറില്‍ മികച്ച ഫോമിലുള്ള നിക്കോളാസ് പൂരനെ യുവതാരം അന്‍ഷുല്‍ കാംബോജും പുറത്താക്കിയതോടെ ചെന്നൈ ആരാധകര്‍ ശരിക്കും ആശ്വസിച്ചു.
ധോണി നടത്തിയ സമയോചിതമായ ബൗളിങ് ചേഞ്ചുകളും അതിനൊത്തുള്ള ഫീല്‍ഡിങ് മികവുമായതോടെ ലഖ്നൗ ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ ശരിക്കും വിഷമിച്ചു. സീസണിലുടനീളം കണ്ട ടച്ചിലേക്കെത്താനാകാതെ തപ്പിത്തടഞ്ഞ മിച്ച് മാര്‍ഷിനെ(25 പന്തില്‍ 30) മനോഹരമായൊരു ഗുഡ് ലെങ്ത്ത് ബൗളിലൂടെ ജഡേജ ക്ലീന്‍ബൗള്‍ഡാക്കിയതോടെ ചെന്നൈ മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ഇതുവരെയും കാണാത്തൊരു എനര്‍ജിയോടെ ഗ്രൗണ്ടില്‍ നിറഞ്ഞു കളിക്കുന്ന ചെന്നൈ താരങ്ങളെയാണു കണ്ടത്. ആയുഷ് ബദോനിയെ(18) കൂടി പുറത്താക്കി ജഡേജ ലഖ്നൗവിനെ പ്രതിരോധത്തിലാക്കി.
ഒരുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും മറ്റൊരറ്റത്ത് സിംഗിളുകളും ഡബിളുകളുമായി ക്രീസില്‍ നിലയുറപ്പിച്ചു കളിക്കുകയായിരുന്നു ലഖ്നൗ നായകന്‍ ഋഷഭ് പന്ത്. സീസണില്‍ ആദ്യമായി അര്‍ധസെഞ്ച്വറിയും കണ്ടെത്തി താരം. ഒടുവില്‍ അവസാന ഓവറുകളിലെ പന്തിന്റെ കൂറ്റനടികളുടെ കരുത്തിലാണ് ഡല്‍ഹി 167 എന്ന പൊരുതിനോക്കാവുന്ന സ്‌കോറിലെത്തിയത്. 49 പന്തില്‍ നാലു വീതം സിക്സറും ബൗണ്ടറിയും പറത്തി 63 റണ്‍സുമായി പന്ത് ലഖ്നൗ ഇന്നിങ്സിലെ ടോപ്സ്‌കോററായി.
ചെന്നൈ ബൗളര്‍മാരില്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേഡയ്ക്കും മതീഷ പതിരാനയ്ക്കും തുണയായത് നൂര്‍ അഹ്‌മദിന്റെ അവിസ്മരണീയമായ സ്പെല്ലായിരുന്നു. ഇത്തവണ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായ നൂറിന് ഇന്ന് വിക്കറ്റ് രഹതിനായിരുന്നു. എന്നാല്‍, നാല് ഓവറില്‍ വെറും 13 റണ്‍സ് വിട്ടുകൊടുത്ത താരമാണ് മധ്യ ഓവറുകളില്‍ ഡല്‍ഹിയെ വരിഞ്ഞുമുറുക്കിയത്. ഖലീലിനും കാംബോജിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.