തിരുവനന്തപുരം – കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലെ കലാശ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊല്ലത്തെ തോൽപ്പിച്ചു കൊച്ചിക്ക് ആദ്യ കിരീടം. കഴിഞ്ഞ സീസണിലെ മോശ പ്രകടനത്തിൽ നിന്നും വമ്പൻ മറുപടിയുമായി തിരിച്ചുവന്ന കൊച്ചി 75 റൺസിനാണ് സച്ചിൻ ബേബിയെയും സംഘത്തെയും തോൽപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കൊച്ചി വിനൂപ് മനോഹരന്റെ വെടിക്കെട്ട് അർദ്ധ സെഞ്ച്വറിയിലും ( 30 പന്തിൽ 70 റൺസ് ), അൽഫി ഫ്രാൻസിസ് ജോൺ ( 25 പന്തിൽ 47 റൺസ്) എന്നിവരുടെ മികവിൽ എട്ടു വിക്കറ്റുകൾ നഷ്ടത്തിൽ 181 റൺസെടുത്തു. ആദ്യം ഓവറുകളിൽ തന്നെ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച വിനൂപ് പുറത്താക്കുമ്പോൾ കൊച്ചി രണ്ടു വിക്കറ്റിന് 83 എന്ന നിലയിലായിരുന്നു. ക്യാപ്റ്റൻ സാലി സാംസൺ അടക്കമുള്ള പിന്നീട് വന്ന താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോൾ മധ്യനിര ബാറ്റ്സ്മാനായ അൽഫിയാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊല്ലത്തിന് ഒന്ന് പൊരുതാൻ പോലും കൊച്ചി താരങ്ങൾ അവസരം കൊടുത്തില്ല. 16.3 ഓവറിൽ 106 റൺസിൽ എല്ലാവരെയും പുറത്താക്കി കൊച്ചി ആദ്യ കിരീടം നേടി. കൊല്ലത്തിന്റെ ടോപ് സ്കോറർ വാലറ്റ താരമായ വിജയ് വിശ്വനാഥാണ് ( പുറത്താക്കാതെ 24 പന്തിൽ 23 റൺസ്). ക്യാപ്റ്റൻ സച്ചിൻ ബേബി ( 17) യാണ് രണ്ടാമത്തെ ടോപ് സ്കോറർ. വിഷ്ണു വിനോദ് അടക്കമുള്ള മറ്റ് താരങ്ങൾ തീർത്തും നിരാശപ്പെടുത്തിയപ്പോൾ കൊച്ചിക്ക് കാര്യങ്ങൾ എളുപ്പമായി.
വിജയികൾക്ക് വേണ്ടി ജെറിൻ മൂന്ന് വിക്കറ്റുകൾ എറിഞ്ഞടുത്തപ്പോൾ ക്യാപ്റ്റൻ സാലി സാംസൺ, ആസിഫ്, മുഹമ്മദ് ആഷിക് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.