ബെംഗളുരു: സ്വന്തം ഗ്രൗണ്ടിലെ പരാജയപരമ്പരയിൽ നിന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന് മോചനമില്ല. ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ 12 ഓവറുകൾ മഴ കൊണ്ടുപോയ മത്സരത്തിൽ പഞ്ചാബ് കിങ്‌സിനോട് ബെംഗളുരു തോറ്റത് അഞ്ചു വിക്കറ്റിന്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത് ബെംഗളുരു മുന്നോട്ടുവച്ച ഒമ്പതു വിക്കറ്റിന് 95 റൺസ് നേടിയപ്പോൾ, 11 പന്ത് ശേഷിക്കേ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ സന്ദർശകർ അത് മറികടന്നു. തോൽവിയിലും ബെംഗളുരുവിനെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ച ടിം ഡേവിഡ് ആണ് മാൻ ഓഫ് ദി മാച്ച്.
ടിം ഡേവിഡ് (26 പന്തിൽ 50 നോട്ടൗട്ട്), ക്യാപ്ടൻ രജത് പഠിദാർ (23) എന്നിവരൊഴികെ ഒരു ബാറ്ററും രണ്ടക്കം കടക്കാതിരുന്നതും പഞ്ചാബ് ബൗളർമാരുടെ മിന്നും പ്രകടനവുമാണ് ബെംഗളുരുവിന് തിരിച്ചടിയായത്. സമ്മർദഘട്ടത്തിൽ നെഹാൽ വധേര (19 പന്തിൽ 33) നടത്തിയ ആക്രമണാത്മക ബാറ്റിങ് പഞ്ചാബിന് ചേസിങ് എളുപ്പമാക്കി.
മഴ കാരണം ഒന്നര മണിക്കൂറിലേറെ വൈകിയാരംഭിച്ച മത്സരം ഇരുടീമുകൾക്കും 14 ഓവർ വീതമാക്കി കുറച്ചിരുന്നു. സ്വന്തം ഗ്രൗണ്ടിൽ നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടോസ് നഷ്ടമായിരുന്ന ബെംഗളുരുവിനെ ഇന്നും ഭാഗ്യം തുണച്ചില്ല. ഈർപ്പമുള്ള അന്തരീക്ഷത്തിൽ ആതിഥേയരെ ആദ്യം ബാറ്റിങ്ങിനയക്കാൻ പഞ്ചാബ് ക്യാപ്ടൻ ശ്രേയസ് അയ്യർക്ക് അധികം ആലോചിക്കേണ്ടി വന്നില്ല.
അയ്യരുടെ തീരുമാനം ശരിവെച്ചു കൊണ്ട് തന്റെ ആദ്യ രണ്ട് ഓവറുകളിൽ ഓപണർമാരായ ഫിൽ സാൾട്ടിനെയും (4) വിരാട് കോഹ്ലിയെയും (1) പുറത്താക്കി അർഷ്ദീപ് സിങ് പഞ്ചാബിന് മികച്ച തുടക്കമാണ് നൽകിയത്. ലിയാം ലിവിങ്സ്റ്റനെ ഷാവിയർ ബാർട്‌ലറ്റും പുറത്താക്കിയതോടെ നാല് ഓവർ പിന്നിടുമ്പോൾ 26 റൺസിന് മൂന്നു വിക്കറ്റ് എന്ന അവസ്ഥയിലായി ബെംഗളുരു.
കൊൽക്കത്തയ്‌ക്കെതിരെ 111 റൺസ് ഡിഫന്റ് ചെയ്ത കഴിഞ്ഞ മത്സരത്തിലെ താരമായ യുജവേന്ദ്ര ചഹൽ, തന്റെ ആദ്യ ഓവറിൽ തന്നെ ജിതേഷ് ശർമക്ക് (2) മടക്ക ടിക്കറ്റ് നൽകുകയും കൃണാൾ പാണ്ഡ്യയെ (1) മാർക്കോ യാൻസൻ സ്വന്തം പന്തിൽ പിടികൂടുകയും ചെയ്തപ്പോൾ 33 റൺസിന് അഞ്ചു വിക്കറ്റ് എന്ന നിലയിലേക്ക് ആതിഥേയർ കൂപ്പുകുത്തി. ഒരറ്റത്ത് വിക്കറ്റുകൾ മുറയ്ക്ക് വീഴുമ്പോഴും കുലുങ്ങാതെ നിന്ന ക്യാപ്ടൻ രജത് പഠിദാറിനെ (23) ബാർട്‌ലറ്റിന്റെ കൈകളിലെത്തിച്ച് ചഹാൽ വീണ്ടും ആഞ്ഞടിച്ചു. ഇംപാക്ട് സബ് ആയി എത്തിയ മനോജ് ഭണ്ഡാഗെ (1) ജാൻസന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുക കൂടിയായപ്പോൾ 43 ന് 7 എന്ന ദയനീയ സ്ഥിതിയിലായി ബെംഗളുരു.
സ്‌കോർ 50 പോലും കടക്കില്ല എന്ന് തോന്നിച്ച ഘട്ടത്തിൽ ടിം ഡേവിഡ് നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ബെംഗളുരുവിന് പൊരുതാവുന്ന സ്‌കോറിലെങ്കിലും എത്തിച്ചത്. അർഷ്ദീപിന്റെയും ബാർട്‌ലെറ്റിന്റെയും പന്തുകളിൽ ബൗണ്ടറി കണ്ടെത്തിയ ഡേവിഡ് ഹർപ്രീത് ബ്രാർ എറിഞ്ഞ അവസാന ഓവറിൽ മൂന്ന് സിക്‌സറടക്കം 21 റൺസ് വാരിക്കൂട്ടി. അവസാന പന്തിലാണ് ഡേവിഡ് അർധ സെഞ്ച്വറി തികച്ചത്. 26 പന്ത് നേരിട്ട ഡേവിഡ് 50 റൺസും 18 പന്തിൽ നിന്ന് പഠിദാർ 23-ഉം റൺസ് നേടിയപ്പോൾ ബെംഗളുരുവിന്റെ മറ്റ് ബാറ്റർമാരെല്ലാം കൂടി നേടിയത് 40 പന്തിൽ നിന്ന് വെറും 22 റൺസാണ്.
10 റൺസ് വഴങ്ങി യാൻസനും 11 റൺസ് വിട്ടുകൊടുത്ത് ചഹാലും രണ്ടുവീതം വിക്കറ്റെടുത്തപ്പോൾ രണ്ടുപേരെ വീതം പുറത്താക്കിയ അർഷ്ദീപ് 23-ഉം ഹർപ്രീത് ബ്രാർ 25-ഉം റൺസ് വിട്ടുനൽകി.
ബാറ്റിങ് എളുപ്പമല്ലാത്ത പിച്ചിൽ കൃത്യമായ ഇടവേളകളിൽ ബെംഗളുരു വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും മൂന്ന് സിക്‌സറും മൂന്ന് ബൗണ്ടറിയുമടിച്ച് പുറത്താകാതെ 33 റൺസ് നേടിയ നെഹാൽ വാധ്രയുടെ ഇന്നിങ്‌സ് പഞ്ചാബിന് കരുത്താവുകയായിരുന്നു. മൂന്നു വിക്കറ്റെടുത്ത് ജോഷ് ഹേസൽവുഡും രണ്ടു പേരെ പുറത്താക്കി ഭുവനേശ്വർ കുമാറും സമ്മർദം ചെലുത്തിയെങ്കിലും സമചിത്തതയോടെ ബാറ്റ് വീശിയ പഞ്ചാബുകാർ അർഹിച്ച ജയം നേടി. പ്രിയാൻഷ് ആര്യ (16), ജോഷ് ഇംഗ്ലിസ് (14), പ്രഭ്‌സിമ്രൻ സിങ് (13) എന്നിവരുടെ ഇന്നിങ്‌സുകളും നിർണായകമായി. 53 റൺസിനിടെ നാലു വിക്കറ്റ് വീഴ്ത്തി ബെംഗളുരു സമ്മർദമുണ്ടാക്കിയെങ്കിലും അഞ്ചാം നമ്പറിലെത്തിയ വധേര കളി സന്ദർശകർക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു.