കൊളംബോ– വനിതാ ഏകദിന ലോകകപ്പിലും പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. പുരുഷാ ഏഷ്യൻ കപ്പിലെ തോൽവിക്ക് പിന്നാലെയാണ് വനിതാ ലോകകപ്പിലും പാകിസ്ഥാൻ ഇന്ത്യയോട് പരാജയപ്പെടുന്നത്. 88 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 247 റൺസിന് എല്ലാവരും പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അയൽക്കാർ 159 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടി ദീപ്തി ശര്‍മ, ക്രാന്തി ഗൗത് മൂന്ന് വിക്കറ്റ് വീതം നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. സ്‌നേഹ റാണ രണ്ടു പേരെയും മടക്കി. സിദ്ര അമീൻ നേടിയ 81 റൺസാണ് പാകിസ്ഥാനിനെ വൻതോൽവിയിൽ നിന്നും കരകയറ്റിയത്.
ടോസ് ഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ടോപ് സ്‌കോറർ 46 റണ്‍സെടുത്ത ഹര്‍ലീന്‍ ഡിയോളാണ്. റിച്ച ഘോഷ് (പുറത്താവാതെ 35), ജമീമ റോഡ്രിഗസ് (32), പ്രതീക റാവൽ (31) എന്നിവരുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ നേടിയത്. ദീപ്തി ശർമ്മ (25), സ്‌മൃതി മന്ദാന (23) എന്നിവരുടെ പ്രകടനവും നിർണായകമായി. പാകിസ്ഥാന് വേണ്ടി ദിയാന ബെയ്ഗ് നാല് വിക്കറ്റ് നേടിയപ്പോൾ സാദിയ ഇഖ്ബാല്‍, ഫാത്തിമ സന എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
248 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് 26 റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുൻനിര താരങ്ങളെ നഷ്ട്ടപ്പെട്ടു. മുനീബ അലി(2), സദഫ് ഷമാസ്(6), അലിയ റിയാസ്(2) എന്നിവരെയാണ് ഇന്ത്യൻ ബൗളിങ് നിര മടക്കിയത്. നാലാം വിക്കറ്റില്‍ സിദ്ര – നതാലിയ പെര്‍വൈസും ചേര്‍ന്നാണ് ടീമിനെ കരകയറ്റിയത്. ഇരുവരുടെയും കൂട്ട്കെട്ട് തകർന്നത് സ്കോർ 95ൽ നിൽക്കെയാണ്. 33 റൺസെടുത്ത നതാലിയ പെർവൈസിനെ മടക്കി ക്രാന്തിയാണ് ഈ കൂട്ട്കെട്ട് തകർത്തത്. പിന്നാലെ ക്യാപ്റ്റന്‍ ഫാത്തിമ സനയും(2) പുറത്തായെങ്കിലും ഒരു വശത്ത് സിദ്ര ഉറച്ചുനിന്നു. പിന്നാലെ വന്നവരുടെ വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. സ്കോർ 150ൽ നിൽക്കെയാണ് 81 റൺസെടുത്ത സിദ്രയുടെ പോരാട്ടത്തെ സ്‌നേഹ അവസാനിപ്പിച്ചത്. സിദ്ര, നതാലിയ എന്നിവരെ കൂടാതെ ഇരട്ടയക്കം കടന്നത് സിദ്ര നവാസ്(14) മാത്രമാണ്.
വിജയത്തോടെ ഇന്ത്യ പോയിന്റ്പട്ടികയിൽ ഒന്നാമതെത്തി.
ഇതിനിടയിൽ സിദ്ര ഒരു റെക്കോർഡിനും അർഹയായി. ഇന്ത്യക്ക് എതിരെ വനിതാ ഏകദിന ക്രിക്കറ്റിൽ സിക്സ് അടിക്കുന്ന ആദ്യത്തെ താരമായി സിദ്ര മാറി. 8-ാം ഓവറിൽ സ്നേഹ റാണയെ സിക്‌സറിന് പറത്തിയാണ് സിദ്ര ഈ റെക്കോർഡിന് അർഹയായത്.