ഡൽഹി – വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിലും മേധാവിത്വം കാണിച്ച് ഇന്ത്യ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ വിന്‍ഡീസ് നാലിന് 140 എന്ന നിലയിലാണ്. ആറു വിക്കറ്റ് കയ്യിലിരിക്കെ 378 റൺസിന്റെ പിറകിലാണ് വിന്‍ഡീസ്. ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ അഞ്ചിന് 518 എന്ന നിലയില്‍ നിൽക്കെ ഡിക്ലയര്‍ ചെയ്ത് എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
രണ്ടു വിക്കറ്റ് നഷ്ടത്തിൽ 318 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കം തന്നെ പിഴച്ചു. ഡബിൾ സെഞ്ച്വറി ലക്ഷ്യമിട്ട യശസ്വി ജയ്സ്വാളിനെ നഷ്‍ടമായി. രണ്ടു റൺസും കൂടി ചേർത്ത ജയ്സ്വാള്‍ 175 റൺസുമായി റണ്ണൗട്ടാവുകയായിരുന്നു. എന്നാൽ പിന്നാലെ എത്തിയ നിതീഷ് കുമാർ (43 ) , ദ്രുവ് ജുറെൽ (44) എന്നിവരെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ ഗിൽ സെഞ്ച്വറി പൂർത്തിയാക്കി സ്കോർ 500 കടത്തി. ജുറെൽ മടങ്ങിയതോടെ ഗിൽ ഡിക്ലയര്‍ ചെയ്യാൻ തീരുമാനിച്ചു. 129 റൺസുമായി ഗിൽ പുറത്താകാതെ നിന്നു. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ജോമൽ വാരിക്കൻ മൂന്ന് വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിന് തുടക്കം തന്നെ പ്രഹരം നൽകി പത്തു റൺസുമായി ജോൺ കാംബെൽ മടങ്ങി. പിന്നീട് ചന്ദർപോൾ (34) , അലിക്ക് അത്നാസെ (41) എന്നിവർ ചേർന്ന് സ്കോർ പടുത്തയർത്തി. എന്നാൽ ഇവരെ നഷ്ടമായതോടെ വീണ്ടും പ്രതിസന്ധിയിലായി. റോസറ്റൻ ചെസ് റൺസ് ഒന്നും എടുക്കാതെ മടക്കി. ഇതോടെ നാലു വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിൽ തകർച്ച നേരിട്ടു. പിന്നീട് നാല് വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എന്ന നിലയിൽ നിൽക്കെ രണ്ടാം ദിനത്തെ കളി അവസാനിച്ചു. ഷായ് ഹോപ് (31), ടെവിൻ ഇംലാച്ച് (14) എന്നിരാണ് ക്രീസിൽ.
ഇന്ത്യയ്ക്കുവേണ്ടി മൂന്നു വിക്കറ്റുകൾ രവീന്ദ്ര ജഡേജ നേടിയപ്പോൾ ഒരു വിക്കറ്റ് സ്വന്തമാക്കിയത് കുൽദീപ് യാദവാണ്.