ന്യൂഡൽഹി – ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ തുടണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ പഹൽഗാമിലേത് പോലെയുള്ള ഭീകരാക്രമണങ്ങൾ ഒരിക്കലും ആവർത്തിക്കരുതെന്നും ഗാംഗുലി വ്യക്തമാക്കി. സമാധാനവും, കായികമത്സരങ്ങളും കൈകോർത്ത് പോവേണ്ട സമയമാണിതെന്നു കൂടിയാണ് അദ്ദേഹത്തിന്റെ സന്ദേശം.
“മത്സരങ്ങൾ മുന്നോട്ട് പോവണം. പഹൽഗാം പോലുള്ള ആക്രമണങ്ങൾ ഒരിക്കലും സംഭവിക്കരുത്. ഭീകരവാദം അവസാനിക്കണം. അതിനായി ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ക്രിക്കറ്റ് പോലെ കായിക മൽസരങ്ങൾ തുടരേണ്ടതാണ്,” എന്നായിരുന്നു ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞത്.
ഏഷ്യാ കപ്പ് ടി20 ടൂർണമെന്റിന്റെ മത്സരക്രമം പുറത്തുവന്നതിനു പിന്നാലെയാണ് ഗാംഗുലിയുടെ പ്രസ്താവന. സെപ്റ്റംബർ 9 മുതൽ 28 വരെ യുഎഇയിൽ വെച്ച് ടൂർണമെന്റ് നടക്കും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം സെപ്റ്റംബർ 14-ന് നിർണ്ണായകമായി കണക്കാക്കപ്പെടുന്നു. മത്സരക്രമം എസിസി പ്രസിഡന്റ് മുഹ്സിൻ നഖ്‌വി എക്സിൽ ആണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഈ ടൂർണമെന്റിൽ ആകെ 19 മത്സരങ്ങൾ നടക്കും. ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ ഉൾപ്പെടുന്ന ഗ്രൂപ്പ് എയും, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് അടങ്ങുന്ന ഗ്രൂപ്പ് ബിയുമാണ് അടങ്ങിയത്. സൂപ്പർ ഫോറിലൂടെ ഫൈനലിലേക്കുള്ള വഴി തീർച്ചയായും ആവേശം നിറയ്ക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, മുമ്പ് പാകിസ്ഥാനിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിലും, ഇന്ത്യ പാകിസ്താനിലേക്ക് നേരിട്ട് പോയിരുന്നില്ല. ഹൈബ്രിഡ് മോഡലിൽ ദുബായിലായിരുന്നു മത്സരങ്ങൾ. ഐസിസി ഇതേ മോഡൽ 2027 വരെയുള്ള എല്ലാ ഇന്ത്യ–പാകിസ്ഥാൻ മത്സരങ്ങൾക്കുമായി തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.
രാജ്യാന്തര രാഷ്ട്രീയവും രാജ്യസുരക്ഷയും വലിയ കാര്യങ്ങളാണെങ്കിലും, ഗാംഗുലിയുടെ അഭിപ്രായം കായിക ബന്ധം തമ്മിൽ പുലർത്താൻ ശ്രമിക്കുന്നതാണെന്ന് വ്യക്തമാണ്. ഇന്ത്യ–പാകിസ്ഥാൻ മത്സരം എപ്പോഴും ലോകമെമ്പാടുമുള്ള ആരാധകരെ ആവേശഭരിതരാക്കുന്ന കായികമഹായുദ്ധമാണ്.