ദുബൈ– ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് മിന്നും നേട്ടം. ലോകകപ്പിന് ശേഷം മത്സരങ്ങളിലൊന്നും പങ്കെടുത്തില്ലെങ്കിലും മലയാളി താരം സഞ്ജു സാംസൺ റാങ്കിംഗിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി 21-ാം സ്ഥാനത്തെത്തി. ലോകകപ്പിലെ മികച്ച പ്രകടനമാണ് സഞ്ജുവിനെ ഈ നേട്ടത്തിന് അർഹനാക്കിയത്. അതേസമയം, 875 റേറ്റിംഗ് പോയിന്റോടെ ഇന്ത്യൻ യുവതാരം അഭിഷേക് ശർമ ടി20 ബാറ്റിംഗ് റാങ്കിംഗിൽ തന്റെ ഒന്നാം സ്ഥാനം നിലനിർത്തി.
അഭിഷേകിന് തൊട്ടുപിന്നാലെ 871 പോയിന്റുമായി ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്തുണ്ട്. യുവതാരം തിലക് വർമ ആറാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മാറ്റമില്ലാതെ ഒമ്പതാം സ്ഥാനത്ത് തുടരുന്നു. ഓൾറൗണ്ടർമാരായ ശിവം ദുബെ 27-ാം സ്ഥാനത്തും ഹാർദിക് പാണ്ഡ്യ 48-ാം സ്ഥാനത്തും മാറ്റമില്ലാതെ തുടരുകയാണ്.
ബൗളിംഗ് റാങ്കിംഗിൽ അഫ്ഗാൻ താരം റാഷിദ് ഖാൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഇന്ത്യയുടെ വരുൺ ചക്രവർത്തി രണ്ടാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലെത്തി. ന്യൂസിലൻഡ് താരം മിച്ചൽ സാന്റ്നർ 11 സ്ഥാനങ്ങൾ കയറി പതിമൂന്നാം റാങ്കിലെത്തിയതാണ് ബൗളിംഗിലെ മറ്റൊരു പ്രധാന മാറ്റം.



