മുംബൈ: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് ഇന്ത്യന്‍ ഓള് റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡെ. ഭാര്യയും സെര്‍ബിയന്‍ മോഡലുമായ നടാഷയുമായി വേര്‍പിരിയാന്‍ തീരുമാനിച്ചതായി താരം ഔദ്ദ്യോഗികമായി അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഹാര്‍ദ്ദിക്ക് ഈ വിവരം പങ്കുവച്ചത്.
”ഒരുമിച്ചുകഴിഞ്ഞ നാല് വര്‍ഷത്തിനുശേഷം ഞാനും നടാഷയും പരസ്പരധാരണയോടെ വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങള്‍ എല്ലാവിധത്തിലും പരമാവധി ശ്രമിച്ചു, ഇതാണ് രണ്ടുപേര്‍ക്കും ഏറ്റവും നല്ലതെന്ന് ഞങ്ങള്‍ കരുതുന്നു. ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത് ഞങ്ങളെ സംബന്ധിച്ച് കടുപ്പമേറിയതായിരുന്നു, കാരണം പരസ്പരം സന്തോഷവും ബഹുമാനവും നല്‍കുകയും ഞങ്ങളുടെ ദാമ്പത്യം ഞങ്ങള്‍ ആസ്വദിക്കുകയും ഒരു കുടുംബമായി വളരുകയും ചെയ്തു. ഞങ്ങളിരുവരുടേയും ജീവിതങ്ങളുടെ കേന്ദ്രം ഞങ്ങളുടെ മകന് അഗസ്ത്യ തന്നെയായിരിക്കും, അവന്റെ സന്തോഷത്തിനായി ഞങ്ങള്‍ രക്ഷകര്തൃപങ്കാളിത്തം ഉറപ്പുവരുത്തും. നിങ്ങളുടെ പിന്തുണയ്ക്കും സഹകരണത്തിനുമായി ആത്മാര്‍ഥമായി അഭ്യര്‍ഥിക്കുകയാണ്. അതിവിഷമകരമായ ഈ സന്ദര്‍ഭത്തില്‍ ഞങ്ങള്‍ക്ക് സ്വകാര്യതയേകണമെന്നും അപേക്ഷിക്കുന്നു’, ഹാര്‍ദിക്ക് കുറിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ സീസണിന് മുന്നേ ഇരുവരും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത പുറത്തു വന്നിരുന്നു. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ ഹാര്‍ദ്ദിക്കിന് കഴിഞ്ഞ സീസണ് മോശമായിരുന്നു. നടാഷ താരത്തിന്റെ മല്‍സരങ്ങള്‍ കാണാനും രംഗത്തുണ്ടായിരുന്നില്ല. ട്വന്റി-20 ലോകകപ്പിനും നടാഷ എത്തിയിരുന്നില്ല. ലോകകപ്പ് നേടിയ ഹാര്‍ദ്ദിക്കിനെ നടാഷ ആശംസിക്കാത്തതും ഇരുവരുടെയും അകലം സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് ഏറെ നാളായി നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇന്ന് വിരാമമായത്. ിജയാഷോഷങ്ങള്ക്കുശേഷം മകനൊപ്പമുള്ള ചിത്രങ്ങള്‍ ഹാര്‍ദിക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. തനിക്ക് കിട്ടിയ സ്വര്‍ണമെഡല്‍ മകന്റെ കഴുത്തില്‍ അണിയിക്കുകയായിരുന്നു ഹാര്‍ദിക്.
അതിനിടെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ പ്രാചി സോളങ്കിക്കൊപ്പമുള്ള ഹാര്‍ദികിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നേരത്തേ ഇന്‍സ്റ്റഗ്രാമിലെ ബയോയില്‍ നിന്ന് പാണ്ഡ്യ എന്ന സര്‍നെയിം നടാഷ ഒഴിവാക്കിയതോടെയാണ് വിവാഹ മോചന അഭ്യൂഹങ്ങളുണ്ടായത്. ഒപ്പം ഹാര്‍ദികിനൊപ്പമുള്ള ചില ചിത്രങ്ങളും അവര്‍ ഒഴിവാക്കിയിരുന്നു. 2020-ലാണ് ഹാര്‍ദികും ഡാന്‍സറും മോഡലും ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയുമായ നടാഷയും വിവാഹിതരായത്.
നാല് വര്‍ഷത്തെ വിവാഹജീവിതത്തിനൊടുവിലാണ് ഇരുവരും വേര്പിരിയലിലെത്തിയിരിക്കുന്നത്. മകന് അഗസ്ത്യയ്ക്കൊപ്പം മുംബൈ വിമാനത്താവളത്തിലെത്തിയ നടാഷയുടെ ചിത്രം കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. നടാഷ സ്വന്തം നാടായ സെര്‍ബിയയിലേക്ക് ചേക്കേറുമെന്നും വാര്‍ത്തകളുണ്ട്. ഹാര്‍ദ്ദിക്കിന്റെ സ്വത്തിന്റെ മൂക്കാല്‍ ഭാഗം നടാഷയ്ക്ക് നഷ്ടപരിഹാരമായി നല്‍കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.