ഷാർജ – ഭരണകൂടത്തിനെതിരെ നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻ സി വിപ്ലവം ലോകമെമ്പാടും ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ ഇപ്പോളിതാ നേപ്പാൾ ജെൻ സി വിപ്ലവം ക്രിക്കറ്റിലും ആവർത്തിക്കുകയാണ്. നിരവധി തവണ ലോകചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിനെ തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽപ്പിച്ച് നേപ്പാൾ പരമ്പര നേടി.
ആദ്യ ബാറ്റ് ചെയ്ത നേപ്പാൾ ആസിഫ് ശൈഖ്, സുന്ദീപ് ജോറ എന്നിവരുടെ അർദ്ധ സെഞ്ച്വറി കരുത്തിൽ 173 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസിനെ വെറും 83 റൺസിന് പുറത്താക്കി 90 റൺസിന്റെ കൂറ്റൻ വിജയമാണ് നേടിയത്. ആദ്യ മത്സരത്തിൽ 19 റൺസിന്റെ വിജയം ഇവർ സ്വന്തമാക്കിയിരുന്നു. ഇതോടെ
മൂന്നു മത്സരങ്ങൾ അടങ്ങിയ ടി-20 യിൽ ഇതോടെ 2-0 മുന്നിലെത്തിയിരിക്കുകയാണ് നേപ്പാൾ. അവസാന മത്സരം ഇന്ന് ഷാർജയിൽ അരങ്ങേറും.
ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത നേപ്പാളിന് തുടക്കം അത്ര മികച്ചത് ആയിരുന്നില്ല. 43 റൺസെടുക്കുന്നതിനിടെ കുശാൽ ഭുർട്ടൽ ( രണ്ട് ), ക്യാപ്റ്റൻരോഹിത് പൗഡൽ ( 3), കുശാൽ മല്ല ( ഏഴ്) എന്ന മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത് . നാലാം വിക്കറ്റിൽ ഓപ്പണർ ആസിഫ് ശൈഖും സുന്ദീപും ചേർന്ന് 100 റൺസാണ് കൂട്ടിച്ചേർത്തത്. 143ൽ നിൽക്കെ സുന്ദീപ് 63 റൺസുമായി മടങ്ങി. പിന്നാലെ എത്തിയ ഗുൽസൻ, ആദിൽ അൻസാരി എന്നിവർ പെട്ടെന്ന് മടങ്ങിയെങ്കിലും ആസിഫ് 68 റൺസുമായി പുറത്താകാതെ നിന്ന് മത്സരം അവസാനിക്കുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 173 എന്ന ശക്തമായി നിലയിലെത്തിയിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് താരങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞപ്പോൾ 83 റൺസ് എടുക്കുന്നതിനിടെ തന്നെ എല്ലാവരും പുറത്തായി നേപ്പാൾ ചരിത്ര പരമ്പരക്ക് അർഹരായി. നേപ്പാൾ ചരിത്രം പരമ്പര സ്വന്തമാക്കി. ഹോൾഡർ (21), വെയ്ൻ ജാരെൽ ( 17), അമീർ ( 16) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. നാലു വിക്കറ്റ് നേടിയ ആസിഫ് അൻസാരിയും മൂന്നു വിക്കറ്റ് നേടിയ കുശാലുമാണ് നാലു തവണ ചാമ്പ്യന്മാരായ ( ഏകദിന, ടി-20 ലോകകപ്പുകളിൽ ) വെസ്റ്റ് ഇൻഡീസിന്റെ ബാറ്റിങ് നിര തകർത്തത്. ആസിഫ് ശൈഖാണ് മാൻ ഓഫ് ദി മാച്ച്.
നേപ്പാൾ നിരയിൽ ഇന്നലെ കളിക്കാൻ ഇറങ്ങിയ ഏഴ് താരങ്ങളും 25 വയസ്സിന് താഴെയുള്ളവരാണ്. ഒരാൾ മാത്രമാണ് 30 വയസ്സിനു മുകളിലും. ഇത് കാണിക്കുന്നത് ഭാവിയിലെ നേപ്പാൾ ക്രിക്കറ്റിന്റെ വളർച്ചയെയാണ്.