ന്യൂഡല്‍ഹി: പോയിന്റ് ടേബിളില്‍ ആദ്യ സ്ഥാനങ്ങള്‍ക്കായി ഇഞ്ചോടിഞ്ചു പോരാടിനിന്ന ഡല്‍ഹിക്ക് സ്വന്തം തട്ടകത്തില്‍ വീണ്ടും തോല്‍വി. ബംഗളൂരുവിനെതിരായ ഒന്‍പതു വിക്കറ്റിന്റെ തോല്‍വിക്കുശേഷം കൊല്‍ക്കത്തയാണ് ഇന്ന് ക്യാപിറ്റല്‍സിനെ തകര്‍ത്തത്. 14 റണ്‍സിനായിരുന്നു നൈറ്റ് റൈഡേഴ്‌സിന്റെ വിജയം. പാര്‍ട്ട് ടൈം ക്യാപ്റ്റന്‍റെ റോളിലെത്തിയ സുനില്‍ നരൈനാണ് 26 റണ്‍സും മൂന്ന് വിക്കറ്റുമായി സന്ദര്‍ശകനിരയില്‍ താരമായത്.
കൊല്‍ക്കത്ത ഉയര്‍ത്തിയ 205 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആതിഥേയര്‍ക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ ഓവര്‍ എറിഞ്ഞ ഇടങ്കയ്യന്‍ സ്പിന്നര്‍ അനുകുല്‍ റോയിയുടെ രണ്ടാം പന്തില്‍ തന്നെ ഇന്‍ഫോം ബാറ്റര്‍ അഭിഷേക് പൊറേല്‍ പുറത്തായി. അഞ്ചാം ഓവറില്‍ മലയാളി താരം കരുണ്‍ നായരും മടങ്ങി. പവര്‍പ്ലേയ്ക്കു പിന്നാലെ കാര്യമായൊന്നും ചെയ്യാനാകാതെ കെ.എല്‍ രാഹുലും മടങ്ങിയതോടെ ടീം പ്രതിരോധത്തിലായി.
എന്നാല്‍, നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിനെ കൂട്ടുപിടിച്ച് ഓപണര്‍ ഫാഫ് ഡുപ്ലെസിസ് ടീമിനെ വ ലിയ തകര്‍ച്ചയില്‍നിന്നു കരകയറ്റി. സിംഗിളും ഡബിളുകളും ഇടവേളകളില്‍ ബൗണ്ടറികളും കണ്ടെത്തി ലക്ഷ്യം കൈവിടാതെ കാക്കുകയായിരുന്നു ഇരുവരും. എന്നാല്‍, മികച്ച ടച്ചില്‍ മുന്നേറിയ അക്‌സറിനെ 14-ാം ഓവറില്‍ വന്ന് സുനില്‍ നരൈന്‍ വീഴ്ത്തി. താരത്തിന്റെ പന്ത് എക്‌സ്ട്രാ കവറിനു മുകളിലൂടെ പറത്താനുള്ള നീക്കം ഹര്‍ഷിത് റാണയുടെ കൈകളിലാണ് അവസാനിച്ചത്. 23 പന്ത് നേരിട്ട് നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും പറത്തി 43 റണ്‍സെടുത്താണ് ഡല്‍ഹി നായകന്‍ മടങ്ങിയത്. ഇതേ ഓവറില്‍ തന്നെ യുവതാരം ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ ക്ലീന്‍ ബൗള്‍ഡാക്കി നരൈന്‍ കളി കൊല്‍ക്കത്തയുടെ കൈകളിലുറപ്പിച്ചു. വാലറ്റത്തില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ വിപ്രാജ് നടത്തിയ വെടിക്കെട്ട്(19 പന്തില്‍ അഞ്ച് ബൌണ്ടറിയും രണ്ട് സിക്സറും സഹിതം 38) പ്രകടനത്തിനും ഡല്‍ഹിയെ രക്ഷിക്കാനായില്ല.
നേരത്തെ, ടോസ് ഭാഗ്യം തുണച്ച് ആദ്യം ബൗളിങ് തിരഞ്ഞെടുത്തിട്ടും ഡല്‍ഹിക്ക് കൊല്‍ക്കത്തയെ പിടിച്ചുകെട്ടാനായില്ല. പവര്‍പ്ലേയില്‍ കൊല്‍ക്കത്ത ഓപണര്‍മാരായ റഹ്‌മനുല്ല ഗുര്‍ബാസും സുനില്‍ നരൈനും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് ടീമിനു നല്‍കിയത്. പവര്‍പ്ലേയില്‍ ഗുര്‍ബാസിന്റെ(12 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 26) ഒരു വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സാണ് സന്ദര്‍ശകര്‍ ആദ്യ ആറ് ഓവറില്‍ അടിച്ചെടുത്തത്.
പവര്‍പ്ലേയ്ക്കു പിന്നാലെ അടുത്തടുത്ത ഓവറുകളില്‍ നരൈനും(16 പന്തില്‍ രണ്ടുവീതം സിക്‌സറും ബൗണ്ടറിയും സഹിതം 26) ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും(14 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 26) പുറത്തായെങ്കിലും ടീം സ്‌കോറിങ്ങിനെ അതു ബാധിച്ചില്ല. യുവതാരമായ അങ്ക്രിഷ് രഘുവന്‍ശിയും റിങ്കു സിങ്ങും ചേര്‍ന്ന് റണ്‍റേറ്റ് താഴാതെ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി. രഘുവന്‍ശി 32 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 44 റണ്‍സെടുത്ത് ടോപ്‌സ്‌കോററായി. ദുഷ്മന്ത ചമീറയുടെ പന്തില്‍ കരുണ്‍ നായര്‍ പിടിച്ചാണു താരം പുറത്തായത്. 25 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 36 റണ്‍സെടുത്ത റിങ്കു വിപ്രാജ് നിഗമിന്റെ പന്തില്‍ ലോങ് ഓണില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനു ക്യാച്ച് നല്‍കിയും മടങ്ങി. ഒടുക്കം ആന്ദ്രെ റസല്‍(ഒന്‍പത് പന്തില്‍ 17) നടത്തിയ വെടിക്കെട്ട് പ്രകടനം ആണ് ടീം ടോട്ടല്‍ 200 കടത്തിയത്.