ന്യൂഡല്‍ഹി: അവസാന സ്ഥാനക്കാരുടെ പോരില്‍ ആറു വിക്കറ്റിന്റെ വിജയവുമായി രാജസ്ഥാന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം 17 പന്ത് ബാക്കിനില്‍ക്കെയാണ് റോയല്‍സ് മറികടന്നത്. നിരാശാജനകമായ സീസണ്‍ വിജയത്തോടെ അവസാനിപ്പിക്കാനായതിന്റെ ആശ്വാസം സഞ്ജുവിനും സംഘത്തിനുമുണ്ടാകും. 14 മത്സരങ്ങളില്‍നിന്ന് എട്ടു പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തിരിക്കുന്നത്. മൂന്ന് വിക്കറ്റ് നേടിയ ആകാശ് മധ്‌വാളിന്റെ ബൗളിങ് പ്രകടനവും കൗമാരതാരം വൈഭവ് സൂര്യവംശിയുടെയും(57) ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും(41) ബാറ്റിങ് പ്രകടനവുമാണ് ടീമിനെ വിജയത്തിലേക്കു നയിച്ചത്.
നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാന്‍ നിര്‍ബന്ധിതരായ ചെന്നൈയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ഇരട്ട പ്രഹരമാണ് രാജസ്ഥാന്‍ പേസര്‍ യുധ്‌വീര്‍ സിങ് നല്‍കിയത്. ഓപണര്‍ ഡേവന്‍ കോണ്‍വേയെയും യുവതാരം ഉര്‍വില്‍ പട്ടേലിനെയും പവലിയനിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു താരം. വമ്പനടികളുമായി തകര്‍ത്തടിച്ച ആയുഷ് മാത്രേയുടെ ഇന്നിങ്‌സും പവര്‍പ്ലേയില്‍ അവസാനിച്ചു. 20 പന്തില്‍ എട്ട് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 43 റണ്‍സെടുത്താണ് മാേ്രത മടങ്ങിയത്.
പിന്നാലെ നാലാം സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിച്ച രവിചന്ദ്രന്‍ അശ്വിനും അഞ്ചാമനായി ഇറങ്ങിയ രവീന്ദ്ര ജഡേജയും കാര്യമായൊന്നും ചെയ്യാനാകാതെ മടങ്ങിയതോടെ ചെന്നൈ പ്രതിരോധത്തിലേക്കു വീണു. എന്നാല്‍, കൂടുതല്‍ ഡിഫന്‍സിലേക്കു പോകാതെ ഡിവാല്‍ഡ് ബ്രെവിസും ശിവം ദുബേയും ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. പത്ത് റണ്‍ ശരാശര ിയില്‍ തന്നെ ആറാം വിക്കറ്റ് കൂട്ടുകെട്ട് മുന്നോട്ടുകുതിച്ചു. എന്നാല്‍, രാജസ്ഥാന്റെ എല്ലാ ബൗളര്‍മാരെയും ഒരുപോലെ കൈകാര്യം ചെയ്ത ബ്രെവിസിന്റെ പോരാട്ടം ആകാശ് മധ് വാളിന്റെ ഫുള്‍ലെങ്ത്ത് പന്തില്‍ ബാറ്റില്‍ എഡ്ജായി അവസാനിച്ചു. 25 പന്തില്‍ മൂന്ന് സിക്‌സറും രണ്ടു ബൗണ്ടറിയും സഹിതം 42 റണ്‍സെടുത്താണു താരം മടങ്ങിയത്.
200 ടോട്ടലിലേക്കു പോകുമായിരുന്ന ചെന്നൈ ഇന്നിങ്‌സിനെ ആകാശ് മധ്‌വാളും വനിന്ദു ഹസരംഗയും തുഷാര്‍ ദേശ്പാണ്ഡെയും ചേര്‍ന്നാണു പിടിച്ചുകെട്ടിയത്. 32 പന്തില്‍ 39 റണ്‍സെടുത്ത ദുബേയെയും 17 പന്തില്‍ 16 റണ്‍സ് മാത്രം നേടാനായ ധോണിയെയും അവസാന ഓവറുകളില്‍ നിരായുധരാക്കി മധ്‌വാളും ദേശ്പാണ്ഡെയും ഗംഭീര പ്രകടനവും പുറത്തെടുത്തു.
യശസ്വി ജെയ്‌സ്വാള്‍-വൈഭവ് സൂര്യവംശി ഓപണിങ് കൂട്ടുകെട്ട് ഒരിക്കല്‍കൂടി തകര്‍ത്താടിയതാണ് രാജസ്ഥാന്റെ ചേസിങ്ങില്‍ തുണയായത്. തകര്‍പ്പനടികളുമായി കിടിലന്‍ ഫോം തുടര്‍ന്ന ജയ്‌സ്വാളിനെ(19 പന്തില്‍ 36) മനോഹരമായൊരു ഹാര്‍ഡ് ലെങ്ത് ബൗളില്‍ അന്‍ഷുല്‍ കാംബോജ് ക്ലീന്‍ബൗള്‍ഡാക്കിയെങ്കിലും ചെന്നൈയ്ക്ക് ആശ്വസിക്കാന്‍ വകയുണ്ടായിരുന്നില്ല.
എല്ലാ പന്തും ആക്രമിക്കുകളിക്കുന്ന പതിവുശൈലി മാറ്റിപ്പിടിച്ച വൈഭവും ക്യാപ്റ്റന്‍ സഞ്ജു സാംസണും ചേര്‍ന്ന് ടീമിന് മികച്ച അടിത്തറയൊരുക്കി. 59 പന്തില്‍ 98 റണ്‍സാണ് ഇരുവരും രണ്ടാം വിക്കറ്റില്‍ അടിച്ചെടുത്തത്. അശ്വിന്‍ എറിഞ്ഞ 14-ാം ഓവറില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ചു രണ്ട് സെറ്റ് ബാറ്റര്‍മാരും പുറത്തായി. 31 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ടു സിക്‌സറും സഹിതം 41 റണ്‍സെടുത്താണ് സഞ്ജു മടങ്ങിയതെങ്കില്‍ 33 പന്തില്‍ നാലുവീതം സിക്‌സറും ബൗണ്ടറിയും അടിച്ച് 57 റണ്‍സുമായാണ് വൈഭവ് കൂടാരം കയറിയത്.
സഞ്ജുവിനും വൈഭവിനും പിന്നാലെ നൂര്‍ അഹ്‌മദ് റിയാന്‍ പരാഗിനെ പുറത്താക്കുക കൂടി ചെയ്തതോടെ രാജസ്ഥാന്‍ മറ്റൊരു ചേസിങ് ദുരന്തം കൂടി മണത്തതാണ്. എന്നാല്‍, വെടിക്കെട്ട് കാമിയോയുമായി ധ്രുവ് ജുറേല്‍(12 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും സഹിതം 31) ഒടുവില്‍ ടീമിനെ ഫിനിഷിങ് ലൈനിലെത്തിച്ചു.