ലണ്ടൻ – ലെജൻഡ്‌സ് ലോക ചാംപ്യൻഷിപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ഇന്ത്യൻ താരങ്ങളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. പാക്കിസ്‌ഥാനെതിരെ കളിക്കാൻ താൽപര്യമില്ലെന്ന് ശിഖർ ധവാൻ ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങൾ നിലപാടറിയിച്ചതോടെയാണ് സംഘാടകർ മത്സരം വേണ്ടെന്നുവച്ചത്. ജൂലൈ 21-ന് ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ മത്സരം നടത്താനായിരുന്നു പദ്ധതി. ഷാഹിദ് അഫ്രീദി, ഹഫീസ്, തൻവീർ, മാലിക് എന്നിവരുള്‍പ്പെട്ട പാക് ടീമും മത്സരത്തിന് സജ്ജരായിരുന്നു. എന്നാൽ, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ താത്കാലികമായി ഇന്ത്യ-പാകിസ്‌താൻ ക്രിക്കറ്റ് ബന്ധം താറുമാറായതിന്റെ പ്രതിഫലനമായാണ് ഈ തീരുമാനം
യുവരാജ് സിങ്, ശിഖർ ധവാൻ, സുരേഷ് റൈന, ഹർഭജൻ സിങ് എന്നിവർ ഒരു വശത്ത്, ഷാഹിദ് അഫ്രീദി, സുഹൈൽ തൻവീർ, മുഹമ്മദ് ഹഫീസ്, ശുഐബ് മാലിക് എന്നിവർ മറുവശത്ത് അണിനിരക്കുമ്പോൾ പോയകാലത്തെ താര രാജാക്കന്മാരുടെ ഒരു ഉഗ്രൻപോരാട്ടം കാണാമെന്ന പ്രതീക്ഷയിലായിരുന്നു ക്രിക്കറ്റ് ആരാധകർ. മത്സരം കാണാൻ കാണികൾ തടിച്ചുകൂടുമെന്നും, വലിയ ലാഭം ലഭിക്കുമെന്ന് സംഘാടകരും പ്രതീക്ഷിച്ചിരുന്നു. അതിനിടയിലാണ് നാടകീയ സംഭവ വികാസങ്ങൾക്കൊടുവിൽ മത്സരം റദ്ദാക്കിയതായി വിവരങ്ങൾ പുറത്തുവന്നത്.
ഈ വർഷം നടക്കുന്ന ഏഷ്യകപ്പ് പോലും ഇന്ത്യ പാക് സംഘർഷത്തെ തുടർന്ന് അനിശ്ചിതത്വത്തിലാണ്. പാകിസ്‌താൻ ആഭ്യന്തര മന്ത്രികൂടിയായ മൊഹ്‌സിൻ നഖ്വി അധ്യക്ഷനായ ഏഷ്യൻ ക്രിക്കറ്റ് ക്രിക്കറ്റ് കൗൺസിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റിനോട് ഇന്ത്യക്ക് ശക്തമായ എതിർപ്പാണുള്ളത്. വേദിയുടെ കാര്യത്തിലടക്കം കടുത്ത അനിശ്ചിതത്വം നിലനിൽക്കുന്നു. ഇതിനിടയിൽ ജൂലൈ 24ന് ധാക്കയിൽ നടത്താനിരുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ യോഗത്തിൽ പങ്കെടുക്കില്ലെന്നും ബിസിസിഐ നിലപാടെടുത്തിട്ടുണ്ട്. ഇങ്ങനൊരു സമയത്ത് ഇന്ത്യൻ താരങ്ങൾ പാകിസ്‌താനെതിരെ കളിക്കാമോ എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ പലരും ഉയർത്തി.
പാക്കിസ്‌ഥാനെതിരെ കളിക്കില്ലെന്ന് ശിഖർ ധവാൻ സമൂഹമാധ്യമത്തിലാണു പ്രഖ്യാപിച്ചത്. സംഘാടകർക്കെഴുതിയ തുറന്ന കത്തിലായിരുന്നു ധവാൻ നിലപാട് അറിയിച്ചത്. ഇതിനു പിന്നാലെ മറ്റു ചില താരങ്ങളും മത്സരം കളിക്കാനില്ലെന്ന് അറിയിച്ചു. ഇതോടെ മത്സരം ഉപേക്ഷിക്കുകയല്ലാതെ സംഘാടകർക്കു മറ്റു വഴികളില്ലാതായി. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് ബന്ധം പൂർണമായും നിലച്ചിരുന്നു.
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ അംഗീകാരമില്ലാത്ത സ്വകാര്യ ടൂർണമെന്റാണ് ‘വേൾഡ് ചാംപ്യൻഷിപ് ഓഫ് ലെജൻഡ്‌സ്’. വിവിധ രാജ്യങ്ങളിൽനിന്നുള്ള വിരമിച്ച താരങ്ങളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. രാജ്യമാണു പ്രധാനമെന്നും മറ്റൊന്നും അതിലും വലുതല്ലെന്നുമായിരുന്നു ശിഖർ ധവാൻ സമൂഹമാധ്യമത്തിൽ പ്രതികരിച്ചത്. മേയ് 11 ന് എടുത്ത തീരുമാനത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നതായും ധവാൻ വ്യക്‌തമാക്കി.
എന്നാൽ ഇത് ഇവരുടെ മാത്രം തീരുമാനമായിരുന്നില്ല. ടീം ഒറ്റക്കെട്ടായിത്തന്നെയാണ് തീരുമാനമെടുത്തതെന്ന് വ്യക്തം. ഇന്ത്യൻ ടീമിലുള്ള രണ്ട് പേർ നിലവിൽ എംപിമാർ കൂടിയാണ്. ഹർഭജൻ സിങ് ആം ആദ്‌മി പാർട്ടിയെ പ്രതിനിധീകരിച്ച് രാജ്യസഭയിലിരിക്കുമ്പോൾ യൂസഫ് പത്താൻ ബംഗാളിൽനിന്നുള്ള തൃണമൂൽ കോൺഗ്രസ് എംപിയാണ്. ഇരുവരും ഈ തീരുമാനത്തിനൊപ്പം നിന്നു എന്നാണ് മാധ്യമവാർത്തകളിൽ നിന്നും മനസ്സിലാകുന്നത്.
വൈകാതെ ഈ വിഷയത്തിൽ പ്രതികരണവുമായി സംഘാടകർ തന്നെയെത്തി. ആരാധകർക്ക് സന്തോഷം നൽകാനായി ക്രിക്കറ്റ് നടത്തുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു അവരുടെ വിശദീകരണം. പാകിസ്‌താൻ ഹോക്കി ടീം ഈ വർഷം ഇന്ത്യ സന്ദർശിക്കുമെന്നും വോളിബോളിൽ അടുത്തിടെ ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടുന്നതും കണ്ടാണ് തങ്ങളും ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് അവരുടെ വിശേഷണം.
എങ്കിലും ഇന്ത്യൻ ലെജൻഡ്സിൻ്റെ താൽപര്യമില്ലായ്‌മ പരിഗണിച്ച് മത്സരം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ സംഘാടകർ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നതായും അറിയിച്ചു.
പാകിസ്താൻ ടീമിലുള്ള ഷാഹിദ് അഫ്രീദി പലകുറി ഇന്ത്യാ വിരുദ്ധ പരാമർശങ്ങൾ നടത്തി വാർത്തകളിൽ നിറഞ്ഞിരുന്നു. പെഗൽഗാം ഭീകരാക്രമണത്തെ ന്യായീകരിക്കുന്ന വിധമുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യയുടെ തീരുമാനം.
ഗായകനായ ഹർഷിത് ടോമറും അജയ് ദേവ്ഗണും ചേർന്നാണ് ലെജൻഡ്‌സ് ക്രിക്കറ്റുകൾ സംഘടിപ്പിക്കുന്നത്. ഇന്ത്യക്കും പാകിസ്‌താനും പുറമേ വിൻഡീസ്, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളും പങ്കെടുക്കുന്നു. എബി ഡിവില്ലിയേഴ്‌സ്, ഹാഷിം അംല, ക്രിസ് ഗെയിൽ, കീരൺ പൊള്ളാർഡ്, ചന്ദർപോൾ ബ്രറ്റ് ലീ, ഷോൺ മാർഷ്, ഇയാൻ മോർഗൻ, അലിസ്റ്റർ കുക്ക് അടക്കമുള്ള പല പ്രമുഖ താരങ്ങളും ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.
എന്തായാലും ടൂർണമെൻ്റിലെ പ്രധാന ആകർഷണമായിരുന്ന ഇന്ത്യ പാകിസ്‌താൻ മത്സരം ഉപേക്ഷിച്ചത് സംഘാടർക്ക് കനത്ത നഷ്ടമുണ്ടായിരിക്കുമെന്ന് ഉറപ്പാണ്. ഇന്നലെ നടത്ത വിൻഡീസ് ദക്ഷിണാഫ്രിക്ക മത്സരം ടൈ ആകുകയും ബൗൾഔട്ടിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. ഒടുവിൽ ബോൾഔട്ടിൽ ദക്ഷിണാഫ്രിക്ക വിജയിച്ചുകയറി