സാന്റാൻഡർ– സ്പെയിനിലെ എസ്റ്റാഡിയോ എൽ സാർഡിനെറോ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ റേസിംഗ് സാന്റാൻഡറിനെ തകർത്ത് ബാർസലോണ കോപ്പ ഡെൽ റേയുടെ അവസാന എട്ടിലേക്ക് പ്രവേശിച്ചു. കരുത്തരായ ബാർസലോണ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സെക്കന്റ് ഡിവിഷൻ ക്ലബ്ബായ റേസിംഗ് സാന്റാൻഡറിനെ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ ഫെറാൻ ടോറസ്, ലാമിൻ യമാൽ എന്നിവർ നേടിയ ഗോളുകളാണ് കറ്റാലൻമാർക്ക് വിജയം സമ്മാനിച്ചത്. ഇതോടെ നിലവിലെ ചാമ്പ്യന്മാർ എല്ലാ ടൂർണമെന്റുകളിലായി തുടർച്ചയായ പതിനൊന്നാം ജയമാണ് സ്വന്തമാക്കിയത്. അവസാനമായി പരാജയപ്പെട്ടത് നവംബർ 26ന് ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ക്ലബ്ബായ ചെൽസിക്കെതിരെയാണ്.
ആദ്യ പകുതിയിൽ മികച്ച പ്രതിരോധം കെട്ടിപ്പടുത്ത സാന്റാൻഡർ ബാർസലോണ യെ ഗോളടിക്കാൻ അനുവദിക്കാതെ തളച്ചിട്ടു. രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയ ബാഴ്സലോണ 66-ാം മിനിറ്റിലാണ് ആദ്യ ഗോൾ കണ്ടെത്തിയത്. പകരക്കാരനായി ഇറങ്ങിയ ഫെർമിൻ ലോപ്പസ് നീട്ടി നൽകിയ പാസ്സ് ഗോളിയെ കബളിപ്പിച്ച് ടോറസ് ലക്ഷ്യം കണ്ടതോടെ സന്ദർശകർ മുന്നിലെത്തി. ഗോൾ വഴങ്ങിയതോടെ സമനിലയ്ക്കായി സാന്റാൻഡർ കിണഞ്ഞു ശ്രമിച്ചു. ഇതിന്റെ ഫലമായി രണ്ടു തവണ ബാർസ വല കുലുങ്ങിയെങ്കിലും റഫറിയുടെ ഓഫ് സൈഡ് ഫ്ലാഗ് ഉയർന്നിരുന്നു. മാത്രമല്ല ഇഞ്ചുറി സമയത്ത് ഗോൾ എന്നുറച്ച ഷോട്ട് ഗോൾ കീപ്പർ ജോവാൻ ഗാർഷ്യ സേവ് ചെയ്തതും ആതിഥേയർക്ക് തിരിച്ചടിയായി. അവസാന വിസിൽ വിളിക്കുന്നതിന് തൊട്ടുമുമ്പ് സൂപ്പർ താരം റാഫിൻഹ നൽകിയ പന്ത് അനായാസം യമാൽ വലയിൽ എത്തിച്ചതോടെ ബാർസ വിജയം ഉറപ്പിച്ചു.
അവസാന ഏഴു മത്സരങ്ങളിൽ ആറു മത്സരങ്ങളിലും ക്ലീൻ ഷീറ്റുമായി ബാർസ കീപ്പർ ജോവാൻ മികച്ച ഫോമിലാണ്. അവസാന 700 മിനുറ്റുകളിലായി ആകെ വഴങ്ങിയത് റയൽ മാഡ്രിഡിന് എതിരെയുള്ള രണ്ടു ഗോളുകൾ മാത്രമാണ്.



