മുല്ലൻപൂർ: തന്റെ പ്രതാപ കാലത്തെ ഓർമിപ്പിച്ച് മഹേന്ദ്ര സിങ് ധോണി അവസാന ഘട്ടത്തിൽ ആഞ്ഞടിച്ചെങ്കിലും ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വീണ്ടും തോൽവി. പഞ്ചാബ് കിങ്‌സിനോട് അവരുടെ തട്ടകത്തിൽ 18 റൺസിനാണ് മഞ്ഞപ്പട കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് പ്രിയാൻഷ് ആര്യയുടെ തകർപ്പൻ സെഞ്ച്വറി മികവിൽ 219 റൺെസെടുത്തപ്പോൾ ചെന്നൈയുടെ മറുപടി അഞ്ചു വിക്കറ്റിന് 201 റൺസിൽ അവസാനിച്ചു. 42 പന്തിൽ ഒൻപത് സിക്‌സറും ഏഴ് ബൗണ്ടറിയുമടക്കം 103 റൺസ് നേടിയ പ്രിയാൻഷ് ആണ് കളിയിലെ താരം.
ഒരറ്റത്ത് വിക്കറ്റുകൾ മുറയ്ക്ക് കൊഴിയുമ്പോഴും അതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന മട്ടിൽ പഞ്ചാബ് ഇന്നിങ്‌സിനെ മുന്നോട്ടു നയിച്ച പ്രിയാൻഷും ഏഴാം വിക്കറ്റിൽ 162 റൺസിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കിയ ശശാങ്ക് സിങ് (36 പന്തിൽ 52), മാർക്കൻ യാൻസൻ (19 പന്തിൽ 34) എന്നിവരുമാണ് പഞ്ചാബിന് മികച്ച സ്‌കോർ സമ്മാനിച്ചത്. പ്രഭ്‌സിമ്രൻ സിങ് (0), ശ്രേയസ് അയ്യർ (9), മാർക്കസ് സ്റ്റോയ്‌നിസ് (4), നെഹാൽ വധേര (9), ഗ്ലെൻ മാക്‌സ്‌വെൽ (1) എന്നിവർക്കൊന്നും ചുവടുറപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രിയാൻഷിന്റെ ഒറ്റയാൾ പോരാട്ടം പഞ്ചാബിന് രക്ഷയായി.

ടീം സ്‌കോർ 154-ൽ നിൽക്കെ ആറാം വിക്കറ്റായി പ്രിയാൻഷ് മടങ്ങിയപ്പോൾ ചെന്നൈയുടെ പ്രതീക്ഷകൾ വർധിച്ചെങ്കിലും ശശാങ്കും യാൻസനും ചേർന്ന് കളി ആതിഥേയരുടെ വരുതിയിലാക്കി. ഖലീൽ അഹമ്മദ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ രണ്ടുവീതവും മുകേഷ് ചൗധരി, നൂർ അഹമ്മദ് എന്നിവർ ഓരോന്നു വീതവും വിക്കറ്റെടുത്തു.
കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ ചെന്നൈയ്ക്ക് രചിൻ രവീന്ദ്രയും (36), ഡെവോൺ കോൺവേയും (69) ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും സിക്‌സറുകളുടെ അഭാവം ഇന്നിങ്‌സിനെ കാര്യമായി ബാധിച്ചു. 23 പന്തിൽ 36 റൺസെടുത്ത രചിൻ രവീന്ദ്ര പുറത്തായ ശേഷം ക്യാപ്ടൻ ഋതുരാജ് ഗെയ്ക്ക്‌വാദ് പെട്ടെന്നു മടങ്ങിയെങ്കിലും കോൺവേയും ശിവം ദുബെയും (42) ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയി. 27 പന്തിൽ 42 റൺസുമായി ദുബെ പുറത്തായ ശേഷമിറങ്ങിയ ധോണി മൂന്ന് സിക്‌റും ഒരു ബൗണ്ടറിയുമടക്കം 12 പന്തിൽ നിന്ന് 27 റൺസ് നേടിയെങ്കിലും കളി ഫിനിഷ് ചെയ്യാൻ കഴിഞ്ഞില്ല. റിട്ടയർഡ് ഹർട്ട് ആയി മടങ്ങിയ കോൺവേക്കു പകരമെത്തി രവീന്ദ്ര ജഡേജയ്ക്കും (9) അന്തിമ ഓവറുകളിൽ കാലിടറി. രണ്ടുവിക്കറ്റെടുത്ത ലോക്കി ഫെർഗുസനും ഓരോരുത്തരെ വീതം പറത്താക്കിയ യാഷ് താക്കൂർ, ഗ്ലെൻ മാക്‌സ്വെൽ എന്നിവരുമാണ് പഞ്ചാബ് ബൗളിങ്ങിൽ തിളങ്ങിയത്.
വിജയത്തോടെ ടൂർണമെന്റ് തുടങ്ങിയ ചെന്നൈയുടെ തുടർച്ചയായ നാലാം പരാജയമായിരുന്നു മുല്ലൻപൂരിലേത്. നാല് കളിയിൽ നിന്ന് മൂന്നാം ജയത്തോടെ പഞ്ചാബ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്കു മുന്നേറി.