ഹിസോർ– താജികിസ്ഥാനിൽ നടക്കുന്ന കാഫാ നേഷൻസ് കപ്പിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് തോൽവി. പുതിയ പരിശീലകൻ ഖാലിദ് ജമീലിന്റെ നേതൃത്വത്തിൽ ലോക റാങ്കിംഗിൽ 20-ാം സ്ഥാനത്തുള്ള ഇറാനോട് 3-0ന് പരാജയപ്പെടുകയായിരുന്നു. ഹിസോർ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, 133-ാം റാങ്കിലുള്ള ഇന്ത്യ ആദ്യ പകുതിയിൽ ശക്തമായ പ്രതിരോധം തീർത്തെങ്കിലും, രണ്ടാം പകുതിയിൽ ഇറാന്റെ ആക്രമണ ശക്തിക്ക് മുന്നിൽ കീഴടങ്ങേണ്ടി വന്നു.
ഇന്ത്യ ആദ്യ പകുതിയിൽ ഇറാന്റെ ആക്രമണങ്ങളെ വിജയകരമായി തടഞ്ഞു. ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്റെ മികച്ച പ്രകടനവും സന്ദേശ് ജിംഗന്റെയും അൻവർ അലിയുടെയും പ്രതിരോധവും ഇന്ത്യക്ക് തുണയായി. എന്നാൽ, 60-ാം മിനിറ്റിൽ അമിർഹൊസൈൻ ഗോൾ നേടിയതോടെ ഇറാൻ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. പിന്നീട്, മെഹ്ദി തരേമിയും അലി അലിപൂർഘരയും ഗോളുകൾ നേടി, ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിപ്പിച്ചു.
താജിക്കിസ്ഥാനെതിരെ 2-1ന് ജയിച്ച തന്ത്രം ഇറാനെതിരെ ആദ്യ പകുതിയിൽ ഫലം കണ്ടെങ്കിലും, രണ്ടാം പകുതിയിൽ ഇന്ത്യൻ പ്രതിരോധം തകർന്നു. ജീക്സൺ സിംഗ്, ചിംഗ്ലെൻസന സിംഗ്, ലാലിയൻസുവാല ചാങ്‌തെ എന്നിവരെ പകരക്കാരായി ഇറക്കിയെങ്കിലും, ഇന്ത്യക്ക് ഗോൾ നേടാനായില്ല.