ന്യൂഡൽഹി– ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്‌പീഡ് സ്‌റ്റാറായ ജസ്പ്രീത് ബുംറ, ഏഷ്യാ കപ്പ് 2025-ൽ നിന്ന് വിട്ടുനിൽക്കാൻ സാധ്യത. ടീമിന്റെ വർക്ക് ലോഡ് മാനേജ്മെന്റ് നയത്തിന്റെ ഭാഗമായാണ് ഈ നിർദേശമെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ബുംറയുടെ ദീർഘകാല ഫിറ്റ്നസ് നിലനിർത്താനും വരാനിരിക്കുന്ന പ്രധാനമായ പരമ്പരകളിലേക്ക് താരത്തെ സജ്ജമാക്കാനും വേണ്ടിയാണ് വിശ്രമം അനുവദിക്കുന്നതെന്നാണ് റിപ്പോർട്ട്.
നിലവിലെ പദ്ധതിപ്രകാരം, ഓക്‌ടോബറിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ബുംറ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ഫിറ്റ്നസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മുമ്പും ബുംറയെ വേട്ടയാടിയിരുന്നു. എന്നിരുന്നാലും, നിർണായക ഘട്ടങ്ങളിലൊക്കെ ടീമിന് രക്ഷയായി ബുംറ എത്താറുണ്ട്.
തുടർച്ചയായ മത്സരങ്ങൾ നടക്കുന്ന ഏഷ്യാ കപ്പ് പോലൊരു ടൂർണമെൻ്റിൽ നിന്ന് വിട്ടുനിൽക്കുന്നത്, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, വെസ്റ്റ് ഇൻഡീസ് തുടങ്ങിയ ശക്തരായ ടീമുകൾക്കെതിരായ പരമ്പരകളിൽ ശക്തമായ പ്രകടനം കാഴ്ചവെക്കാൻ താരത്തിന് കൂടുതൽ സഹായകരമാകുമെന്നാണ് ടീമിന്റെ വിലയിരുത്തൽ.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മൂന്ന് മത്സരങ്ങൾ മാത്രമാണ് ബുംറ കളിച്ചത്, അവശേഷിക്കുന്ന മത്സരങ്ങളിൽ പരിക്ക് മൂലം ഒഴിവായിരുന്നു. ഈ സാഹചര്യത്തിലാണ് ടീമിന്റെ മാനേജ്‌മെന്റ്, താരത്തിനും ടീമിനും ദീർഘകാലമായി നേട്ടമുണ്ടാകുന്ന വിധത്തിൽ, ബുംറയെ വിശ്രമിക്കാൻ അനുവദിക്കുന്നത്.